Monday 29 September 2008

ഗിന്നസ് ബുക്ക് 2009

സ്വന്തമായിട്ട് ഒരു ഗിന്നസ് ബുക്ക് വേണമെന്നുള്ളത് കുറെ നാളായി കൊണ്ടുനടക്കുന്ന ആഗ്രഹമായിരുന്നു. അപ്പോളതാ ‘ഗിന്നസ് ബുക്ക് 2009‘ പാതിവിലയ്ക്ക് വില്‍ക്കുന്നു. ചാടിവീണ് ഒരു കോപ്പി കരസ്ഥമാക്കി.

വീട്ടിലെത്തി ഒന്ന് ഓടിച്ച് നോക്കി. പലപടങ്ങളെല്ലാം അത്ര ക്ലിയറല്ല. ‘ അതുകൊണ്ടാകും പകുതി വിലയ്ക്ക് തന്നതല്ലേ ? ‘ എന്ന് പുസ്തകക്കടയില്‍ വിളിച്ച് ചോദിക്കുന്നതിന് മുന്‍പ് വീണ്ടും പേജുകള്‍ മറിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. ക്ലിയറല്ലാത്ത പടമൊക്കെ ത്രിമാന ചിത്രങ്ങളാണ്. അത് നോക്കാനുള്ള ‘കുട്ടിച്ചാത്തന്‍ കണ്ണടയും‘ പുസ്തകത്തിനകത്തുണ്ട്. ആ വിവരം വെലുങ്ങനെ പുസ്തകത്തിന്റെ പുറത്ത് എഴുതിവെച്ചിട്ടുമുണ്ട്.(അക്ഷരാഭ്യാസമില്ലെങ്കില്‍ അങ്ങനിരിക്കും)

കണ്ണടയൊക്കെ ഫിറ്റാക്കി നോക്കിയപ്പോള്‍ നല്ല രസം. ദാണ്ടേ കുറെ സാധനങ്ങളൊക്കെ പുസ്തകത്താളില്‍ ജീവനോടിരിക്കുന്നപോലെ. ദേശസ്നേഹം കാരണം ഇന്ത്യാക്കാരെ ആരെയെങ്കിലും പുസ്തകത്തിലെ താളുകളില്‍ കാണുന്നുണ്ടോ എന്ന് തിരഞ്ഞു. ഒറ്റയടിക്ക് കണ്ടത് നാല് കാര്യങ്ങളാണ്.

ഷംഷേര്‍ സിങ്ങ് എന്ന സിക്കുകാരന്‍ 6 അടി നീളമുള്ള താടിയും പിടിച്ച് നില്‍ക്കുന്നുണ്ട്.

1,77,003 ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ രാജ്യത്തിന്റെ 380 ഭാഗങ്ങളില്‍ ഒരുമിച്ച് കൂടി കോള്‍ഗേറ്റ് പാമോലിവിന്റെ ചിലവില്‍ പല്ല് തേക്കുന്ന പടമൊരെണ്ണം കണ്ടു.

പിന്നെ രാജാരവിവര്‍മ്മയുടെ 11 പെയിന്റുങ്ങുകള്‍ പകര്‍ത്തിയ സാരി പുതച്ച ഒരു സുന്ദരിയുടെ പടം. 3,931,627 രൂപയ്ക്ക് വിറ്റുപോയ ഈ സാരിയുണ്ടാക്കാന്‍ ചെന്നയ് സില്‍ക്ക്‌സ് 4760 മണിക്കൂറുകള്‍ എടുത്തു.

സുഭാഷ് ചന്ദ്ര അഗര്‍വാളും ഭാര്യ മധു അഗര്‍വാളും ഗിന്നസ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റൊക്കെ പിടിച്ച്‍ നില്‍ക്കുന്ന ചിത്രമാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ഇവര്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത് കത്തുകള്‍ എഴുതിയാണ്. ഭര്‍ത്താവിന്റെ 3699 കത്തുകളും ഭാര്യയുടെ 447 കത്തുകളും ഇന്ത്യയിലെ 30ല്‍പ്പരം വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടത്രേ !

വാല്‍ക്കഷണം :- ചുമ്മാ ബ്ലോഗെഴുതി സമയം കളയാതെ, കത്തെഴുതാന്‍ പോയിരുന്നെങ്കില്‍ ലിംകാ ബുക്കിലോ, ഗിന്നസ്സ് ബുക്കിലോ കയറിപ്പറ്റാമായിരുന്നു. ആകപ്പാടെ ഒരു കത്താണ് ഇതുവരെ എഴുതിയിട്ടുള്ളതെങ്കിലും,ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനെന്തായാലും ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് രണ്ട് കൈയ്യും നോക്കാം.

Tuesday 23 September 2008

പ്രേതത്തിന്റെ ഫോട്ടോ


ബൂലോകത്ത് പ്രേതങ്ങളുടെ ശല്യം തുടങ്ങിയിട്ട് നാള് കുറെയായി.

അതിലേതെങ്കിലും ഒരു പ്രേതത്തിനെ നേരിട്ട് എപ്പോഴെങ്കിലും കാണാന്‍ പറ്റിയാ‍ല്‍ ഒരു പടമെടുക്കാന്‍ വേണ്ടി ക്യാമറയും കയ്യില്‍ തൂക്കിയാണ് രാത്രിയും പകലും എന്റെ നടപ്പ്.

അവസാനം പട്ടാപ്പകല് തന്നെ ഒരു പ്രേതം എന്റെ മുന്നില് വന്ന് ചാടി.
എപ്പോ ക്ലിക്കീന്ന് ചോദിക്കണ്ടല്ലോ ?
------------------------------------------------------------------------------
അബുദാബിയിലെ ഒരു മരുഭൂമിയിലെ എണ്ണപ്പാടത്തെ(ബുഹാസ)താമസസ്ഥലത്ത്, ചില്ല്‌ വാതിലിന് പുറകില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകന്‍ നിഷാദിനെ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.

Sunday 21 September 2008

കൂകൂ കൂകൂ തീവണ്ടി...


തീയും പുകയുമൊക്കെ തുപ്പി പാളത്തിലൂടെ കൂകിപ്പായുന്ന തീവണ്ടി ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ഇന്നതിനും ഭാഗ്യമുണ്ടായി.

മേട്ടുപ്പാളയത്തില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന പാ‍തയില്‍ ഇത്തരം വണ്ടികള്‍ ഉണ്ടെന്ന് തോന്നുന്നു. ചില സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ പുകവണ്ടിയൊന്ന് നേരിട്ട് കാണണമെന്നും, ച്ഛയ്യ ച്ഛയ്യ ച്ഛയ്യ പാട്ടും പാടി അതില്‍ക്കയറി ഊട്ടിയിലേക്കൊന്ന് പോകണമെന്നുമുള്ള ആശ ഇപ്പോഴും ബാക്കിനില്‍ക്കുന്നു.

എന്തായാലും, പീറ്റര്‍‌ബറോയിലെ ഫെറി മെഡോസിലെ റെയില്‍‍ ക്രോസില്‍ കാണാന്‍ പറ്റിയ ഈ പുകവണ്ടി തല്‍ക്കാലം കുറച്ചൊരു ആശ്വാസം തരുന്നു. ബാക്കിയുള്ള ആശയൊക്കെ പിന്നാലെ നടക്കുമായിരിക്കും.

Thursday 18 September 2008

ബീച്ച് കാസില്‍


ഗോവയിലെ ഒരു കടല്‍ക്കരയില്‍ കണ്ടതാണീ കാസില്‍.

പത്തും ആറും വയസ്സുള്ള രണ്ട് സായിപ്പ് കുട്ടികള്‍ 2 ദിവസം എടുത്തു ഇത് ഉണ്ടാക്കിത്തീര്‍ക്കാന്‍. വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു കേട്ടോ ഈ കലാപരിപാടി. ഉണ്ടാക്കലും,പൊളിച്ച് പണിയലുമൊക്കെയായി അവരതില്‍ മുഴുകിയിരിക്കുന്നത് നോക്കി സന്ധ്യാസമയത്ത്‍ ആ കടല്‍ക്കരയിലിരിക്കാന്‍തന്നെ ഒരു രസമായിരുന്നു.

നമ്മളാരും ഒരു ബീച്ചില്‍ പോയി ഇത്രയൊക്കെ സമയം ചിലവഴിച്ച് ആസ്വദിച്ച് അര്‍മ്മാദിച്ച് നടക്കാത്തതെന്താണെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്!!

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP