Tuesday 11 November 2008

മങ്കി ജമ്പിങ്ങ്

ണ്ണപ്പാടത്തെ ഒരു അസാധാരണ കാഴ്ച്ചയാണിത്. ‘മങ്കി ജമ്പിങ്ങ് ‘ എന്നാണ് ഈ പരിപാടിയുടെ ഔദ്യോഗിക നാമം. ഇക്കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഒരു ഓഫ്‌ഷോര്‍ എണ്ണപ്പാടത്ത് പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. സാധാരണ എണ്ണപ്പാടങ്ങളില്‍ ക്യാമറ അനുവദിക്കാറില്ലെങ്കിലും ഇപ്പറഞ്ഞ സ്ഥലത്ത് ക്യാമറയ്ക്ക് വിലക്കൊന്നുമില്ല.


ചിത്രത്തില്‍ കാണുന്ന വ്യക്തി നില്‍ക്കുന്നത് ആഴക്കടലില്‍ എണ്ണക്കിണറുകളും താങ്ങിനില്‍ക്കുന്ന ഒരു പ്ലാറ്റ്‌ഫോമിലാണ്. ഞങ്ങളെപ്പോലുള്ളവര്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് ഹെലിക്കോപ്റ്ററിലാണ് പലപ്പോഴും ചെന്നെത്തുന്നത്.


ചുരുക്കം ചിലയിടങ്ങളില്‍ ഈ യാത്ര ബോട്ടിലൂടെയായിരിക്കും. അത്തരത്തില്‍ ഒരു ബോട്ടിലേക്ക് പ്ലാറ്റ്‌ഫോമിന്റെ ബോട്ട് ലാന്റിങ്ങ് എന്നുവിളിക്കുന്ന പടികളില്‍ നിന്ന് ചാടിക്കടക്കാനാണ് ഞങ്ങള്‍ മങ്കി ജമ്പിങ്ങ് നടത്തുന്നത്.


പ്ലാറ്റ്‌ഫോമിന്റെ മുകളില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന വടത്തില്‍ പിടിച്ച് ടാര്‍സനെപ്പോലെ ബോട്ടിലേക്ക് ചാടുന്ന സമയത്ത് കടലിലെ തിരകള്‍ ഉയരുന്നതിനും താഴുന്നതിനുമനുസരിച്ച് ബോട്ട് പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടിരിക്കും. ബോട്ട് പ്ലാറ്റ്ഫോമിന്റെ അതേ നിരപ്പില്‍ വരുന്ന സമയത്ത് വേണം കയറില്‍ത്തൂങ്ങി മങ്കി ജമ്പിങ്ങ് നടത്താന്‍.


പല കമ്പനികളിലും ഈ മങ്കി ജമ്പിങ്ങ് കരയില്‍ത്തന്നെ പരിശീലിപ്പിക്കുന്നത് പതിവാണ്.


നല്ലൊരു ക്രിക്കറ്റ് ബാറ്റ്‌സ്‌മാനെപ്പോലെ ടൈമിങ്ങാണ് ഈ ചാട്ടത്തില്‍ വളരെ പ്രധാനപ്പട്ട ഒരു കാര്യം. ടൈമിങ്ങ് തെറ്റിയാല്‍ ക്രിക്കറ്റ് താരത്തിന്റെ വിക്കറ്റ് തെറിക്കുകയോ ടീമിലെ ഇടം പോകുകയോ ചെയ്തേക്കാം. ഇവിടെ അങ്ങിനെ കളഞ്ഞുകുളിക്കാന്‍ അധികം വിക്കറ്റുകള്‍ ഞങ്ങള്‍ക്കില്ല. ‘ഇന്നിങ്ങ്‌സ് ‘ പൂട്ടിക്കെട്ടാതിരിക്കണമെങ്കില്‍ ടൈമിങ്ങ് തെറ്റാതെ ചാടിയേ പറ്റൂ.

27 comments:

പാമരന്‍ 11 November 2008 at 03:53  

മ്മടെ നിരച്ചരനു പിന്നെ 'മങ്കി' ജമ്പിംഗിനു പ്രത്യേകം കോച്ചിങ്ങൊന്നും വേണ്ടി വന്നില്ല.. മൊതലക്കുഞ്ഞിനെ ആരെങ്കിലും നീന്തലു പഠിപ്പിക്കണോ :)

സന്തോഷ്‌ കോറോത്ത് 11 November 2008 at 04:08  

"നിരച്ചരനു പിന്നെ 'മങ്കി' ജമ്പിംഗിനു പ്രത്യേകം കോച്ചിങ്ങൊന്നും വേണ്ടി വന്നില്ല"
:):) ... ഞാന്‍ പറയാന്‍ വന്നത് പാമരന്‍ പറഞ്ഞു കളഞ്ഞു ;)

വികടശിരോമണി 11 November 2008 at 06:20  

ജീവിക്കാനായി എന്തെല്ലാം സാഹസങ്ങൾ!
ആകെ ഒരു മരവിപ്പ്.
പോട്ടങ്ങൾക്ക് നന്ദി,നിരക്ഷരൻ.

Kaithamullu 11 November 2008 at 07:18  

മങ്കീ ജമ്പിംഗ് നന്നായ് പഠിച്ചു, അല്ലേ?
നിരക്ഷരന്‍ ജീവിച്ച് പോകും!

ചാണക്യന്‍ 11 November 2008 at 07:30  

നിരക്ഷരാ,
പോസ്റ്റിനു നന്ദി....
സൂക്ഷിച്ച് ചാടണേ....:)

ശ്രീനാഥ്‌ | അഹം 11 November 2008 at 08:20  

അറിഞ്ഞോ അറിയാതെയോ, സ്വയം കുരങ്ങനാകപ്പെടുന്ന അവസ്ഥ! അതല്ലേ സാരം?

നല്ല പോസ്റ്റ്‌.

പൊറാടത്ത് 11 November 2008 at 09:47  

...‘ഇന്നിങ്ങ്‌സ് ‘ പൂട്ടിക്കെട്ടാതിരിക്കണമെങ്കില്‍ ടൈമിങ്ങ് തെറ്റാതെ ചാടിയേ പറ്റൂ....

ദൈവം രക്ഷിയ്ക്കട്ടെ...

Rejeesh Sanathanan 11 November 2008 at 10:13  

എന്തൊക്കെ ചാട്ടങ്ങള്‍ ചാടിയാലാണ് ജീവിക്കാന്‍ പറ്റുക.ചാട്ടം പിഴയ്ക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ...

പ്രയാസി 11 November 2008 at 11:50  

ഇവിടെ ഡെറിക്കില്‍ കയറുന്നയാള്‍ക്ക് മതി ഇമ്മാതിരി അഭ്യാസങ്ങള്‍..

സാലറി കണക്കു പറഞ്ഞാല്‍..

എല്ലാരും ചാടാന്‍ തയ്യാറാകും അല്ലെ മാഷെ..;)

അനില്‍@ബ്ലോഗ് // anil 11 November 2008 at 13:00  

കൊള്ളാം.
മങ്കികളുടെ ജമ്പിങ് , മങ്കി ജമ്പിംഗ് .

ഭൂമിപുത്രി 11 November 2008 at 17:45  

പേടിയായിപ്പോയി..ഇതല്ലാതെ വേറെ വഴിയൊന്നുമില്ലേ നിരക്ഷരാ?

മലമൂട്ടില്‍ മത്തായി 11 November 2008 at 18:07  

ജീവിതം മൊത്തം ഇങ്ങനെ കുറെ ചാട്ടങ്ങള്‍ അല്ലെ?

പോസ്റ്റും പദങ്ങളും ഇഷ്ടപ്പെട്ടു.

Manikandan 11 November 2008 at 18:15  

എണ്ണപ്പാടത്തെ മറ്റൊരു സാഹസികത. പുതിയ വിവരങ്ങൾക്കു നന്ദി. ഇത്രയധികം അപകടങ്ങൾ ഈ ജോലിയിലുണ്ടെന്ന് അറിയുന്നത് ഈ വിവരണങ്ങൾ വായിച്ചപ്പോൾ മാത്രമാണ്.

Jayasree Lakshmy Kumar 11 November 2008 at 23:18  

ഈശ്വരാ..ഈ ജോലിക്ക് ഹെൽത്ത് ആൻഡ് സെയ്ഫ്റ്റി നിയമങ്ങളൊന്നും ബാധകമല്ലേ? ഇതെന്തൊരു റിസ്കാ!!

Sherlock 12 November 2008 at 04:15  

Manojettanu padikkenda aavashyam vannillallo.. pandu sthiram cheyyarullathalle :) :)

കാവാലം ജയകൃഷ്ണന്‍ 12 November 2008 at 04:53  

ഇത്തരം എത്ര പരീക്ഷണങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്‌... ഈശ്വരോ രക്ഷതു

അനുഭവപാഠങ്ങള്‍ക്ക് നന്ദി

ആശംസകള്‍

നരിക്കുന്നൻ 12 November 2008 at 10:17  

ഹാവൂ എന്തെല്ലാം സാഹസങ്ങൾ..
ജീവിക്കാൻ വേണ്ടി ഇത്തരം സാഹസങ്ങൾ ചെയ്യുന്നവരെ എനിക്കിഷ്ടമാണ്. എന്നാലും സൂക്ഷിച്ചോണെ..

കിഷോർ‍:Kishor 13 November 2008 at 01:49  

കൊള്ളാം! :-)

നിരക്ഷരൻ 13 November 2008 at 05:51  

പാമരാ - ഇന്നെ ഞമ്മള് കൊല്ലും :)

കോറോത്ത് - കോറോത്തിനേം കൊല്ലും :)

വികടശിരോമണി - പച്ചരി വാങ്ങാന്‍ എന്നാണ് എന്റെ ഭാഷ്യം :)

കൈതമുള്ള് - ശശിയേട്ടാ...റോഡരുകില്‍ സര്‍ക്കസ് നടത്തിയോ സൈക്കിള്‍ യജ്ഞം നടത്തിയോ ജീവിക്കാനുള്ള അനുഭവസമ്പത്തൊക്കെ എണ്ണപ്പാടത്തുനിന്ന് കിട്ടിയിട്ടുണ്ട് :)

ചാണക്യന്‍ - കോളേജില്‍ പഠിക്കുമ്പോള്‍ ഹൈജമ്പും പോള്‍‌വാര്‍ട്ടും ചാടി പരിചയം ഉണ്ട്. അതോണ്ട് ഈ ചാട്ടം എനിക്കത്ര ബുദ്ധിമുട്ടായിത്തോന്നിയില്ല.

ശ്രീനാഥ് - അതെ, അതെ. പക്ഷെ കുരങ്ങനാകുമെന്ന് അറിയുമായിരുന്നെങ്കില്‍ ഇത് പോസ്റ്റില്ലായിരുന്നു :)

പൊറാടത്ത് - നന്ദി :)

മാറുന്ന മലയാളി - ആ പ്രാര്‍ത്ഥനയ്ക്ക് നന്ദി:)

പ്രയാസീ - സാലറിയാണല്ലോ ട്രേഡ് സീക്രട്ട്. അത് പുറത്ത് വിടരുത്.

അനില്‍@ബ്ലോഗ് - എന്റപ്പൂപ്പന്മാരെ പറഞ്ഞാലുണ്ടല്ലോ ? :)

ഭൂമിപുത്രി - പിന്നൊരു വഴിയുണ്ട്. ഈ പണി ഉപേക്ഷിക്കുക. വേറൊരുപണിയും അറിയാത്തതുകൊണ്ട് ഇങ്ങനങ്ങ് തുടരാനേ നിവൃത്തിയുള്ളൂ... :)

മലമൂട്ടില്‍ മത്തായി - അതെ അതെ. ഇതൊക്കെത്തന്നെ ജീവിതം.

മണികണ്ഠന്‍ - ഇനിയുമുണ്ട് മണീ ഇജ്ജാതി നമ്പറുകള്‍ എണ്ണപ്പാടത്ത്. ഒരോന്നോരോന്നായി ഇറക്കി വിടാം :)

ലക്ഷ്മീ - ഹെല്‍ത്ത് & സേഫ്റ്റി ഏറ്റവും കൂടുതലുള്ളത് ഈ ജോലിയിലാണെന്നാണ് എനിക്ക് തോന്നുന്നത്. അപകടം ഏത് നിമിഷവും സംഭവിക്കാമെന്നുള്ളതുകൊണ്ട് ഞങ്ങള്‍ എപ്പോഴും കരുതിത്തന്നെയാണിരിക്കുന്നത്. ഉദാഹരണത്തിന് ആ ചിത്രം ഒന്നുകൂടെ നോക്കൂ. കൈയ്യില്‍ ഗ്ലൌസ്, തലയില്‍ ഹെല്‍മറ്റ്, നെഞ്ചോട് ചേര്‍ത്ത് ലൈഫ് വെസ്റ്റ് എന്നിവയൊക്കെ കണ്ടില്ലേ ? ചാട്ടത്തിനിടയില്‍ അഥവാ വെള്ളത്തില്‍ വീണുപോയാല്‍ കുറച്ചുനേരം വെള്ളത്തില്‍ പൊന്തിക്കിടക്കാന്‍ ആ ലൈഫ് വെസ്റ്റ് സഹായിക്കും. അപ്പോഴേക്കും ആരെങ്കിലും വലിച്ച് ബോട്ടിലേക്ക് കയറ്റും. പക്ഷെ ബോട്ടിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് ചതഞ്ഞരയാതെ നോക്കണം. ഇതില്‍ക്കൂടുതല്‍ സേഫ്റ്റിയൊന്നും എവിടെയും നടക്കുമെന്ന് തോന്നുന്നില്ല.

ജോണ്‍‌ഡോട്ടര്‍ - അതെ അതെ. എല്ലാവര്‍ക്കും കാര്യം മനസ്സിലായല്ലേ ? :)

ജയകൃഷ്ണന്‍ കാവാലം - നന്ദി :)

നരിക്കുന്നന്‍ - എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതിന് നന്ദി :)

കിഷോര്‍ - നന്ദി :)

മങ്കി ജമ്പിങ്ങില്‍ പങ്കെടുത്ത മങ്കി പരമ്പരയിലെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

Vellayani Vijayan/വെള്ളായണിവിജയന്‍ 13 November 2008 at 09:30  

മനോജേ,
പോസ്റ്റ് വായിച്ചപ്പോള്‍ വിഷമം തോന്നി.ചുന്ദരന്‍ പോട്ടങ്ങള്.
ആശംസകള്‍.........
വെള്ളായണി

നവരുചിയന്‍ 14 November 2008 at 11:09  

ജീവിതത്തിലെ ചട്ടങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ എത്ര നിസാരം .......

എന്ന് പറഞ്ഞു എന്നോട് ചാടാന്‍ പറയല്ലെ .......

Unknown 14 November 2008 at 12:52  

മങ്കിൽ ജമ്പിങ്ങ് നന്നായിരിക്കുന്നു.എണ്ണപ്പാത്തെ ജീവിതം
ഇതുപോലുള്ള സാഹസികതകൾ നിറഞ്ഞതാണല്ലെ?
ജീവിക്കാൻ വേണ്ടി മനുഷ്യൻ എന്തെല്ലാം വേഷം കെട്ടുന്നു.
വേഷങ്ങൾ ജന്മങ്ങൾ തന്നെ

Unknown 14 November 2008 at 12:54  

കൈതമുള്ള മാഷിന്റെ കമന്റ് ഇഷടപെട്ടു.നാട്ടിൽ ചെന്നാലും ജീവിച്ചു പോകാം
സർക്കസ്സു കാണിച്ച്
ചേട്ടന്മാരെ കളിയാക്കുന്നോടാ (നീർച്ചന്റെ മുഖം:/)
അയ്യോ ഞാൻ ഓടി തല്ലല്ലേ

P R Reghunath 16 November 2008 at 12:51  

Dear niraksharan,

Monkey jumping kollam.Jeevithavum oru Monkey jumping alle....?

Pinne oru cheriya sahayam.Comment engane malayalathil type cheyyam...?Paranchu tharamo?

smitha adharsh 16 November 2008 at 16:06  

ഭൂമിപുത്രി യ്ക്ക് കൊടുത്ത മറുപടി കണ്ടു..അപ്പൊ,ഇനി ഞാന്‍ വേറെ ചോദിക്കാനില്ല.ന്നാലും..ഇതിത്തിരി കടന്ന കൈയല്ലേ..നിരൂ..

Sulfikar Manalvayal 4 June 2010 at 22:48  

അപ്പോള്‍ ഇതാനാളെ മംങ്കി ജമ്പിങ്......

തമാശയാണെങ്കിലും.
ഇത്ര അപകടം നിറഞ്ഞിരിക്കുന്നതെന്ന് ഇപ്പോഴാ മനസിലായത്.
വിവരങ്ങള്‍ക്ക് നന്ദി.

അനില്‍ഫില്‍ (തോമാ) 8 January 2011 at 13:57  

ഈ മാന്ദ്യകാലത്ത് ഞങ്ങള്‍ ഒക്കെ കമ്പനിയില്‍ നിന്നു കമ്പനിയിലേക്കാണു ചാടുന്നത് അതും പിടിക്കാന്‍ ഒരു ചരടുപോലും ഇല്ലാതെ...

പുതിയ അറിവുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതരാന്‍ ഉള്ള ഈ സന്മനസ്സിന്നു അഭിവാദനങള്‍

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP