Sunday 13 June 2010

ബാംബൂ റാഫ്റ്റിങ്ങ്



റമ്പികുളം ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ബാംബൂ റാഫ്റ്റിങ്ങിന് തയ്യാറെടുക്കുന്ന ഫോറസ്റ്റ് ഗാര്‍ഡും തുഴക്കാരും. നാല് തുഴക്കാരെങ്കിലും വേണം ഒരു റാഫ്റ്റിനെ മുന്നോട്ട് നീക്കാന്‍. മുളകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ബാംബൂ റാഫ്റ്റില്‍ കയറി യാത്ര ചെയ്യാന്‍, കോരിച്ചൊരിയുന്ന മഴയത്ത് ആരും വരില്ലെന്ന് കരുതുന്നവര്‍ക്ക് തെറ്റി.

പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇത്തരം യാത്രകള്‍. പറമ്പികുളത്ത് ഇതുപോലുള്ള നിരവധി വിസ്‌മയങ്ങള്‍ സഞ്ചാരികളേയും കാത്തിരിക്കുന്നുണ്ട്. കണ്ടില്ലെന്ന് എത്രനാള്‍ നടിക്കാനാവും യാത്രികര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ?

Friday 4 June 2010

പ്ലാറ്റ് ഫോം



ടുക്കടലില്‍ എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ് ഫോം ആണ് ചിത്രത്തില്‍. ഞങ്ങള്‍ എണ്ണപ്പാടത്തൊഴിലാളികള്‍ ഇതിനെ ജാക്കറ്റ് എന്നും വിളിക്കാറുണ്ട്.

പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യഭാഗത്തായി (ഇടത്തുനിന്നും വലത്തുനിന്നും മൂന്നാമത് ) കാണുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള പൈപ്പാണ് എണ്ണക്കിണര്‍‍. കൃത്യമായി പറഞ്ഞാല്‍ അത് എണ്ണക്കിണറിന്റെ ഒരു കവചം മാത്രമാണ്. കേസിങ്ങ് എന്ന് ഞങ്ങളതിനെ പറയും. അതിനുള്ളിലായിരിക്കും ട്യൂബിങ്ങ് എന്ന സാക്ഷാല്‍ എണ്ണക്കിണര്‍.

നാടന്‍ കുഴല്‍ക്കിണറുകളെപ്പോലെ തന്നെയുള്ള ഒരു എണ്ണക്കിണറിന്റെ ട്യൂബിങ്ങിലൂടെയോ കേസിങ്ങിലൂടെയോ മനുഷ്യജീവികള്‍ക്ക് കടന്നുപോകാനൊന്നും പറ്റില്ല. ഇനി അഥവാ പോകാന്‍ സാധിച്ചാലും ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം ആഴത്തിലേക്ക് നീളുന്ന എണ്ണക്കിണറിലെ അതിസമ്മര്‍ദ്ദവും ഉഗ്രതാപവും താങ്ങാന്‍ ആര്‍ക്കുമാവില്ല.

ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ എണ്ണപ്പാടത്തുള്ളവര്‍ സ്ഥിരം കേള്‍ക്കാറുള്ള ഒരു ചോദ്യമുണ്ട്.

“നിങ്ങള്‍ ഈ എണ്ണക്കിണറിലേക്കൊക്കെ ഇറങ്ങിച്ചെല്ലാറുണ്ടോ ? “

ഞങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാനാകില്ലെങ്കിലും ഈ ജാക്കറ്റിലിരുന്ന്, പല മെക്കാനിക്കല്‍ ഉപകരണങ്ങളും ഇലക്‍ട്രോണിക്‍സ് ഉപകരണങ്ങളും ഞങ്ങള്‍ താഴേക്ക് കൊണ്ടുപോകുകയും തിരിച്ചെടുക്കയും ചെയ്യാറുണ്ട്. അത്തരം ഒരു ജോലിക്കിടയില്‍ ഷാര്‍ജയിലെ ഒരു ഓഫ്‌ഷോര്‍ എണ്ണപ്പാടത്തുനിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചിത്രമെടുത്തിരിക്കുന്നത്, ജാക്കറ്റിലേക്കെത്താന്‍ ഞങ്ങള്‍ പലപ്പോഴും ആശ്രയിക്കുന്ന ബോട്ടുകളില്‍ ഒന്നില്‍ നിന്നാണ്.

എണ്ണപ്പാടത്ത് മിക്കവാറുമിടങ്ങളില്‍ ക്യാമറ നിഷിദ്ധമാണ്. ഈ ഒരു എണ്ണപ്പാടത്ത് (ഏതാണെന്ന് പറയില്ല) ക്യാമറ അനുവദിക്കുമെന്നുള്ളതുകൊണ്ടുതന്നെ ഇവിടെച്ചെന്നാല്‍ പടം പിടുത്തം ഞങ്ങളൊരു ആഘോഷമാക്കാറുണ്ട്. അത്തരം ചില ചിത്രങ്ങള്‍ ദാ ഇവിടെയും ഇവിടെയും ഇവിടെയുമുണ്ട്.

ഇന്ത്യക്കാര്‍ കാറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതുകൊണ്ടാണ് ഓയല്‍ വില വര്‍ദ്ധിച്ചതെന്ന് പ്രസ്ഥാവനയിറക്കിയ ബരാക്ക് ഒബായ്ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP