Friday 4 June 2010

പ്ലാറ്റ് ഫോം



ടുക്കടലില്‍ എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ് ഫോം ആണ് ചിത്രത്തില്‍. ഞങ്ങള്‍ എണ്ണപ്പാടത്തൊഴിലാളികള്‍ ഇതിനെ ജാക്കറ്റ് എന്നും വിളിക്കാറുണ്ട്.

പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യഭാഗത്തായി (ഇടത്തുനിന്നും വലത്തുനിന്നും മൂന്നാമത് ) കാണുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള പൈപ്പാണ് എണ്ണക്കിണര്‍‍. കൃത്യമായി പറഞ്ഞാല്‍ അത് എണ്ണക്കിണറിന്റെ ഒരു കവചം മാത്രമാണ്. കേസിങ്ങ് എന്ന് ഞങ്ങളതിനെ പറയും. അതിനുള്ളിലായിരിക്കും ട്യൂബിങ്ങ് എന്ന സാക്ഷാല്‍ എണ്ണക്കിണര്‍.

നാടന്‍ കുഴല്‍ക്കിണറുകളെപ്പോലെ തന്നെയുള്ള ഒരു എണ്ണക്കിണറിന്റെ ട്യൂബിങ്ങിലൂടെയോ കേസിങ്ങിലൂടെയോ മനുഷ്യജീവികള്‍ക്ക് കടന്നുപോകാനൊന്നും പറ്റില്ല. ഇനി അഥവാ പോകാന്‍ സാധിച്ചാലും ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം ആഴത്തിലേക്ക് നീളുന്ന എണ്ണക്കിണറിലെ അതിസമ്മര്‍ദ്ദവും ഉഗ്രതാപവും താങ്ങാന്‍ ആര്‍ക്കുമാവില്ല.

ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ എണ്ണപ്പാടത്തുള്ളവര്‍ സ്ഥിരം കേള്‍ക്കാറുള്ള ഒരു ചോദ്യമുണ്ട്.

“നിങ്ങള്‍ ഈ എണ്ണക്കിണറിലേക്കൊക്കെ ഇറങ്ങിച്ചെല്ലാറുണ്ടോ ? “

ഞങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാനാകില്ലെങ്കിലും ഈ ജാക്കറ്റിലിരുന്ന്, പല മെക്കാനിക്കല്‍ ഉപകരണങ്ങളും ഇലക്‍ട്രോണിക്‍സ് ഉപകരണങ്ങളും ഞങ്ങള്‍ താഴേക്ക് കൊണ്ടുപോകുകയും തിരിച്ചെടുക്കയും ചെയ്യാറുണ്ട്. അത്തരം ഒരു ജോലിക്കിടയില്‍ ഷാര്‍ജയിലെ ഒരു ഓഫ്‌ഷോര്‍ എണ്ണപ്പാടത്തുനിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചിത്രമെടുത്തിരിക്കുന്നത്, ജാക്കറ്റിലേക്കെത്താന്‍ ഞങ്ങള്‍ പലപ്പോഴും ആശ്രയിക്കുന്ന ബോട്ടുകളില്‍ ഒന്നില്‍ നിന്നാണ്.

എണ്ണപ്പാടത്ത് മിക്കവാറുമിടങ്ങളില്‍ ക്യാമറ നിഷിദ്ധമാണ്. ഈ ഒരു എണ്ണപ്പാടത്ത് (ഏതാണെന്ന് പറയില്ല) ക്യാമറ അനുവദിക്കുമെന്നുള്ളതുകൊണ്ടുതന്നെ ഇവിടെച്ചെന്നാല്‍ പടം പിടുത്തം ഞങ്ങളൊരു ആഘോഷമാക്കാറുണ്ട്. അത്തരം ചില ചിത്രങ്ങള്‍ ദാ ഇവിടെയും ഇവിടെയും ഇവിടെയുമുണ്ട്.

ഇന്ത്യക്കാര്‍ കാറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതുകൊണ്ടാണ് ഓയല്‍ വില വര്‍ദ്ധിച്ചതെന്ന് പ്രസ്ഥാവനയിറക്കിയ ബരാക്ക് ഒബായ്ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു.

27 comments:

നിരക്ഷരൻ 4 June 2010 at 12:57  

ഇന്ത്യക്കാര്‍ കാറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതുകൊണ്ടാണ് ഓയല്‍ വില വര്‍ദ്ധിച്ചതെന്ന് പ്രസ്ഥാവനയിറക്കിയ ബരാക്ക് ഒബായ്ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു.

Mohanam 4 June 2010 at 14:09  

സമര്‍പ്പണം കൊള്ളാം,

ഇവിടൊന്ന് കയറിപ്പറ്റാന്‍ എന്താണൊരു വഴി

അലി 4 June 2010 at 14:35  

ഇങ്ങനത്തെ കാണാകാഴ്ചകൾ പോരട്ടെ!
ഒബാമയ്ക്ക് ലിങ്ക് അയച്ചില്ലേ.

shaji.k 4 June 2010 at 14:59  

അപ്പൊ ഇവിടെ നിന്നാണ് ഡോളര്‍ വരുന്നത് അല്ലേ.

റിഗും ഇതും തമ്മില്‍ എന്താ വ്യതാസം,അല്ലെങ്കില്‍ ഇതിനെയും റിഗ് എന്ന് പറയുമോ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് 4 June 2010 at 15:31  

സമർപ്പണത്തിനു ഒരു ഹാറ്റ്സ് ഓഫ് :)

കൂതറHashimܓ 4 June 2010 at 15:35  

നല്ല വിവരണം
കുഞ്ഞ്യേ പടത്തിന് വല്യേ വിവരണം... :)

Vayady 4 June 2010 at 16:04  

ബാരക്ക് ഒബാമയെ പ്രതിനിധീകരിച്ച് ഞാനീ സമര്‍‌പ്പണം ഏറ്റു വാങ്ങുന്നു.:):)

വിവരണത്തിനു നന്ദി.

ഉപാസന || Upasana 4 June 2010 at 16:38  

:-)

ശ്രീ 4 June 2010 at 16:41  

സമര്‍പ്പണം നന്നായി

krishnakumar513 4 June 2010 at 17:23  

നല്ല ചിത്രവും,വിവരണവും.

സജി 4 June 2010 at 20:56  

ഇവിടെപ്പോയി ഇരുന്നു ഉറക്കം തൂങ്ങിയിട്ടാണു ഈ ഡോളറെല്ലാം വാരിക്കൂട്ടുന്നത്?!

പക്ഷേ, സംഭവം അല്പം ഭീകരം തന്നെ!

അരുണ്‍ കരിമുട്ടം 5 June 2010 at 00:42  

ചിത്രത്തിനും വിവരണത്തിനും നന്ദി :)

Naushu 5 June 2010 at 08:00  

സമര്‍പ്പണം നന്നായി..

ചിത്രവും വിവരണവും സൂപ്പര്‍ ആയിട്ടുണ്ട്

Sarin 5 June 2010 at 08:11  

nice info & pics
thanks for sharing

Sarin 5 June 2010 at 08:12  

off topic: enna padathe kurichu paranjapol aanu ithu ivide share cheyan thonniyathu...

http://www.facebook.com/l.php?u=http%3A%2F%2Fwww.boston.com%2Fbigpicture%2F2010%2F06%2Fcaught_in_the_oil.html&h=ecc21

jayalekshmi 5 June 2010 at 08:51  

excellent..........

ചേച്ചിപ്പെണ്ണ്‍ 5 June 2010 at 09:42  

:)
കണ്ടിട്ട് കുറച്ചു പേടി ഒക്കെ ആവുന്നു ......

krish | കൃഷ് 5 June 2010 at 12:11  

നല്ല വിവരണം.
ഒരു ഷിഫ്റ്റ് 8 മണിക്കൂറ് ആണോ, അതില്‍ കൂടുതല്‍ ആണോ. ചില വലിയ ഓഫ്‌ഷോര്‍ പ്ലാറ്റുഫോമുകളില്‍ ഹെലികോപ്റ്റര്‍ മുഖേനെയും എത്താമല്ലോ.

Unknown 5 June 2010 at 20:25  

നല്ല ചിത്രവും വിവരണവും നിരക്ഷരൻ ചേട്ടാ

Sulfikar Manalvayal 6 June 2010 at 12:43  

തീര്‍ച്ചയായും ഉപകാരപ്രദമായ വിവരണവും ചിത്രങ്ങളും.ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഒരിക്കലും കാണാനൊ അറിയാനോ പറ്റാത്ത ഒരു മേഖലാ പരിചയപ്പെടുത്തിയതിന് നന്ദി.

Sulfikar Manalvayal 6 June 2010 at 12:44  

വായാടി എന്നാണവോ ഒബാമയുടെ പി. ആര്‍. ഓ ആയത്?

ഒരു നുറുങ്ങ് 6 June 2010 at 18:09  

സമര്‍പ്പണം ഗംഭീരമായി !
ഇതിന്‍ പിന്നിലെആത്മസമര്‍പ്പണം ആരറിയുന്നു ! റിഗ്ഗിലുംഎണ്ണപ്പാടങ്ങളിലുമായി ദിവസങ്ങളോളം കരകാണാതെ ,കടുത്തജോലി
ചെയ്തുണ്ടാക്കുന്ന ഡോളറിന്‍റെ എണ്ണവും വണ്ണവും
മാത്രമെ മറ്റുള്ളവ്ര്ക്കറിയൂ !! കാറ്റിലും കോളിലും
ഉലഞ്ഞാടി ഹെലികോപ്റ്ററിലും മറ്റും ഈ
കിണറുകള്‍ക്ക് മുകളിലെ പ്ലേറ്റ്ഫോമില്‍ ഇറങ്ങി
ഡ്യൂട്ടിനിര്‍വഹിക്കുന്നവരുടെ കഷ്ടപ്പാടുകള്‍
പലരും പറയുന്നത് കേട്ടറിഞ്ഞിട്ടുള്ളതാണ്‍...
അത്തരം അനുഭവങ്ങള്‍ കൂടി പങ്ക് വെക്കുമെന്ന്
പ്രതീക്ഷിക്കുന്നു.

Unknown 6 June 2010 at 19:41  

കൊള്ളാട്ടാ നല്ല അറിവു

Manikandan 6 June 2010 at 19:48  

മനോജേട്ടാ ഇതില്‍ ആര്‍ക്കും താമസിക്കുന്നതിനുള്ള സൌകര്യം ഇല്ലെ? സാധാരണയായി ഇവിടെ പണിയെടുക്കുന്ന ആളുകള്‍ക്ക് താമസിക്കാനുള്ള സൌകര്യവും ഇത്തരം പ്ലാറ്റ് ഫോമുകളില്‍ ഉണ്ടാവില്ലെ. പിന്നെ ഒരു സുഹൃത്തിന്റെ സംശയം ഞാനും ആവര്‍ത്തിക്കുന്നു. റിഗ്ഗ് പ്ലറ്റ്‌ഫോമും തമ്മില്‍ എന്താണ് വ്യത്യാസം?

നിരക്ഷരൻ 7 June 2010 at 04:49  

പ്ലാറ്റ് ഫോം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി. ഹാരോണ്‍ ചേട്ടന്റെ കമന്റ് മനസ്സില്‍ തട്ടി.

@ മോഹനം - ഇവിടെ കയറിപ്പറ്റുന്നത് അത്ര എളുപ്പമല്ല :)

@ അലി - ഒബാമയ്ക്ക് ലിങ്ക് അയക്കാനോ ? എന്റെ പൊഹ കാണണം അല്ലേ ?

@ ഷാജി ഖത്തര്‍ - ഇതിനെ റിഗ്ഗ് എന്ന് പറയില്ല. ഇതിനെ പ്ലാറ്റ് ഫോം, ജാക്കറ്റ് എന്നൊക്കെത്തന്നെയാണ് പറയുക. റിഗ്ഗ് എന്ന് പറഞ്ഞാല്‍ ഇതിനേക്കാള്‍ പല മടങ്ങ് വലിപ്പമുള്ളതാണ്. ഒരു എണ്ണക്കിണര്‍ കുഴിക്കാനും, പിന്നീട് അതിലെ അറ്റകുറ്റപ്പണികള്‍ക്കുമാണ് റിഗ്ഗ് ഉപയോഗിക്കുന്നത്. റിഗ്ഗ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഇത്തരം പ്ലാറ്റ് ഫോമുകളുടെ അടുത്തെത്തിയാല്‍ തന്റെ ഉയരമുള്ള കാലുകള്‍ വെള്ളത്തിനടിയിലെ കടലിന്റെ അടിത്തട്ടില്‍ കുത്തി റിഗ്ഗ് വെള്ളത്തിന്റെ ഉപരിതലത്തില്‍ നിന്ന് ഈ പ്ലാറ്റ് ഫോമിന്റെ മുകളില്‍ അല്ലെങ്കില്‍ ഇതിനേക്കാള്‍ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കും. എന്നിട്ട് ഈ എണ്ണക്കിണറിലെ ട്യൂബിങ്ങ് വലിച്ച് വെളിയില്‍ എടുക്കാനോ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താനോ തുടങ്ങും. ജോലി കഴിഞ്ഞാല്‍ സ്വന്തം കാലുകള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ത്തി റിഗ്ഗ് അടുത്ത പ്ലാറ്റ് ഫോമിലേക്ക് അല്ലെങ്കില്‍ പുതിയ ഒരു എണ്ണക്കിണര്‍ കുഴിക്കാനുള്ള ലൊക്കേഷനിലേക്ക് യാത്രയാകും. റിഗ്ഗുകള്‍ ഒരിടത്തും ഇതുപോലെ സ്ഥിരമായി നില്‍ക്കാറില്ല. റിഗ്ഗിന്റെ ചിത്രവുമായി പിന്നീടൊരിക്കല്‍ വരാം. ബാര്‍ജ് എന്ന ഒരു സംഭവം കൂടെയുണ്ട്. അതിനെപ്പറ്റിയും പിന്നീടൊരിക്കല്‍ പറയാം.

@ കൃഷ് ഏട്ടാ - എന്റെ ഒരു ഷിഫ്റ്റ് 12 മണിക്കൂര്‍ ആണ്. എന്നുവെച്ചാല്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ. ഇതിനിടയില്‍ മുഴുവന്‍ സമയവും ജോലിയില്‍ ആയിരിക്കണമെന്നില്ല. പക്ഷെ ജോലി വന്നാല്‍ ചെയ്യുകയും വേണം. ബാക്കിയുള്ള 12 മണിക്കൂര്‍ സ്റ്റാന്റ് ബൈ ആണ്. എന്നുവെച്ചാല്‍ അത്യാവശ്യത്തിന് വിളിച്ചാല്‍ ഏത് പാതിരായ്ക്കും, ഉറക്കത്തിനിടയിലും ഹാജരായിക്കൊള്ളണം എന്നര്‍ത്ഥം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ അത്തരം സന്ദര്‍ഭങ്ങള്‍ മൂന്നോ നാലോ പ്രാവശ്യമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് സത്യം. ഇങ്ങനെ തുടര്‍ച്ചയായി, (ഞായര്‍ ശനി വെള്ളി ഓണം വിഷു പെരുന്നാള്‍ എന്നിങ്ങനെയുള്ള അവധികളൊന്നും ഇല്ലാതെ) ജോലി ചെയ്യുന്നവരാണ് എണ്ണപ്പാടത്തുള്ളവര്‍ എല്ലാവരും. അതുകൊണ്ടാണ് ഒരു മാസം ജോലി കഴിയുമ്പോള്‍ അവര്‍ക്ക് ഒരുമാസം അവധി കൊടുക്കുന്നത്.

@ ഒരു നുറുങ്ങ് - ചേട്ടാ. ആ കമന്റിന് നന്ദി :)

@ മണികണ്ഠന്‍ - മണിക്കുള്ള മറുപടി ഷാജി ഖത്തറിന് കൊടുത്തിട്ടുണ്ട്. മുകളില്‍ വായിക്കൂ.

പ്രവീണ്‍ വട്ടപ്പറമ്പത്ത്, കൂതറ ഹാഷിം, വായാടി, ഉപാസന, ശ്രീ, കൃഷ്ണകുമാര്‍ 513, സജി, അരുണ്‍ കായംകുളം, നൌഷു, സറിന്‍, ജയലക്ഷ്മി, ചേച്ചിപ്പെണ്, അനൂപ് കോതനെല്ലൂര്‍, സുള്‍ഫി, നാടകക്കാരന്‍, ..... എല്ലാവര്‍ക്കും നന്ദി.

Unknown 7 June 2010 at 13:22  

ഗള്‍ഫിലാണെങ്കിലും എണ്ണ പാടങ്ങലെക്കുറിച്ചും അവിടുത്തെ ജോലിയെക്കുറിച്ചും ഒന്നും വല്യ പിടിയില്ല. ഇങ്ങനെയൊക്കെ ഓരോ കാര്യങ്ങള്‍ അറിയാന്‍ സഹായിക്കുന്ന പോസ്റ്റുകള്‍ക്ക് നന്ദി. ചിത്രവും വിവരണവും നന്നായി...

മാനവധ്വനി 17 July 2010 at 13:48  

നല്ല അറിവു പകരുന്ന ഫോട്ടോ .. അഭിനന്ദനങ്ങൾ
സമര്‍പ്പണം നന്നായി..

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP