Tuesday 29 July 2008

സൂക്ഷിച്ചാല്‍ കുളിരില്ല


കോഴിക്കോട്ടെ താമരശ്ശേരി ചുരം ഇറങ്ങിവരുമ്പോള്‍ കണ്ട കാഴ്ച്ചയാണിത്.

എറണാ‘കുളം‘ നഗരത്തിലെ റോഡുകള്‍ ഒഴികെ കേരളത്തിലെ മിക്കവാറും റോഡുകള്‍ നന്നായി റബ്ബറൈസ്‌ഡൊക്കെ ആക്കി മിനുക്കിയിട്ടിരിക്കുകയാണ്. മഴ പെയ്തുകഴിഞ്ഞാല്‍ പക്ഷെ കണ്ണാടിപോലെ കിടക്കുന്ന ഇത്തരം റോഡുകളിലെ റബ്ബറും വാഹനങ്ങളിലെ ടയറിന്റെ റബ്ബറും തമ്മില്‍ പിണങ്ങും. നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി, ചെറുതായൊന്ന് വെട്ടിച്ച് കൊടുത്താല്‍ ഇതുപോലെ കുട്ടിക്കരണം മറിയും.

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. ഓയല്‍ഫീല്‍ഡില്‍ മിക്കവാറും കാണാറുള്ള ഒരു പോസ്റ്ററിലെ വാചകം ഉദ്ധരിച്ച് പറഞ്ഞാല്‍,

“ നിങ്ങള്‍ സുരക്ഷിതരായി മടങ്ങിവരുന്നതിനായി നിങ്ങളുടെ കുടുംബം കാത്തിരിക്കുന്നു ”

സൂക്ഷിച്ചാല്‍ കുളിരില്ല....ക്ഷമിക്കണം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

Sunday 27 July 2008

ഒളിച്ചോടിയ ദൈവങ്ങള്‍


യനാട്ടിലെ ജൈനക്ഷേത്രങ്ങളെപ്പറ്റി ഒരു പഠനം നടത്തുന്നതിന്റെ ഭാഗമായാണ് സുഹൃത്തുക്കളായ ഹരിയുടേയും, രമേഷ് ബാബുവിന്റേയും ഒപ്പം പുത്തങ്ങാടിയിലേക്ക് യാത്രയായത്.

കാപ്പിത്തോട്ടത്തിന്റെ നടുവില്‍, പേരും പ്രതിഷ്ഠയെപ്പറ്റിയുള്ള വിവരങ്ങളുമൊന്നുമില്ലാതെ നശിച്ച് കാടുകയറിക്കിടക്കുന്ന ഒരു ക്ഷേത്രത്തിന്റെ‍ മുന്നിലാണ് ആദ്യം ചെന്നു നിന്നത്. അത് ഒരു ജൈന ക്ഷേത്രം തന്നെയാണോ എന്നറിയാന്‍ ചോര്‍ന്നൊലിക്കുന്ന ക്ഷേത്രത്തിലെ ഇരുട്ടുകയറിയ ഉള്‍വശങ്ങളൊക്കെ ഞങ്ങള്‍ അരിച്ചുപെറുക്കി. പൂര്‍ണ്ണമായും കരിങ്കല്ലുകൊണ്ടുണ്ടാക്കിയ ക്ഷേത്രത്തിലെ ചുമരുകളില്‍ ഹൊയ്‌സള ലിപിയിലുള്ള എന്തെങ്കിലും ആലേഖനം ചെയ്തിട്ടുണ്ടോ എന്ന് പരതി നോക്കിയെങ്കിലും മച്ചില്‍ തൂങ്ങിക്കിടക്കുന്ന നരിച്ചീരുകളേയും, മാറാലയും പടര്‍പ്പുകളും പിടിച്ച് കിടക്കുന്ന മനോഹരമായ കൊത്തുപണികളും മാത്രമേ കാണാന്‍ സാധിച്ചുള്ളൂ.

‘സ്വന്തം നാട്ടില്‍ ‘ നിന്ന് മനം നൊന്ത് ഓടി രക്ഷപ്പെട്ട എല്ലാ ദൈവങ്ങളും ഇടിഞ്ഞുവീഴാറായ ആ ചുമരുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് തോന്നി. പുറത്തുനിന്നും ജാലകങ്ങളിലൂടെ അകത്തേക്ക് അരിച്ച് വീഴുന്ന വെളിച്ചത്തില്‍ ചില ദേവന്മാരെയും ദേവിമാരേയും ഞങ്ങള്‍ കണ്‍നിറയെ കണ്ടു.

കാടൊക്കെ വെട്ടിത്തെളിച്ച് കല്ലുകളൊക്കെ ഒന്ന് കഴുകി വൃത്തിയാക്കി വെച്ചാല്‍ നൂറുകണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം രണ്ട് ക്ഷേത്രങ്ങള്‍ പുത്തങ്ങാടിയില്‍ത്തന്നെയുണ്ട്.

മണ്ണടിഞ്ഞുപോയ പുരാതന ക്ഷേത്രങ്ങളേയും സംസ്ക്കാരങ്ങളേയും എസ്‌ക്കവേഷന്‍ നടത്തി വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നതിനിടയില്‍, മണ്ണോട് ചേരാന്‍ ദിനങ്ങള്‍ എണ്ണിനില്‍ക്കുന്ന ഇത്തരം അമൂല്യമായ ഒരുപാട് കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ മനഃശ്ശാസ്ത്രം എത്ര ആലോചിട്ടും പിടികിട്ടിയില്ല.

ആദ്യത്തെ ക്ഷേത്രത്തില്‍ നിന്നും പകര്‍ത്തിയ ഒരു ദേവന്റെ ചിത്രമാണ് മുകളില്‍. ശംഖചക്രഗദാധാരിയായി നില്‍ക്കുന്നതുകൊണ്ട് അത് ചതുര്‍ഭുജനായ മഹാവിഷ്ണു തന്നെ ആണെന്നാണ് ഈയുള്ളവന്റെ അനുമാനം.

Sunday 20 July 2008

വെളുത്ത പൂക്കളും പൂവനും

വെളുത്ത പൂക്കള്‍ കുറെയധികം ഉണ്ട് തൊടിയില്‍. അതൊക്കെ ഒന്ന് പകര്‍ത്താമെന്ന് കരുതി ക്യാമറയുമായി വെളിയിലിറങ്ങി.


കുറ്റിമുല്ലയില്‍ നിന്നാകട്ടെ തുടക്കം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് ഏതവനാ പറഞ്ഞത്. ഈ മുല്ലയ്ക്ക് നല്ല മണമുണ്ട്.

ആന്തൂറിയം കാണുമ്പോള്‍ എന്നും ഓര്‍മ്മ വരുന്നത് സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ എന്ന സിനിമയില്‍ തോട്ടക്കാരനായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ അടുക്കളക്കാരി കല്‍പ്പനയോട് പറയുന്ന ഡയലോഗാണ്. “ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, നീ അടുക്കളയില്‍ നിന്ന് ചില്ലി ചിക്കനുണ്ടാക്കി എനിക്ക് തരണം “

നന്ത്യാര്‍വട്ടം. പക്ഷെ എനിക്കത് കണ്ടപ്പോള്‍ നന്ത്യാര്‍ ചക്രമാണെന്നാണ് തോന്നിയത്.

ഇത് നമ്മുടെ സ്വന്തം ഓര്‍ക്കിഡ്. നമ്മള്‍ മലയാളികള്‍ മുല്ലയേക്കാളും, തെച്ചിയേക്കാളുമൊക്കെ അധികം പോറ്റി വളര്‍ത്തുന്നത് ഇവനെയല്ലേ ?!

ഇത് ഒരിനം ലില്ലിപ്പൂവാണെന്ന് തോന്നുന്നു. പേര് കൃത്യമായി അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. അവന്റെ പരാഗരേണുക്കളൊക്കെ മഴയില്‍ കുതിര്‍ന്ന് ദളങ്ങളില്‍ത്തന്നെ പടര്‍ന്നിരിക്കുന്നു.

ഇതിന്റേയും പേര് അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. പേരില്ലാത്തതുകൊണ്ടായിരിക്കണം കിണറ്റുകരയില്‍ നിലത്താണ് അവന്‍ വളരുന്നത്. പേരും നാളും ഇല്ലാത്ത പൂവിന് വേണ്ടി ചെടിച്ചട്ടി മിനക്കെടുത്താനോ ? അതിന് വേറെ ആളെ നോക്കണം.

പൂക്കളുടെ പടമൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു കക്ഷി ആ വഴി കറങ്ങിത്തിരിഞ്ഞ് വന്നത്. “നീയാരാ ഊവേ ഒരു പുതുമുഖം ഈ തൊടീല് “ എന്ന ഒരു ഭാവമുണ്ട് മുഖത്ത്. അടുത്ത വീട്ടിലെ പൂവനാണ്. അവന്റെ ഒരു ഗതികേട് നോക്കണേ ! ഓടിച്ചിട്ട് പിടിക്കാനുള്ള സൌകര്യത്തിന് വേണ്ടിയായിരിക്കണം, 3 മീറ്റര്‍ നീളമുള്ള കയറ് ഒരെണ്ണം അവന്റെ ഇടത്തേക്കാലില്‍ കുരുക്കിയിട്ടിരിക്കുന്നു.

ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.

Wednesday 16 July 2008

റാകിപ്പറക്കുന്ന ചെമ്പരുന്തേ


റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ ?
വലയും(ചീനവല) കണ്ടു വിളക്കും കണ്ടു,
കടല്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

ഡിസ്‌ക്ലെയ്‌മര്‍
--------------
വളരെ പ്രശസ്തമായ റാകിപ്പറക്കുന്ന ചെമ്പരുന്തിനെ‍ വളച്ചൊടിച്ചെന്നും പറഞ്ഞ് വല്ല ഹര്‍ത്താലോ ബന്തോ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരമോ കിടന്ന് ഉണ്ടാകാന്‍ പോകുന്ന പൊല്ലാപ്പിനൊന്നും ഞാന്‍ ഉത്തരവാദി അല്ല. അത്യാവശ്യം പുകിലൊക്കെ ഉണ്ടാക്കീട്ട് തന്നെയാണ് റാകിപ്പറക്കുന്ന ചെമ്പരുന്ത് പാഠപുസ്തകത്തീന്ന് അപ്രത്യക്ഷമായത്. ഞാന്‍ ആ പദ്യം പഠിച്ചത് രണ്ടാം ക്ലാസ്സിലോ മറ്റോ ആണെന്നാണ് ഓര്‍മ്മ. ഈ ചെമ്പരുന്ത് റാകിപ്പറക്കുന്നത് ഫോര്‍ട്ട് കൊച്ചി കടപ്പുറത്താണ്. ഇനി അതിനെ സൂം ചെയ്ത് നോക്കി കാക്കയാണെന്നും പറഞ്ഞ് ആരും തല്ലുണ്ടാക്കാന്‍ വരണ്ട. എല്ലാത്തിനും കൂടെ ചേര്‍ത്താണ് ഈ ഡിസ്‌ക്ലെയ്‌മര്‍.

Tuesday 15 July 2008

ഒരു കോടക്കാഴ്ച്ച


മയം ഉച്ചയ്ക്ക് 2 മണി ആകുന്നതേയുണ്ടായിരുന്നുള്ളൂ. അടിമാലിയില്‍ നിന്ന് മുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ മഴക്കോള് ഉണ്ടെന്ന് തോന്നി. അധികം താമസിക്കുന്നതിനുമുന്‍പ് കോട വന്ന് മൂടിയതുകാരണം‍ റോഡൊന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. ഹെഡ് ലൈറ്റും, ഹസാര്‍ഡ് ലൈറ്റുമൊക്കെ ഇട്ട് മുന്നോട്ട് നീങ്ങി‍യിട്ടും അത്ര സുരക്ഷിതമല്ല ആ യാത്ര എന്ന് തോന്നിയതുകൊണ്ട് വണ്ടി സൈഡാക്കി പുറത്തിറങ്ങി.

എങ്കില്‍പ്പിന്നെ മനോഹരമായ ആ കോടക്കാഴ്ച്ച ക്യാമറയില്‍ പകര്‍ത്തിയേക്കാമെന്ന് കരുതി. ഒന്നു രണ്ട് പടങ്ങള്‍ എടുത്തപ്പോഴേക്കും ക്യാമറയുടെ ലെന്‍സിലും കോട വന്ന് മൂടി.

ജീവിതത്തില്‍ വളരെ ദുര്‍ലഭമായി മാത്രം നുകര്‍ന്നിട്ടുള്ള പ്രകൃതിയുടെ ആ ഭാവം ക്യാമറക്കണ്ണിലൂടെ പകര്‍ത്തിയത് ഇവിടെ പങ്കുവെയ്ക്കുന്നു.

ചീയപ്പാറ വെള്ളച്ചാട്ടം


മൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ചീയപ്പാറ വെള്ളച്ചാട്ടം കണ്ടത്. മഴ കാര്യമായിട്ട് കനിയാത്തതുകൊണ്ടാകണം പ്രകൃതി തന്റെ വെള്ളച്ചേല അഴിച്ചിട്ട് തല്ലിയലയ്ക്കുന്നത് കാണാന്‍ അത്രയ്ക്കങ്ങ് ഭംഗിയുണ്ടെന്ന് എനിക്ക് തോന്നിയില്ല.

എന്തൊക്കെയായാലും ഒരു വെള്ളച്ചാട്ടമല്ലേ ? തീരെയങ്ങ് അവഗണിക്കാന്‍ പറ്റില്ലല്ലോ ?

Monday 14 July 2008

കൊളുന്ത് നുള്ളല്‍


തേയിലത്തോട്ടങ്ങളില്‍ ‘കൊളുന്ത് നുള്ളല്‍‘ ഇനി ഒരു ഓര്‍മ്മ മാത്രം.

കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ കൊളുന്തുകള്‍ അരിഞ്ഞ് വീഴ്ത്തുന്ന കത്രികയും അതിനോട് ചേര്‍ന്നുള്ള കൊളുന്തുസംഭരണിയുമാണ് ഇന്ന് തോട്ടം തൊഴിലാളികള്‍ എല്ലാവരും ഉപയോഗിക്കുന്നത്. നുള്ളിയെടുത്തിരുന്ന കൊളുന്തുകള്‍ മുതുകില്‍ തൂക്കിയിട്ടിരുന്ന കൊട്ടകളിലാണ് പഴയകാലങ്ങളില്‍ ശേഖരിച്ചിരുന്നത്. അതിനുപകരം ഇപ്പോള്‍ മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക്ക് സഞ്ചികള്‍.

ഇതൊക്കെയാണെങ്കിലും തോട്ടം തൊഴിലാളികളുടെ അടിസ്ഥാനസൌകര്യങ്ങളിലും ജീവിതരീതികളിലുമൊന്നും ഇക്കാലത്തിനിടയില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വേദനിപ്പിക്കുന്ന ഒരു കാര്യം.

പാക്കറ്റില്‍ വരുന്ന ചായപ്പൊടി പൊട്ടിച്ചുണ്ടാക്കുന്ന ചുടുചായ ആസ്വദിച്ച് കുടിക്കുന്ന സമയത്ത് എപ്പോഴെങ്കിലും, പുറം‌ലോകത്തിന്റെ സുഖസൌകര്യങ്ങളും ആഡംബരങ്ങളുമൊന്നും ഒരിക്കല്‍പ്പോലും അനുഭവിക്കാന്‍ കഴിയാതെ, ജനിച്ചുവളര്‍ന്ന ജീവിതസാഹചര്യങ്ങളില്‍ അറിയുന്ന ഏക ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇവരിലാരെയെങ്കിലും നാം ഓര്‍ക്കാറുണ്ടോ ?
---------------------------------------------------------------------------
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഒരു തേയിലത്തോട്ടത്തില്‍ നിന്ന് ഒരു ദൃശ്യം

Thursday 3 July 2008

പ്രതീക്ഷയോടെ....


ന്ന് മറ്റൊരു ഹര്‍ത്താല്‍.

കഴിഞ്ഞ 11 മാസം നാട്ടില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് ഈ ഹര്‍ത്താലിനെ ഒരു പുതുമയോടെയാണ് ഞാന്‍ കണ്ടത്. പക്ഷെ നാട്ടില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ബന്ദ്, ഹര്‍ത്താല്‍ അല്ലെങ്കില്‍ പണിമുടക്ക് എന്നൊക്കെ പറഞ്ഞാല്‍ ഒരു പുതുമയല്ലാതായി മാറിയിരിക്കുന്നു. ഒരു മിന്നല്‍പ്പണിമുടക്ക് വന്നാല്‍പ്പോലും എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ജനങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു.

എറണാകുളം എം.ജി.റോഡിലെ ഒരു ദൃശ്യമാണ് മുകളില്‍. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് പോലും തന്റെ ലോട്ടറി ടിക്കറ്റുകളുമായി വില്‍പ്പനയ്ക്കിറങ്ങിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു പ്രജയെ കണ്ടില്ലേ ? പൂര്‍ണ്ണമായും ശൂന്യമല്ലാത്ത ആ റോഡിലൂടെ ഭാഗ്യാന്വേഷിയായ ആരെങ്കിലും ഒരാള്‍ വരുമെന്ന പതീക്ഷയോടെ കാത്തിരിക്കുന്നു അദ്ദേഹം.

പ്രതീക്ഷയുടെ പ്രതീകമായ ലോട്ടറി ടിക്കറ്റുമായിരിക്കുന്ന ആ ചേട്ടനെപ്പോലെ എനിക്കുമുണ്ട് ഒരു പ്രതീക്ഷ. ജാതിമത ഭേദമില്ലാതെ, കൊടികളുടെ നിറം നോക്കാതെ ഹര്‍ത്താലുകളേയും പണിമുടക്കുകളേയും ബന്ദുകളേയും നമ്മള്‍ മലയാളികള്‍ അല്ലെങ്കില്‍ ഇന്ത്യാക്കാര്‍ നിഷ്ക്കരുണം തള്ളിക്കളയുന്ന ഒരു കാലം വരും. വിപ്ലവാത്മകമായ ആ ദിവസത്തിന്റെ കാലടിയൊച്ചയ്ക്കായി കാത്തിരിക്കാം. ഹൈക്കോടതി പോലും തോറ്റുപോയ സ്ഥിതിക്ക് ഇനി ആ ഒരു പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP