ഗരുഡന്‍ തൂക്കം
എണ്ണപ്പാടത്തെ ഒരു സ്ഥിരം കാഴ്ച്ചയുടെ ചില ചിത്രങ്ങളാണിത്. പക്ഷെ ഈ ചിത്രങ്ങള്‍ പുറം ലോകത്ത് കാണാന്‍ ബുദ്ധിമുട്ടാണ്. എണ്ണപ്പാടത്ത് എല്ലായിടത്തും ക്യാമറ അനുവദനീയമല്ല എന്നതുതന്നെയാണ് അതിന്റെ കാരണം.
ഒരു കപ്പലില്‍ നിന്നാണ് ഈ പടം എടുത്തിരിക്കുന്നത്. താഴെ വെള്ളത്തിലുള്ള ബോട്ടിലേക്ക് ഒരു ചരടിന്റെ അറ്റത്ത് തൂങ്ങിപ്പോകുന്ന ഒരു ബാസ്ക്കറ്റും അതിലേക്ക് നോക്കി നില്‍ക്കുന്ന കുറെ ആളുകളേയും കണ്ടുവോ ?
ആ ബാസ്ക്കറ്റ് ബോട്ടില്‍ എത്തുന്നതും അവരെല്ലാം അതില്‍ ചാടിക്കയറിയിരിക്കും.
എല്ലാം വളരെപ്പെട്ടെന്നായിരുന്നു. അവരാ ബാസ്ക്കറ്റില്‍ കയറിയതും, ബാസ്ക്കറ്റ് മുകളിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.
ബാസ്ക്കറ്റ് ഒരു ക്രെയിനിലാണ് തൂക്കിയിട്ടിരിക്കുന്നത്. ആ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക്, സിഗ്നല്‍ കൊടുക്കുന്ന സഹായിയെ മുകളിലെ ചിത്രത്തില്‍ കാണാം.
ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആളെയും കണ്ടില്ലേ ?
ബാസ്ക്കറ്റ് യാത്രക്കാരതാ കപ്പലിന്റെ മെയിന്‍ ഡക്കില്‍ എത്തിക്കഴിഞ്ഞു.
ബാസ്ക്കറ്റ് നിലം തൊട്ടു. എല്ലാവരും താഴെയിറങ്ങുകയായി.
ഇനി, ഇതേ ബാസ്ക്കറ്റ് യാത്രയുടെ, താഴെ ബോട്ടില്‍ നിന്നുള്ള ചില ചിത്രങ്ങള്‍.
കുറച്ചുപേര്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
അവരതാ ബോട്ടില്‍ എത്താനായിക്കഴിഞ്ഞു.
ബാസ്ക്കറ്റിന്റെ അടിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു വള്ളിയില്‍പ്പിടിച്ച്, ബാസ്ക്കറ്റിനെ ഉദ്ദേശിച്ച സ്ഥാനത്ത് ഇറക്കാന്‍ സഹായിക്കുന്ന ഒരാളെക്കാണാമല്ലോ ? എപ്പോളും അങ്ങിനൊരാള്‍ ബാസ്ക്കറ്റ് നിയന്ത്രിക്കാന്‍ ഉണ്ടാകണമെന്നൊന്നുമില്ല.
ഇനിയതാ കുറെ വിദ്വാന്മാര്‍ വീണ്ടും മുകളിലേക്ക് പോകുന്നു.അവരുടെ നെഞ്ചോട് ചേര്‍ത്ത് ഓറഞ്ച് നിറത്തില്‍ പാള പോലെ ഒന്ന് കെട്ടിവച്ചിരിക്കുന്നത് കണ്ടില്ലേ ? അതൊരു ലൈഫ് വെസ്റ്റാണ്. ഈ ഗരുഡന്‍ തൂക്കത്തിനിടയില്‍ എപ്പോഴെങ്കിലും കൈവിട്ട് വെള്ളത്തില്‍ വീണാല്‍, നീന്തലറിയാത്തവരാണെങ്കില്‍പ്പോലും മുങ്ങിപ്പോകാതെ ഫ്ലോട്ട് ചെയ്യാന്‍ ഈ ലൈഫ് വെസ്റ്റ് സഹായിക്കും.
ഇനി ഏതെങ്കിലും യാത്രക്കാരന് ഇടയ്ക്കെപ്പോഴെങ്കിലും തലകറങ്ങി വെള്ളത്തില്‍ വീണുപോകുമെന്ന് തോന്നിയാല്‍, ഈ ബാസ്ക്കറ്റിന്റെ നടുക്ക് കാണുന്ന വൃത്തത്തിലേക്ക് കയറി ഇരിക്കുന്നതിന് അനുവാദമുണ്ട്.
ചിരിച്ചുല്ലസിച്ച്, ഒരു കൈ വിട്ട് റ്റാറ്റായൊക്കെ കൊടുത്ത് മുകളിലേക്ക് പോകുന്ന ഈ വിദ്വാന്മാരിലൊരാള്‍ ഒരു ബ്ലോഗറാണ്.
അതാലോചിച്ച് ഇനിയാരും തല പുണ്ണാക്കുകയൊന്നും വേണ്ട. ആ ബ്ലോഗര്‍ ഈയുള്ളവന്‍ തന്നെ.
എണ്ണപ്പാടത്ത്, പ്രത്യേകിച്ച് ഓഫ്ഷോറില്‍ മിക്കവാറും ആളുകളെ ബോട്ടില്‍ നിന്ന് കപ്പലിലേക്കും, അല്ലെങ്കില്‍ പ്ലാറ്റ്ഫോമുകളിലേക്കും, റിഗ്ഗുകളിലേക്കും, ബാര്‍ജുകളിലേക്കുമൊക്കെ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നത് ഈ ബാസ്ക്കറ്റ്കളിലൂടെയാണ്. ഈ ചിത്രങ്ങളില്‍ കാണുന്നതിന്റെ ഒരുപാട് മടങ്ങ് ഉയരത്തിലേക്കായിരിക്കും പലപ്പോഴും ഈ അപകടം പിടിച്ച യാത്ര.
ഒരിക്കല്‍ ഈ ബാസ്ക്കറ്റ് മുകളിലെത്തിയപ്പോള്‍, ക്രെയിന്‍ തകരാറിലായതുകാരണം, മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ കുറെനേരം തൃശങ്കുസ്വര്‍ഗ്ഗത്തില്‍ നില്‍ക്കേണ്ട അനുഭവം വരെ എനിക്കുണ്ടായിട്ടുണ്ട്.
‘പച്ചരി വാങ്ങാന്‍‘ അങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകള്‍!!