Tuesday 22 September 2009

സാങ്കല്‍പ്പിക രേഖ


ണ്ട് സ്ത്രീകള്‍ ഹസ്തദാനം ചെയ്ത് നില്‍ക്കുന്ന ഒരു ഫോട്ടോ എന്നതിനപ്പുറം ഒരു വലിയ പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

ഭൂമിക്ക് മുകളിലൂടെ കുറുകെയും നെടുകെയും മനുഷ്യന്മാര്‍ വരച്ചുകൂട്ടിയിട്ടുള്ള കുറേ സാങ്കല്‍പ്പിക രേഖകളുണ്ട്. അക്ഷാംശം(Lattitude), രേഖാശം(Longitude) എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ , ചെറിയ ക്ലാസ്സുകളിലെ ഭൂമിശാസ്ത്രപാഠങ്ങളില്‍ നാമതൊക്കെ പഠിച്ചിട്ടുള്ളതാണ്.

ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെ(Greenwich) ഒബ്സര്‍വേറ്ററി ടവറിനുള്ളിലൂടെ കടന്നുപോകുന്ന പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ (പ്രൈം മെറീഡിയന്‍ അഥവാ 00 0‘ 0“ രേഖാംശം) അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് സ്ത്രീകളും നില്‍ക്കുന്നത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ സ്വര്‍ണ്ണത്തലമുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് കിഴക്കുവശത്തും കറുത്ത മുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് പടിഞ്ഞാറുവശത്തുമാണ്. കിഴക്കും പടിഞ്ഞാറും നിന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുന്നെന്ന് തന്നെ പറയാം. സൂര്യന്‍ പൂജ്യം ഡിഗ്രി രേഖാംശത്തിന് മുകളില്‍ വരുമ്പോള്‍ ഗ്രീനിച്ചില്‍ സമയം(GMT) കൃത്യം 12 മണി എന്നതാണ് കണക്ക്. സമയവും രേഖാംശവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.

ഇപ്പറഞ്ഞ രേഖാംശം എന്ന 'സാങ്കല്‍പ്പിക രേഖ' യാണ് സ്ത്രീകള്‍‍ക്കിടയില്‍ നിലത്തുകാണുന്ന ലോഹത്തകിടുകൊണ്ടുള്ള വര. അവര്‍ക്ക് പിന്നില്‍ കാണുന്നത് ഭൂമിയുടെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ചരിഞ്ഞുള്ള നില്‍പ്പിന്റെ ഒരു മോഡലാണ്.

സാങ്കല്‍പ്പികരേഖയിലേക്ക് ഞാന്‍ നടത്തിയ യാത്രയുടെ വിവരണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 7 September 2009

24 മണിക്കൂര്‍ ക്ലോക്ക്


ഇംഗ്ലണ്ടിലെ ഗ്രീന്‍‌വിച്ചിലെ(Greenwich) ) ഒബ്സര്‍വേറ്ററി ടവറിന്റെ ഗേറ്റിനു മുന്നിലാണ് ഈ ക്ലോക്ക് കാണാന്‍ സാധിച്ചത്. സാധാരണ ക്ലോക്കുക‍ള്‍ 12 മണിക്കൂര്‍ ഡയല്‍ കാണിക്കുമ്പോള്‍ 1852 സ്ഥാപിതമായ ഈ ക്ലോക്ക് 24 മണിക്കൂര്‍ ഡയല്‍ കാണിക്കുന്നു, എന്നതാണ് പ്രത്യേകത.

ക്ലോക്കിന്റെ മണിക്കൂര്‍ സൂചി ശ്രദ്ധിക്കൂ. അത് താഴെ സാധാരണ ക്ലോക്കില്‍ 6 ന്റെ സ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയാണ് കാണിക്കുന്നത്. മുകളില്‍ സാധാരണ ക്ലോക്കിലെ 12ന്റെ സ്ഥാനത്ത് അര്‍ദ്ധരാത്രി അല്ലെങ്കില്‍ 0 മണിക്കൂര്‍ എന്നും കാണിക്കുന്നു. 0.5 സെക്കന്റ് കൃത്യത പാലിക്കുന്ന ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് മീന്‍ ടൈം(GMT) ആണ് ‘സ്ഥിരമായി‘ കാണിക്കുന്നത്.

സ്ഥിരമായി കാണിക്കുന്നത് എന്നുപറയാന്‍ കാരണമുണ്ട്. വേനല്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ വാച്ചുകളും ക്ലോക്കുകളുമൊക്കെ ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ച് വെക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. പിന്നീട് തണുപ്പുകാലം ആകുമ്പോള്‍ അത് വീണ്ടും ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും. ഡേ ലൈറ്റ് സേവിങ്ങ്സ് എന്ന ഈ ഏര്‍പ്പാടിനെ അവര്‍ ‘ബ്രിട്ടീഷ് സമ്മര്‍ ടൈം‘ (BST)എന്നും പറയാറുണ്ട്. പക്ഷെ എല്ലാ കാലഘട്ടത്തിലും ചിത്രത്തിലുള്ള ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് ടൈം തന്നെയാണ് പിന്തുടരുക.

ഈ 24 മണിക്കൂര്‍ ഡയലുള്ള ക്ലോക്കിന്റെ പേരാണ് 24 Hour Shepherd Gate Clock.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP