Wednesday, 13 July 2011

കരുവാര വെള്ളച്ചാട്ടം.


മുക്കാളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് സൈലന്റ് വാലി കാട്ടിലേക്ക് കടന്ന്, മൂന്നര കിലോമീറ്ററോളം നടന്നാൽ കരുവാറ ആദിവാസി കോളനി കാണാം. അവിടന്ന് ഒന്നരകിലോമീറ്റർ കാട്ടുപാതയിലൂടെ, നല്ല ഒന്നാന്തരം അട്ടകടിയും കൊണ്ട് നടന്നുകയറിയാൽ കരുവാര വെള്ളച്ചാട്ടത്തിനടുത്തെത്താം. ചെന്ന് കയറുന്നത് വെള്ളച്ചാട്ടത്തിന്റെ ഉയരത്തിലുള്ള പ്രതലത്തിൽ തന്നെയാണ്. മുളങ്കാടുകൾക്കിടയിലൂടെ തെന്നിവീഴാതെ ശ്രദ്ധിച്ച് താഴോട്ട് ഇറങ്ങിയാൽ മുന്നിൽ ഗംഭീരശബ്ദത്തോടെ കരുവാര വെള്ളച്ചാട്ടം. പിന്നീടത് മെല്ലെ ഒഴുകി ഭവാനിപ്പുഴയായി മാറുന്നു.

അധികമാരും പോയി പ്ലാസ്റ്റിക്ക് ഇട്ടും പരസ്യങ്ങൾ പതിച്ചും വൃത്തികേടാക്കാത്ത ഒരു മനോഹരമായ ഇടം. മലീമസമാകാതെ അതങ്ങനെ തന്നെ കാലാകാലം നിലനിൽക്കുമാറാകട്ടെ. സന്ദർശകരെ നിയന്ത്രിക്കുന്നത് പലപ്പോഴും ആശ്വാസകരമായ ഒരു നടപടി തന്നെയാണ്.

Tuesday, 17 May 2011

തീവണ്ടിയാപ്പീസ്



പേരഡേനിയ തീവണ്ടിയാപ്പീസ്. 1867 ൽ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ ആരുണ്ടാക്കിയത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?

ശ്രീലങ്കയിലെ കാൻഡി - കൊളംബോ റെയിൽ റൂട്ടിൽ നിന്ന് ഒരു കാണാക്കാഴ്ച്ച.

Thursday, 5 May 2011

ബുദ്ധം ശരണം.

ശ്രീലങ്കയിലെ സീമ മലൈക ബുദ്ധക്ഷേത്രത്തിലെ ആൽ‌മരച്ചോട്ടിൽ നിന്ന് ഒരു ബുദ്ധപ്രതിമ. ശ്രീലങ്കയിൽ 74 ശതമാനത്തോളം ബുദ്ധിസ്റ്റുകൾ ആയതുകൊണ്ട് റെയിൽ‌വേ സ്റ്റേഷൻ, പാർക്ക്, എയർപ്പോർട്ട്, എന്നിങ്ങനെ എവിടെച്ചെന്നാലും ഒരു ബുദ്ധപ്രതിമ കാണാൻ ഒരു ബുദ്ധിമുട്ടുമില്ല.  കൂടുതൽ ബുദ്ധ ചിത്രങ്ങൾ കാണാൻ ഇതു വഴി പോകൂ.

Wednesday, 4 May 2011

ആനക്കൂട്ടം


ൻപതോളം ആനകൾ നദിയിലും നദിക്കരയിലുമായി കളിച്ചുമദിച്ച് ഉല്ലസിക്കുന്നു. നീളമുള്ളൊരു വടിയുമായി രണ്ട് പാപ്പാന്മാർ മാത്രമാണ് അത്രയും ആനകളെ നിയന്ത്രിക്കുന്നത്.  ആനകൾക്ക് അടുത്തേക്ക് ചെന്നോളാൻ പാപ്പാന്മാർ ആഗ്യം കാണിച്ചു. ക്യാമറയുമായി ഞാനവർക്കടുത്തേക്ക് ചെന്നു, മതിയാവോളം പടങ്ങളെടുത്തു, അതിലൊരുത്തന്നെ തൊട്ടുതലോടി. തിന്നാൽ പറ്റിയത് വല്ലതും എന്റെ കൈയ്യിൽ ഉണ്ടോ എന്ന്, തുമ്പി വെച്ച് അവൻ എന്നെയാകെ പരതി നോക്കി.

മറ്റെല്ലാ മലയാളികളേയും പോലെ, നിറയെ ആനകളെക്കണ്ടും ആനക്കഥകൾ കേട്ടുമൊക്കെത്തന്നെ വളർന്ന ഒരാളാണ് ഞാനും. പക്ഷെ അൻപതോളം വരുന്ന ആനക്കൂട്ടത്തെ, അതും കാലിൽ ചങ്ങലയില്ലാത്ത ആനകളെ, കൈയ്യെത്തും ദൂരത്തിൽ തൊട്ടുതന്നെ കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്ന്.

ശ്രീലങ്കയിലെ പിന്നവള (Pinnawala) എന്ന സ്ഥലത്തെ എലിഫന്റ് ഓർഫനേജിൽ(Elephant Orphanage) നിന്ന് ഒരു കാണാക്കാഴ്ച്ച.

Tuesday, 8 March 2011

കടവിൽ തിരക്ക് കൂടി, കാട് മരിച്ചു.



യനാട്ടിലെ കുറുവ ദ്വീപിലേക്കുള്ള പ്രധാന കടവിന്റെ ഒരു ദൃശ്യം.

ഒരു കാടിന്റെ ഏകാന്തത സമ്മാനിച്ചിരുന്ന, അരുവിയുടെ കളകള ശബ്ദം കേട്ടിരിക്കാൻ അവസരമുണ്ടാക്കിയിരുന്ന കുറുവയിലേക്ക് ഇപ്പോൾ പോകാൻ തന്നെ തോന്നില്ല. ഒന്നൊന്നര മണിക്കൂർ തിക്കിത്തിരക്കി നിന്നാലാണ് അങ്ങോട്ടും ഇങ്ങോട്ടും കടത്ത് കടക്കാനാവുന്നത്. 125ല്‍പ്പരം പക്ഷികൾ ഉണ്ടായിരുന്ന ദ്വീപിൽ ഇപ്പോൾ കുരങ്ങുകൾ അല്ലാതെ മറ്റൊരു ജീവിയും ഇല്ല. ഒരു കാടിന്റെ അന്ത്യം എന്ന് ഒറ്റവാക്കിൽ പറയാം. എന്നാലെന്താ പെട്ടി നിറയെ പണം വീഴുന്നില്ലേ ? പണമല്ലേ നമുക്കാവശ്യം. പണത്തിന് മേലെ പരുന്തുപോലും പറക്കില്ലല്ലോ ? പിന്നല്ലേ 125 ഇനം പക്ഷികൾ.

Sunday, 13 February 2011

കലാകാരൻ

പ്രകൃതിയേക്കാളും വലിയ കലാകാരൻ ആരെങ്കിലുമുണ്ടോ ?
വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നൊരു ചിത്രം ആ മഹാനായ കലാകാരന്റെ വക ഇതാ....



കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും ചെറുതായി നനഞ്ഞിരിക്കുന്നതുമായ പാറയാണ്. ദൂരെ നിന്ന് നോക്കിയാൽ ഫോസിലുകൾ ആണെന്ന് തോന്നിപ്പോകും.

Sunday, 17 October 2010

ടിപ്പുവിന്റെ ശവകുടീരം



ശ്രീരംഗപട്ടണത്ത് ചെന്നാല്‍ പ്രധാന കാഴ്ച്ചകളെല്ലാം ടിപ്പു സുല്‍ത്താനെ ചുറ്റിപ്പറ്റിത്തന്നെയാണ്.
ടിപ്പു കൊല്ലപ്പെട്ട ഇടം, ടിപ്പുവിന്റെ സമ്മര്‍ പാലസ്, ടിപ്പുവിന്റെ വാട്ടര്‍ ജെയില്‍, ടിപ്പുവിന്റെ ശവകുടീരം അങ്ങനെ നീളുന്നു കാഴ്ച്ചകള്‍. ശവകുടീരത്തിനകത്ത് സായിപ്പിന്റെ ഉറക്കം കെടുത്തിയ ടിപ്പുവിനൊപ്പം  പിതാവ് ഹൈദരാലിയും മാതാവ് ഫക്രുനിസ്സയും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.

Friday, 10 September 2010

എന്റെ കേരളം എത്ര സുന്ദരം!!



മുന്നില്‍ ജലസംഭരണി. പിന്നില്‍ കന്യാവനങ്ങള്‍. എല്ലാറ്റിനും മുകളില്‍ കാറ്റിന്റെ തേരിലേറി വന്ന് മലകളില്‍ മുട്ടിയുരുമ്മി പെയ്യാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന മേഘങ്ങള്‍. മഴയായി അവ പെയ്തിറങ്ങുമ്പോള്‍ മലകളിലൊക്കെ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ. കുറേ നേരം ഇതൊക്കെയങ്ങനെ നോക്കി നില്‍ക്കുമ്പോള്‍, ശരിക്കുള്ള ഉത്തരം ഇപ്പോഴും കിട്ടാത്ത ആ ചോദ്യം വീണ്ടും മനസ്സില്‍ പൊന്തിവരും. കേരളത്തിന് ആരാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന അര്‍ത്ഥവത്തായ ആ പേരിട്ടത് ?

പറമ്പികുളം-ആലിയാര്‍ ജലസംഭരണിയ്‌ക്ക് മുന്നില്‍ നിന്നൊരു ദൃശ്യം.

Monday, 23 August 2010

ലാമമാര്‍



കുടകില്‍ പോകാന്‍ അവസരം കിട്ടിയാല്‍ കുശാല്‍ നഗര്‍ കൂടെ സന്ദര്‍ശിക്കാതെ മടങ്ങിയാല്‍ അതൊരു തീരാനഷ്ടം തന്നെയാണ്. കുശാല്‍ നഗറിലെ ടിബറ്റ് കോളനി തന്നെയാണ് അതിന്റെ പ്രധാന കാരണം. കുറച്ച് നേരം കുശാല്‍ നഗര്‍ വഴിയൊക്കെ കറങ്ങി നടന്നാല്‍ ടിബറ്റില്‍ എവിടെയോ ആണ് ചെന്ന് പെട്ടിരിക്കുന്നതെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകും. അത്രയ്ക്കധികം റ്റിബറ്റുകാരും ലാമമാരുമാണ് കുശാല്‍ നഗറിലെ കോളനികളില്‍ ജീവിക്കുന്നത്.

കുശാല്‍ നഗരിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ ഇത് ആറാമത്തെ പ്രാവശ്യമാണ് ഞാന്‍ പോകുന്നതെങ്കിലും, ഇത്രയധികം ലാമമാരെ ഒരുമിച്ച് കാണാനായത് ഇപ്പോള്‍ മാത്രമാണ്. കാണാക്കാഴ്ച്ചകളുടെ കൂട്ടത്തിലേക്കിതാ കുശാല്‍ നഗറിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ നിന്ന് ഒരു ദൃശ്യം.

Tuesday, 13 July 2010

അഗ്വാഡാ ഫോര്‍ട്ട്



1612ല്‍ ആണ് വടക്കന്‍ ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ അഗ്വാഡാ (Aguada) ഫോര്‍ട്ട് നിര്‍മ്മിക്കുന്നത്. അഗ്വാഡാ (Aguada) എന്നാല്‍ Watering Place എന്നാണ് പോര്‍ച്ചുഗീസ് ഭാഷയിലെ അര്‍ത്ഥം.

കോട്ടയ്ക്കകത്തുകൂടെ ഒഴുകുന്ന ഒരു ശുദ്ധജല ഉറവ് കോട്ടയില്‍ത്തന്നെ ശേഖരിക്കപ്പെടുകയും ഈ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്. 23,76,000 ഗാലന്‍ വെള്ളം ശേഖരിക്കാന്‍ കോട്ടയ്ക്കുള്ളിലെ ടാങ്കിന് ശേഷിയുണ്ട്. ജലശേഖരണവും വിതരണവും നടത്തുന്ന മറ്റൊരു കോട്ട ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അഗ്വാഡാ ഫോര്‍ട്ട് എനിക്കൊരു കാണാക്കാഴ്ച്ച തന്നെയായിരുന്നു.

Sunday, 13 June 2010

ബാംബൂ റാഫ്റ്റിങ്ങ്



റമ്പികുളം ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ബാംബൂ റാഫ്റ്റിങ്ങിന് തയ്യാറെടുക്കുന്ന ഫോറസ്റ്റ് ഗാര്‍ഡും തുഴക്കാരും. നാല് തുഴക്കാരെങ്കിലും വേണം ഒരു റാഫ്റ്റിനെ മുന്നോട്ട് നീക്കാന്‍. മുളകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ബാംബൂ റാഫ്റ്റില്‍ കയറി യാത്ര ചെയ്യാന്‍, കോരിച്ചൊരിയുന്ന മഴയത്ത് ആരും വരില്ലെന്ന് കരുതുന്നവര്‍ക്ക് തെറ്റി.

പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇത്തരം യാത്രകള്‍. പറമ്പികുളത്ത് ഇതുപോലുള്ള നിരവധി വിസ്‌മയങ്ങള്‍ സഞ്ചാരികളേയും കാത്തിരിക്കുന്നുണ്ട്. കണ്ടില്ലെന്ന് എത്രനാള്‍ നടിക്കാനാവും യാത്രികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ?

Friday, 4 June 2010

പ്ലാറ്റ് ഫോം



ടുക്കടലില്‍ എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ് ഫോം ആണ് ചിത്രത്തില്‍. ഞങ്ങള്‍ എണ്ണപ്പാടത്തൊഴിലാളികള്‍ ഇതിനെ ജാക്കറ്റ് എന്നും വിളിക്കാറുണ്ട്.

പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യഭാഗത്തായി (ഇടത്തുനിന്നും വലത്തുനിന്നും മൂന്നാമത് ) കാണുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള പൈപ്പാണ് എണ്ണക്കിണര്‍‍. കൃത്യമായി പറഞ്ഞാല്‍ അത് എണ്ണക്കിണറിന്റെ ഒരു കവചം മാത്രമാണ്. കേസിങ്ങ് എന്ന് ഞങ്ങളതിനെ പറയും. അതിനുള്ളിലായിരിക്കും ട്യൂബിങ്ങ് എന്ന സാക്ഷാല്‍ എണ്ണക്കിണര്‍.

നാടന്‍ കുഴല്‍ക്കിണറുകളെപ്പോലെ തന്നെയുള്ള ഒരു എണ്ണക്കിണറിന്റെ ട്യൂബിങ്ങിലൂടെയോ കേസിങ്ങിലൂടെയോ മനുഷ്യജീവികള്‍ക്ക് കടന്നുപോകാനൊന്നും പറ്റില്ല. ഇനി അഥവാ പോകാന്‍ സാധിച്ചാലും ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം ആഴത്തിലേക്ക് നീളുന്ന എണ്ണക്കിണറിലെ അതിസമ്മര്‍ദ്ദവും ഉഗ്രതാപവും താങ്ങാന്‍ ആര്‍ക്കുമാവില്ല.

ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ എണ്ണപ്പാടത്തുള്ളവര്‍ സ്ഥിരം കേള്‍ക്കാറുള്ള ഒരു ചോദ്യമുണ്ട്.

“നിങ്ങള്‍ ഈ എണ്ണക്കിണറിലേക്കൊക്കെ ഇറങ്ങിച്ചെല്ലാറുണ്ടോ ? “

ഞങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാനാകില്ലെങ്കിലും ഈ ജാക്കറ്റിലിരുന്ന്, പല മെക്കാനിക്കല്‍ ഉപകരണങ്ങളും ഇലക്‍ട്രോണിക്‍സ് ഉപകരണങ്ങളും ഞങ്ങള്‍ താഴേക്ക് കൊണ്ടുപോകുകയും തിരിച്ചെടുക്കയും ചെയ്യാറുണ്ട്. അത്തരം ഒരു ജോലിക്കിടയില്‍ ഷാര്‍ജയിലെ ഒരു ഓഫ്‌ഷോര്‍ എണ്ണപ്പാടത്തുനിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചിത്രമെടുത്തിരിക്കുന്നത്, ജാക്കറ്റിലേക്കെത്താന്‍ ഞങ്ങള്‍ പലപ്പോഴും ആശ്രയിക്കുന്ന ബോട്ടുകളില്‍ ഒന്നില്‍ നിന്നാണ്.

എണ്ണപ്പാടത്ത് മിക്കവാറുമിടങ്ങളില്‍ ക്യാമറ നിഷിദ്ധമാണ്. ഈ ഒരു എണ്ണപ്പാടത്ത് (ഏതാണെന്ന് പറയില്ല) ക്യാമറ അനുവദിക്കുമെന്നുള്ളതുകൊണ്ടുതന്നെ ഇവിടെച്ചെന്നാല്‍ പടം പിടുത്തം ഞങ്ങളൊരു ആഘോഷമാക്കാറുണ്ട്. അത്തരം ചില ചിത്രങ്ങള്‍ ദാ ഇവിടെയും ഇവിടെയും ഇവിടെയുമുണ്ട്.

ഇന്ത്യക്കാര്‍ കാറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതുകൊണ്ടാണ് ഓയല്‍ വില വര്‍ദ്ധിച്ചതെന്ന് പ്രസ്ഥാവനയിറക്കിയ ബരാക്ക് ഒബായ്ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു.

Friday, 14 May 2010

ഓം ബീച്ച്



ര്‍ണ്ണാടകയിലെ ഗോകര്‍ണ്ണത്തിനടുത്തുള്ള ‘ഓം‘ ബീച്ച്.

ബീച്ചിന്റെ നടുവിലെ ഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നതുകൊണ്ട് ‘ഓം‘ അഥവാ ‘ഉ‘ എന്ന ഹിന്ദി അക്ഷരം പോലെയാണ് ബീച്ചിന്റെ ആകൃതി. പേര്‍ വീഴാന്‍ അതില്‍ക്കൂടുതലെന്ത് കാരണം വേണം?

ഓം ബീച്ചിന്റെ കുറേക്കൂടെ നല്ല ഒരു ചിത്രം കാണാന്‍ ഇതു വഴി പോകൂ.

Friday, 19 March 2010

കാവ് തീണ്ടല്‍



മ്പുരാന്‍ കിഴക്കേത്തറയിലേക്ക് നടന്ന് കയറി ചെമ്പട്ടുവിരിച്ച ഇരിപ്പിടത്തിനടുത്തേക്കെത്താന്‍ വേണ്ടി കാവിനകത്തെ ആല്‍ത്തറകളില്‍ ഓരോന്നിലും കോമരങ്ങള്‍ കൂട്ടം കൂട്ടമായി കാത്തുനിന്നു. തമ്പുരാന്റെ ആല്‍ത്തറയില്‍ ചുവന്ന കുട നിവര്‍ന്നതോടെ തടിച്ചുകൂടിനിന്ന ഭക്തജനങ്ങളേയും കാണികളേയും തട്ടിത്തെറിപ്പിച്ച് കോമരക്കൂട്ടങ്ങള്‍ ക്ഷേത്രത്തിനടുത്തേക്ക് ഓടിയടുത്തു. ക്ഷേത്രമേല്‍‌ക്കൂരയിലും പരിസരങ്ങളിലുമൊക്കെ വാളുകള്‍ കൊണ്ട് വെട്ടിയും വടികള്‍ കൊണ്ട് അടിച്ചും ഉറഞ്ഞുതുള്ളി. ചിലമ്പുകളുടെ ശബ്ദവും പൊടിപടലങ്ങളും ക്ഷേത്രപരിസരമാകെ ഒരുപോലെ ഉയര്‍ന്നുപൊങ്ങി.

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നടന്ന അശ്വതി കാവ് തീണ്ടല്‍ ചടങ്ങില്‍ നിന്നൊരു ദൃശ്യം.

Wednesday, 13 January 2010

മഹേശ്വരന്‍


ലോകത്തിലെ ഏറ്റവും ഉയരമുള്ള മഹേശ്വരപ്രതിമ. 123 അടി കിളരമുള്ള ഈ പ്രതിമയുണ്ടാക്കാന്‍ ചിലവായത് 5 കോടി രൂപയും 2 വര്‍ഷവുമാണ്.

കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലെ തീരദേശഗ്രാമമായ മുരുദ്വേശ്വറില്‍ നിന്നൊരു ദൃശ്യം.

Sunday, 10 January 2010

സണ്‍ ബാത്ത്



ണ്‍ബാത്ത് ഈ സായിപ്പിന്റേം മദാമ്മേന്റേം കുത്തകയൊന്നുമല്ലല്ലോ ?
എണ്ണതേക്കാതെ കിടന്നാലും ഉണങ്ങാന്‍ പറ്റ്വോന്ന് ഞങ്ങളൊന്ന് നോക്കട്ടെ.

നോര്‍ത്ത് ഗോവയിലെ ബീച്ചുകളൊന്നില്‍ നിന്നൊരു കാഴ്ച്ച.

Saturday, 9 January 2010

1000 തൂണുകള്‍


കത്തും പുറത്തുമായി ഒന്നിനൊന്ന് വ്യത്യസ്തമായ 1000 കരിങ്കല്‍ത്തൂണുകളും, 2.5 മീറ്റര്‍ ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ചന്ദ്രനാഥസ്വാമിയുടെ പ്രതിഷ്ഠയുമൊക്കെ A.D 1462 ല്‍ പണിതീര്‍ത്ത ഈ ക്ഷേത്രത്തിന്റെ ചില പ്രത്യേകതകള്‍ മാത്രമാണ്‍.

കര്‍ണ്ണാടകത്തിലെ ബേദ്ര, മൂഡബിദ്രി , മൂഡുവേണുപുര എന്നൊക്കെ അറിയപ്പെടുന്ന സ്ഥലത്തുള്ള ത്രിഭുവന തിലക ചൂഡാമണി ജൈനക്ഷേത്രത്തിന്റെ ഒരു ചിത്രം.

Friday, 8 January 2010

കണ്ണൂര്‍ കോട്ട


ണ്ണൂരിലെ മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിന് കാവലെന്നവണ്ണമാണ് കണ്ണൂര്‍ കോട്ടയുടെ നില്‍പ്പ്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്.

1505 ല്‍ കോട്ട ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണെങ്കിലും ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്.

1663ല്‍ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഡച്ചുകാര്‍ കോട്ട പിടിച്ചടക്കി. ഡച്ചുകാരുടെ കൈയ്യില്‍ നിന്നും 1772ല്‍ അറയ്ക്കല്‍ രാജവംശം കോട്ട വിലയ്ക്ക് വാങ്ങുകയായിരുന്നു. 1790 ല്‍ ബ്രിട്ടീഷുകാര്‍ അറയ്ക്കലിന്റെ കൈയ്യില്‍ നിന്നും കോട്ട പിടിച്ചടക്കി മലബാര്‍ തീരത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റി.

എത്ര പതാകകള്‍ കേറി ഇറങ്ങിയിട്ടുണ്ടാകും ആ കൊടിമരത്തില്‍ ? എത്രയെത്ര വെടിയുണ്ടകള്‍ തീതുപ്പി പാഞ്ഞിറങ്ങിയിട്ടുണ്ടാകും ആ പീരങ്കിയില്‍ നിന്ന് ? ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ എത്രയെത്ര കഥകള്‍ പറയാനുണ്ടാകും കോട്ടയിലെ ഓരോ മണ്‍‌തരികള്‍ക്കും ?

കണ്ണൂര്‍ കോട്ട, അഥവാ സെന്റ് ആഞ്ചലോസ് കോട്ടയില്‍ നിന്ന് ഒരു ദൃശ്യം.

Tuesday, 5 January 2010

5 ഇന്‍ 1


ടല്‍
കടല്‍ക്കര
കിടങ്ങ്
കോട്ട
ആകാശം

Monday, 4 January 2010

അനന്തപുര ക്ഷേത്രം


കാസര്‍ഗോട്ടെ ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരം കിഴക്കുദിശയിലേക്ക് യാത്ര ചെയ്താല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത അനന്തപുര ക്ഷേത്രത്തിലെത്താം. കേരളത്തിലെ ഏക തടാകക്ഷേത്രമാണിത്. കടുശര്‍ക്കര കൊണ്ട് പ്രതിഷ്ഠ നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ മൂന്നേ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്ന്. തിരുവനന്തപുരത്തെ അനന്തപത്മനാഭ പ്രതിഷ്ഠയുടെ മൂലസ്ഥാനമാണിത് എന്നതാണ് മറ്റൊരു പ്രാധാന്യം.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് കഥകളും ഐതിഹ്യങ്ങളുമൊക്കെ ഈ ക്ഷേത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. അമ്പലപ്രാവുകള്‍ കുറുകുന്ന ശബ്ദമൊഴിച്ചാല്‍ നിശബ്ദത തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായതുകൊണ്ടായിരിക്കണം, ചുരുക്കം ചില ദേവാലയങ്ങളില്‍ മാത്രം അനുഭവപ്പെടാറുള്ള ദൈവസാന്നിദ്ധ്യം അവിടെയുമുണ്ടെന്ന് എനിക്ക് തോന്നിയത്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP