Sunday, 27 January 2008

ഗരുഡന്‍ തൂക്കം

ണ്ണപ്പാടത്തെ ഒരു സ്ഥിരം കാഴ്ച്ചയുടെ ചില ചിത്രങ്ങളാണിത്. പക്ഷെ ഈ ചിത്രങ്ങള്‍ പുറം ലോകത്ത് കാണാന്‍ ബുദ്ധിമുട്ടാണ്. എണ്ണപ്പാടത്ത് എല്ലായിടത്തും ക്യാമറ അനുവദനീയമല്ല എന്നതുതന്നെയാണ് അതിന്റെ കാരണം.

ഒരു കപ്പലില്‍ നിന്നാണ് ഈ പടം എടുത്തിരിക്കുന്നത്. താഴെ വെള്ളത്തിലുള്ള ബോട്ടിലേക്ക് ഒരു ചരടിന്റെ അറ്റത്ത് തൂങ്ങിപ്പോകുന്ന ഒരു ബാസ്ക്കറ്റും അതിലേക്ക് നോക്കി നില്‍ക്കുന്ന കുറെ ആളുകളേയും കണ്ടുവോ ?

ആ ബാസ്ക്കറ്റ് ബോട്ടില്‍ എത്തുന്നതും അവരെല്ലാം അതില്‍ ചാടിക്കയറിയിരിക്കും.


എല്ലാം വളരെപ്പെട്ടെന്നായിരുന്നു. അവരാ ബാസ്ക്കറ്റില്‍ കയറിയതും, ബാസ്ക്കറ്റ് മുകളിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.

ബാസ്ക്കറ്റ് ഒരു ക്രെയിനിലാണ് തൂക്കിയിട്ടിരിക്കുന്നത്. ആ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക്, സിഗ്നല്‍ കൊടുക്കുന്ന സഹായിയെ മുകളിലെ ചിത്രത്തില്‍ കാണാം.

ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആളെയും കണ്ടില്ലേ ?

ബാസ്ക്കറ്റ് യാത്രക്കാരതാ കപ്പലിന്റെ മെയിന്‍ ഡക്കില്‍ എത്തിക്കഴിഞ്ഞു.

ബാസ്ക്കറ്റ് നിലം തൊട്ടു. എല്ലാവരും താഴെയിറങ്ങുകയായി.

ഇനി, ഇതേ ബാസ്ക്കറ്റ് യാത്രയുടെ, താഴെ ബോട്ടില്‍ നിന്നുള്ള ചില ചിത്രങ്ങള്‍.

കുറച്ചുപേര്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

അവരതാ ബോട്ടില്‍ എത്താനായിക്കഴിഞ്ഞു.

ബാസ്ക്കറ്റിന്റെ അടിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു വള്ളിയില്‍പ്പിടിച്ച്, ബാസ്ക്കറ്റിനെ ഉദ്ദേശിച്ച സ്ഥാനത്ത് ഇറക്കാന്‍ സഹായിക്കുന്ന ഒരാളെക്കാണാമല്ലോ ? എപ്പോളും അങ്ങിനൊരാള്‍ ബാസ്ക്കറ്റ് നിയന്ത്രിക്കാന്‍ ഉണ്ടാകണമെന്നൊന്നുമില്ല.

ഇനിയതാ കുറെ വിദ്വാന്മാര്‍ വീണ്ടും മുകളിലേക്ക് പോകുന്നു.അവരുടെ നെഞ്ചോട് ചേര്‍ത്ത് ഓറഞ്ച് നിറത്തില്‍ പാള പോലെ ഒന്ന് കെട്ടിവച്ചിരിക്കുന്നത് കണ്ടില്ലേ ? അതൊരു ലൈഫ് വെസ്റ്റാണ്. ഈ ഗരുഡന്‍ തൂക്കത്തിനിടയില്‍ എപ്പോഴെങ്കിലും കൈവിട്ട് വെള്ളത്തില്‍ വീണാല്‍, നീന്തലറിയാത്തവരാണെങ്കില്‍പ്പോലും മുങ്ങിപ്പോകാതെ ഫ്ലോട്ട് ചെയ്യാന്‍ ഈ ലൈഫ് വെസ്റ്റ് സഹായിക്കും.

ഇനി ഏതെങ്കിലും യാത്രക്കാരന് ഇടയ്ക്കെപ്പോഴെങ്കിലും തലകറങ്ങി വെള്ളത്തില്‍ വീണുപോകുമെന്ന് തോന്നിയാല്‍, ഈ ബാസ്ക്കറ്റിന്റെ നടുക്ക് കാ‍ണുന്ന വൃത്തത്തിലേക്ക് കയറി ഇരിക്കുന്നതിന് അനുവാദമുണ്ട്.

ചിരിച്ചുല്ലസിച്ച്, ഒരു കൈ വിട്ട് റ്റാറ്റായൊക്കെ കൊടുത്ത് മുകളിലേക്ക് പോകുന്ന ഈ വിദ്വാന്മാരിലൊരാള്‍ ഒരു ബ്ലോഗറാണ്.
അതാലോചിച്ച് ഇനിയാരും തല പുണ്ണാക്കുകയൊന്നും വേണ്ട. ആ ബ്ലോഗര്‍ ഈയുള്ളവന്‍ തന്നെ.

എണ്ണപ്പാടത്ത്, പ്രത്യേകിച്ച് ഓഫ്ഷോറില്‍ മിക്കവാറും ആളുകളെ ബോട്ടില്‍ നിന്ന് കപ്പലിലേക്കും, അല്ലെങ്കില്‍ പ്ലാറ്റ്ഫോമുകളിലേക്കും, റിഗ്ഗുകളിലേക്കും, ബാര്‍ജുകളിലേക്കുമൊക്കെ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നത് ഈ ബാസ്ക്കറ്റ്കളിലൂടെയാണ്. ഈ ചിത്രങ്ങളില്‍ കാണുന്നതിന്റെ ഒരുപാട് മടങ്ങ് ഉയരത്തിലേക്കായിരിക്കും പലപ്പോഴും ഈ അപകടം പിടിച്ച യാത്ര.

ഒരിക്കല്‍ ഈ ബാസ്ക്കറ്റ് മുകളിലെത്തിയപ്പോള്‍, ക്രെയിന്‍ തകരാറിലായതുകാരണം, മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ കുറെനേരം തൃശങ്കുസ്വര്‍ഗ്ഗത്തില്‍ നില്‍ക്കേണ്ട അനുഭവം വരെ എനിക്കുണ്ടായിട്ടുണ്ട്.

‘പച്ചരി വാങ്ങാന്‍‘ അങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകള്‍!!

36 comments:

siva // ശിവ 27 January 2008 at 14:44  

പച്ചരി വാങ്ങാനാണോ ഇങ്ങനൊയൊക്കെ കയറി തൂങ്ങി പോകുന്നതു....ഹെന്റമ്മേ കഷ്ടം........

പ്രയാസി 27 January 2008 at 14:53  

മാഷെ ഓഫ്ഷോറില്‍ എന്താണ് പരിപാടീന്നു പറഞ്ഞില്ല..

എന്തായാലും ഞങ്ങള്‍ക്കു മരുഭൂമിയിലെ യാത്രയെ ഉള്ളു.. പച്ചരിവാങ്ങാന്‍ ഇങ്ങനെ തൂങ്ങണ്ട..;)

നല്ല ചിത്രങ്ങള്‍..:)

ദിലീപ് വിശ്വനാഥ് 27 January 2008 at 16:19  

മാഷേ, പച്ചരി കഴിക്കുന്നതു നിര്‍ത്തണം.

Gopan | ഗോപന്‍ 27 January 2008 at 16:59  

നല്ല പടങ്ങള്‍ !
പച്ചരി കഴിച്ചിട്ട്
കൂടുതല്‍ ചിത്രങ്ങള്‍ പോസ്ടുക.

ഓ ടോ:
ക്യാമറയെന്തെന്നറിയാത്തവന്‍
ഈ വാല് അത്ര സുഖമില്ലാട്ടാ..
പറഞ്ഞൂന്ന് മാത്രം..:-)

ഒരു “ദേശാഭിമാനി” 27 January 2008 at 18:12  

തീര്‍ച്ചയായും കാര്യങ്ങള്‍ അറിയാന്‍ സഹായിക്കുന്നുണ്ട്! അഭിനന്ദനം!

(പച്ചരി വാങ്ങുമ്പോ - ബസുമതി വാങ്ങിക്കോളൂട്ടോ!മറക്കണ്ടാ!)

Sherlock 27 January 2008 at 18:54  

നിരക്ഷ‌രേട്ടാ, ഇതൊക്കെ പുതിയ അറിവുകളും കാഴ്ച്ചകളുമാണ്.... പോസ്റ്റ് കൊള്ളാം

പ്രിയ ഉണ്ണികൃഷ്ണന്‍ 27 January 2008 at 19:26  

ഓഹോ, അപ്പ ഇതാണല്ലേ ഗരുഡന്‍ തൂക്കം...

എന്നാലും ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടിട്ട് പച്ചരി തിന്നണ്ട, കുത്തരി തിന്നൂ.

Sharu (Ansha Muneer) 28 January 2008 at 05:03  

എന്തായാലും നന്നായി...:) പ്രിയ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു

ശ്രീ 28 January 2008 at 06:06  

നല്ല അനുഭവങ്ങളാണല്ലോ...

ചിത്രങ്ങള്‍ക്കും വിശദീകരണങ്ങള്‍‌ക്കും നന്ദി. ഇത് ആദ്യമായാണ്‍ കേള്‍‌ക്കുന്നത്.

അതുല്യ 28 January 2008 at 06:49  

Very Informative. keep writing dear.

വേണു venu 28 January 2008 at 07:18  

വേഷങ്ങള്‍‍.. വേഷങ്ങള്‍‍...
നല്ല പോസ്റ്റ്. വിജ്ഞാനപ്രദം.:)

sindu 28 January 2008 at 07:48  

very interesting to watch it.an experience which is worth to memorise later in your life.

കുട്ടു | Kuttu 28 January 2008 at 08:56  

Quiet informative.

Thank You.

മൂര്‍ത്തി 28 January 2008 at 09:54  

ആദ്യമായി കാണുകയാണ് ഇതൊക്കെ..നന്ദി..

നിലാവര്‍ നിസ 28 January 2008 at 10:03  

breathtaking ന്റെ മലയാളം എന്താണ്..

Sreejith 28 January 2008 at 10:24  

ഗരുഡന്‍ തൂക്കം എന്നു കണ്ടപ്പോള്‍ ,പോലീസ് സ് റ്റേഷനിലെ ഗരുഡന്‍ തൂക്കമാണു പ്രതീക്ഷിച്ചത് , ഇതൊരു പുതുമയുള്ള കാഴ്ച് തന്നെ

Sethunath UN 28 January 2008 at 16:34  

ഹമ്മോ!
പടവും ജീവിതവും... കൊള്ളാം മാഷേ.

പപ്പൂസ് 28 January 2008 at 17:28  

ഇത്രക്കു സാഹസികനായിരുന്നല്ലേ... ഞാനൊന്ന് അസൂയയോടെ നോക്കട്ടെ...

ഇങ്ങനുള്ള സംഭവങ്ങളൊക്കെ ടീവീലോ മറ്റോ കണ്ടിട്ടുണ്ടെന്നല്ലാതെ... കലക്കി... :)

ഏ.ആര്‍. നജീം 28 January 2008 at 21:29  

എന്തെന്നറിയില്ല, ഈ കപ്പലിന്റെയും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കണ്ടാല്‍ ഒരു കൗതുകമാണ് കുഞ്ഞുനാള്‍ മുതല്‍... ഇതു കണ്ടപ്പോഴും ഇങ്ങനെ നോക്കി ഇരുന്നുപോയിട്ടോ...

ശ്ശൊ വെറുതെ ഒന്ന് സമ്പോളിക്കലായി പച്ചരി എന്ന് പറഞ്ഞപ്പോള്‍ അതേറ്റ് പിടിച്ചു,..ഇതാ നമ്മുടെ കൂട്ടുകാര്...പഷ്ട്...

റീനി 29 January 2008 at 02:17  

നിരേക്ഷേ, ഇതൊക്കെ പുതിയ അറിവുകളും കാഴ്ചകളും.

ആകാശക്കുട്ടയില്‍ ഇങ്ങനെ നില്‍ക്കുന്നത് ആലോചിക്കുമ്പോള്‍ എന്റെ കാലുകള്‍ക്ക് വല്ലാത്തൊരു anxiety.

കുഞ്ഞായി | kunjai 29 January 2008 at 03:49  

ഫോട്ടോസും അടിക്കുറുപ്പും കലക്കി.
അഭിനന്ദനങ്ങള്‍

Unknown 29 January 2008 at 09:31  

ശ്വാസം നിലച്ചുപോയി..

മന്‍സുര്‍ 29 January 2008 at 10:28  

നിരക്ഷരന്‍...

ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.
ഉല്ലാസയാത്രക്ക്‌ മലമുകളിലേക്ക്‌ റോപ്പ്‌ വെയിലൂടെ പോകുന്ന
ഒരനുഭവം.....

റ്റാറ്റ കാണിക്കുന്ന ആളുടെ ഇടത്ത്‌ ഭാഗത്ത്‌
ഒരു ബ്ലോഗ്ഗര്‍ നില്‍ക്കുന്നത്‌ കണ്ടില്ലേ

സാഹസികമായി....എടുത്ത ചിത്രങ്ങള്‍
അടുത്ത ബ്ലോട്ടോ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്‌.

നന്‍മകള്‍ നേരുന്നു

നിരക്ഷരൻ 29 January 2008 at 13:42  

from Raman Joshy joshykr@gmail.com 10:27 am
to Manoj Ravindran manojravindran@gmail.com
date Jan 29, 2008 10:27 AM
subject Hm....

ഒരു സംശയം!!
ഗരുഡന്‍ തൂക്കത്തില്‍ എന്തിനാ ക്രൈന്‍ എല്ലാം ...
കപ്പലിന്റെ സൈഡ് ഒന്നു ചരിച്ചു കൊടുത്താല്‍ പോരെ
--------------------------------

from meriliya louis
meriliya1969@yahoo.com.au
12:00 pm (1 hour ago)
to Manoj Ravindran manojravindran@gmail.com
date Jan 29, 2008 12:00 PM
subject adventurous photos !!!!!!!!!!!!!!!!!!!!
signed-by yahoo.com.au

hi manoj,
seen all the photos
wow!!!!!!!!!

very hard job
thanks for the very nice photos.
be careful

meriliya

ഏറനാടന്‍ 29 January 2008 at 16:26  

അത്യപൂര്‍‌വരംഗങ്ങള്‍ അതിസാഹസികകാഴ്‌ചകള്‍ അപാരമായി ഒപ്പിയെടുത്ത താങ്കളെ നമിക്കാതെ വയ്യ...

ഗീത 30 January 2008 at 17:45  

ഇതൊക്കെ കാണുമ്പോള്‍ ദൈവം എന്നെ ഒരു ആണായി ജനിപ്പിച്ചില്ലല്ലോ എന്നു സങ്കടപ്പെടുകയാണ്...
ഇതൊക്കെ ഒരു അനുഭവമല്ലേ നിരക്ഷരന്‍?
എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ?

pts 1 February 2008 at 11:28  

ഫോട്ടോകളെല്ലാം നന്നായി.

കാനനവാസന്‍ 2 February 2008 at 08:12  

ചിത്രങ്ങള്‍ കൊള്ളാം....അപൂര്‍വ്വ കാഴ്ച്ചകള്‍‍...

കാപ്പിലാന്‍ 3 February 2008 at 01:34  

eda bhayankara ,, ithu kollaamallo

ഹരിശ്രീ 3 February 2008 at 10:55  

കൊള്ളാം ഭായ്,

നല്ല ചിത്രങ്ങള്‍...

:)

K M F 9 February 2008 at 15:42  

photos ellam nannayirikkunnu

നിരക്ഷരൻ 11 February 2008 at 09:37  

ശിവകുമാറേ - അരിക്കാശ് ആരെങ്കിലും ചുമ്മാ വീട്ടില്‍ കൊണ്ടുവന്ന് തരുന്നത് വരെ ഇതൊക്കെ ചെയ്യാതെ വയ്യ മാഷേ :)

പ്രയാസീ - ഞാന്‍ ഒരു ലോഗിങ്ങ് എഞ്ചിനീയറാണ് മാഷേ. സ്ഥിരം ഓഫ്‌ഷോറിലൊന്നുമല്ല. ഓണ്‍ഷോറിലും, ഓഫീസിലുമൊക്കെ പണിയെടുക്കും.

വാല്‍മീകീ - നമ്മുടെ ഒരു മന്തിപുംഗവന്‍ പറഞ്ഞതുപോലെ ഇനി ചിക്കനും , മുട്ടേം കഴിക്കണമെന്നാണോ :)

ഗോപന്‍ - കൂടുതല്‍ പച്ചരി വാങ്ങാന്‍ പറ്റിയാല്‍ കൂടുതല്‍ പടം പോസ്റ്റ് ചെയ്യാം. എന്നാലും ആ വാല് ഞാന്‍ മാറ്റൂല മാഷേ. ബൂലോക പടം പിടുത്ത പുലികളുടെ ഇടയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അങ്ങിനെ ചില വാചക കസര്‍ത്തൊക്കെ ഇല്ലാതെ പറ്റില്ല.

ഒരു ദേശാഭിമാനീ - വെള്ളിയാഴ്ച ദിവസം ബസുമതി അരി വാങ്ങാറുണ്ട്, കൈയ്യില്‍ കാശ് ഉണ്ടെങ്കില്‍ മാത്രം :)

ജിഹേഷേ - പുതിയ അറിവ് നേടാ‍നും, കാഴ്ച്ചകള്‍ കാണാനും വന്നതിന് നന്ദീട്ടോ.

പ്രിയ ഉണ്ണികൃഷ്ണന്‍ - കുത്തരിയൊക്കെ തിന്ന കാലം മറന്നു. ചുമ്മാ കൊതിപ്പിക്കാണ്ട്, ഒന്ന് പോയേ... :)

ഷാരൂ - എന്നാപ്പിന്നെ പ്രിയയോട് പറഞ്ഞത് അവിടേം വരവ് വെച്ചോ :)

ശ്രീ - ഇപ്പോ കേട്ടില്ലേ... ? :)
അതുല്ല്യേച്ചീ - ഈ വഴി വന്നതിന് നന്ദീട്ടോ.
വേണൂ - നന്ദി.
സിന്ധൂ - നന്ദി.
കുട്ടൂ - നന്ദി.

മൂര്‍ത്തീ - ഇപ്പോ കണ്ടില്ലേ. അതല്ലെ ഞാന്‍ കാണാക്കാഴ്ച്ചകള്‍ കാണിക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. :)

നിലാവര്‍ നിസ - ആരോടാണ് ചോദിക്കുന്നത്? :) മലയാളം തന്നെ മര്യാദക്ക് അറിയാത്തതുകൊണ്ടാണ് നിരക്ഷരന്‍ എന്ന് പേരിട്ടിരിക്കുന്നത്. അതിനിടയില്‍ ഇംഗ്ലീഷിലെ പദത്തിന്റെ അര്‍ത്ഥം ചോദിക്കുന്നോ ? :) :)

സുഹൃത്തേ - ഇനി ആ ഒരു പോലീസ് സ്റ്റേഷന്‍ തൂക്കത്തിന്റെ കൂടെ കുറവേ ഉള്ളൂ. :)

നിഷ്ക്കളങ്കന്‍ - വല്ലാത്തജീവിതം തന്നെ അല്ലേ ?

പപ്പൂസേ - അസൂയപ്പെട്ടോ, അതിനൊന്നും എനിക്ക് ഒരു വിരോധോമില്ല. പക്ഷെ ഓസീയാറടിച്ച് ഇതില്‍ കയറാമെന്നൊന്നും വിചാരിക്കണ്ട കേട്ടോ .... :)

നജ്ജീം - ബൂലോകരുടേ കാര്യം പിടി കിട്ടിയല്ലോ. :)

റീനി - കാലുകള്‍ക്ക് എന്തോന്നാ ആയത് ? ങ്ങാ..അതെന്തായാലും കൊള്ളാം എന്തോന്നാ വിളിച്ചേ.. ‘നിരേക്ഷേ‘ എന്നോ? അതുകൊള്ളാല്ലോ ? ഇനി അങ്ങിനെ ഒരു പേര് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. :)

കുഞ്ഞായീ - കുറെ കേറി മറിയുന്നതല്ലേ ഇതിനകത്ത് ? അപ്പോഴൊന്നും ഒരു പോസ്റ്റിടുന്നതിനെപ്പറ്റി ആലോചിച്ചില്ല അല്ലേ ? :)

ആഗ്നേയാ - ഡോക്ടറെ വിളിക്കണോ ?
മന്‍സൂറേ - അടുത്ത ബ്ലോട്ടൊ പ്രദര്‍ശനത്തില്‍ ഇടണേ ... :)

ജോഷീ - കപ്പല് മുക്കണം എന്ന് പറയാതിരുന്നത് ഭാഗ്യം. :)

മെറിലിയ - നന്ദി.

ഏറനാടാ - എനിക്ക് ഇതിന്റെ മുകളീന്ന് കൈവിട്ട് നമിക്കാനൊന്നും വയ്യാട്ടോ. താഴെ വീണാല്‍ പെറുക്കിയെടുക്കാന്‍ പോലും മിച്ചം കാണില്ല. :)

ഗീതാഗീ‍തികളേ - അടുത്തജന്മത്തില്‍ ആണായിപ്പിറന്ന് ദിവസവും ഇതുപോലെ ഗരുഡന്‍ തൂങ്ങാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. :) :)
എന്നെ തല്ലല്ലേ....:)

പി.ടി.എസ്. - നന്ദി.
കാനനവാസന്‍ - നന്ദി.
കാപ്പിലാന്‍ - നന്ദി.
ഹരിശ്രീ - നന്ദി.
കെ.എം.എഫ്. - വളരെ നന്ദി.

ഗരുഡന്‍ തൂക്കത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

ആഷ | Asha 25 February 2008 at 17:17  

നിരക്ഷ്കു, എക്സ്‌ക്ലൂസീവായ ഈ ഗരുഡന്‍തൂക്കം കാണിച്ചു തന്നതിനു നന്ദി.

Manikandan 6 May 2008 at 18:02  

Thanks for sharing the adventures of offshore work. Your blogs are very. interesting and informative. Excellent photos. Simple descriptions. Great.

Sulfikar Manalvayal 4 June 2010 at 22:52  

നല്ല വിവരണങ്ങള്‍........

അനില്‍ഫില്‍ (തോമാ) 8 January 2011 at 13:46  

മനോജേട്ടാ.. ഓണ്‍ഷോറില്‍ ഉള്ളപ്പോള്‍ കരാമ വഴിക്കു വാ.. കുത്തരിച്ചോറു കഴിച്ചിട്ട് പോകാം

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP