Tuesday 27 May 2008

അടിക്കുറിപ്പ് മത്സരം


സിംഗപ്പൂര്‍ പോയിട്ടുള്ളവരെല്ലാം സെന്റോസാ ഐലന്റും, ജുറോങ്ങ് ബേര്‍ഡ് പാര്‍ക്കും, സുവോളജിക്കല്‍ ഗാര്‍ഡനുമെല്ലാം കാണാതെ മടങ്ങില്ലെന്നാണ് എന്റെ വിശ്വാസം.

സുവോളജിക്കല്‍ ഗാര്‍ഡനിലെ ഒരു സ്ഥിരം രംഗമാണ് മുകളില്‍ കാണുന്നത്. ടിക്കറ്റെടുത്താല്‍ ആ കുരങ്ങച്ചന്മാരുടെ കൂടെയോ അല്ലെങ്കില്‍ നല്ല മഞ്ഞനിറത്തിലുള്ള തടിയന്‍ മലമ്പാമ്പിനെ കഴുത്തിലൂടെ ചുറ്റിയിട്ടോ ഫോട്ടോ എടുക്കാം. ഔദ്യോഗികമായി ഒരു പോളറോയിഡ് പടം അപ്പോള്‍ത്തന്നെ അവര്‍ എടുത്തുതരും. നമുക്കാവശ്യമുള്ളത് സ്വന്തം ക്യാമറയില്‍ വേറെ എടുക്കുകയുമാകാം.

ടിക്കറ്റെടുത്ത് വന്ന് പടമെടുക്കാന്‍ ക്യൂ നിന്നു. മലമ്പാമ്പിനെ കാണാനൊക്കെ നല്ല ഭംഗിയുണ്ട്. എന്നാലും എനിക്കതിനെ കഴുത്തിലൂടെ ചുറ്റുന്ന കാര്യം ഓര്‍ക്കാനേ വല്ല. അതിലും ഭേദം ചിമ്പാന്‍സികള്‍ തന്നെ. വര്‍ഗ്ഗസ്നേഹം കാണിച്ചില്ലാന്ന് പരാതീം ഉണ്ടാകില്ല.

ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ലെങ്കിലും, തൊട്ടടുത്ത് നിന്നിരുന്ന പതിഞ്ഞ മൂക്കുള്ള കക്ഷിയുടെ കയ്യില്‍ ക്യാമറ കൊടുത്ത്, തുരുതുരെ ക്ലിക്ക് ചെയ്തോളാന്‍ ഏര്‍പ്പാടാക്കി.

ഊഴം വന്നപ്പോള്‍ ചെന്ന് ആ കല്ലിലിരുന്നതും, കറങ്ങിയടിച്ച് നടന്നിരുന്ന അവന്മാര് രണ്ടും പറഞ്ഞുവെച്ചിട്ടെന്നപോലെ ഓടി അടുത്തേക്ക് വന്നു. ചെറുതായി ഒന്ന് ഭയന്നെങ്കിലും, അതൊന്നും പുറത്തുകാട്ടാതെ ക്യാമറ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഒരുത്തന്‍ തോളില്‍ കയ്യിട്ട് ഒഫീഷ്യല്‍ ക്യാമറ നോക്കി ഇളിച്ചോണ്ട് നില്‍പ്പായി. മറ്റവന്‍ ആകെ ക്ഷീണിതനായിരുന്നെന്ന് തോന്നി. എന്നാലും മുട്ടിയുരുമ്മി അവനും കല്ലില്‍ വന്നിരുന്നു. ക്യാമറാ ഫ്ലാഷുകള്‍ തുരുതുരെ മിന്നി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രംഗം അങ്ങിനെ സെല്ലുലോയ്‌ഡിലായി.

ഈ ചിത്രത്തിന് ഒരു അടിക്കുറിപ്പ് എഴുതണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് സ്വാഗതം.

Thursday 15 May 2008

മഞ്ഞപ്പാടം പൂത്തു


സന്തം വന്നിട്ട് ദിവസം കുറേയായി. ചില യാത്രകളൊക്കെ നടത്തിയപ്പോള്‍ റോഡിനിരുവശത്തും കണ്ട കാഴ്ച്ചകള്‍, കണ്ണ് മഞ്ഞളിപ്പിച്ചു.

നോക്കെത്താ ദൂരത്ത് മഞ്ഞപ്പാടം പൂത്തുനില്‍ക്കുന്നു. വാഹനം ഒതുക്കി നിറുത്തി പടമെടുക്കാന്‍ പറ്റിയ സൌകര്യം ഇല്ലാത്ത റോഡുകളായിരുന്നു പലയിടത്തും. വാഹനം നിര്‍ത്താമെന്നായപ്പോള്‍ മഞ്ഞപ്പാടത്തിന്റെ പരിസരമല്ല. കുറച്ച് മിനക്കെട്ടിട്ടായാലും അവസാനം വണ്ടി ഒതുക്കി നിറുത്തി കുറച്ച് പടങ്ങള്‍ എടുത്തു.


പൂക്കളുടെ / ചെടിയുടെ പേരാണ് ‘കനോല‘. ഇതില്‍ നിന്ന് കനോല ഓയല്‍ ഉണ്ടാക്കുന്നുണ്ട്. കനോല എന്ന പേര് വന്ന വഴി രസകരമാണ്.

കാനഡയിലാണ് 1970കളില്‍ കനോല ചെടി ബ്രീഡ് ചെയ്തെടുത്തത്. "Canadian oil, low acid" എന്നതിന്റെ ചുരുക്കപ്പേരാണ് കനോല.

പക്ഷെ സായിപ്പ് ഇതിനെ വിളിക്കുന്ന നാടന്‍ പേര് വേറൊന്നാണ്. അതിത്തിരി മോശമാ. എന്നാലും പറയാതെ വയ്യല്ലോ ? പടം എടുത്ത് ഇവിടെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചുപോയില്ലേ ?

ആ പേരാണ് റേപ്പ് സീഡ് (Rape Seed).

ഈ സായിപ്പിനെക്കൊണ്ട് തോറ്റു. ഇത്രേം നല്ല പൂവിനും ചെടിയ്ക്കും ഇടാന്‍ വേറൊരു മാനം മര്യാദേം ഉള്ള പേര് കിട്ടീലേ അതിയാന് ?
-------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://en.wikipedia.org/wiki/Canola

Tuesday 13 May 2008

പാലം വന്നു, പുരോഗതി വന്നു


പാലം വന്നു, പുരോഗതി വന്നു,
പട്ടിണിമരണങ്ങള്‍ എന്നിട്ടുമെന്തേ
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ?
------------------------------------------------------
ഒന്നിലധികം ദ്വീപുകളെ ‘ മെയിന്‍ ലാന്റ് ‘ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം കാണാത്തവര്‍ക്ക് വേണ്ടിയിതാ ഒരു ചിത്രം.

Friday 9 May 2008

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്



ഗോവയിലെ പല ബീച്ചുകളിലും പാരാ സെയിലിങ്ങ് ചെയ്യാനുള്ള സൌകര്യമുണ്ട്. പാരാ സെയിലിങ്ങ് നല്ലൊരു അനുഭൂതിയാണ്. അത് ചെയ്യാനുള്ള ധൈര്യമില്ലെങ്കില്‍ ആ കാഴ്ച്ച കണ്ട് നിന്നാലും മതി. നല്ലൊരു കൌതുകക്കാഴ്ച്ചയാണത്.

ഹണിമൂണ്‍ കപ്പിള്‍സ്‍ ഒരുപാട് എത്തും ഗോവയില്‍. അതിലൊരു കൂട്ടര്‍ പാരാസെയിലിങ്ങിന് തയാറെടുക്കുന്നത് നോക്കി ഒരിക്കല്‍ കുറെ നേരം നിന്നു, ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ നിഷാ‍ദും.

എന്റെ കയ്യില്‍ ക്യാമറ കണ്ടപ്പോള്‍, പടം എടുത്ത് കൊടുക്കാമോന്ന് അവര്‍ ചോദിച്ചു. ബോട്ട് കെട്ടിവലിച്ച് നീങ്ങുന്ന പാരച്ച്യൂട്ടില്‍ ആ യുവമിഥുനങ്ങള്‍ ആകാശത്ത് പറന്ന് പൊങ്ങുന്നത് തുരുതുരാ ക്ലിക്ക് ചെയ്തു. ആ പടങ്ങള്‍ അവര്‍ക്ക് പിന്നീട് അയച്ച് കൊടുക്കുകയും ചെയ്തു. അതില്‍ ചില പടങ്ങള്‍ അവരുടെ അനുവാദത്തോടെതന്നെ മുകളില്‍ ഇട്ടിരിക്കുന്നു.

പക്ഷെ, എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഈ ഹണിമൂണ്‍ കപ്പിള്‍സും, ഭാര്യാഭര്‍ത്താക്കന്മാരുമൊക്കെ പാരാസെയിലിങ്ങ് നടത്തുന്നിടത്ത് സംഘാടകരില്‍ ഒരുത്തനെന്തിനാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായി ആ ചിത്രത്തില്‍ കാണുന്നതുപോലെ തൂങ്ങിക്കിടക്കുന്നത് ?

Tuesday 6 May 2008

ക്രിസ്‌‌മസ്സ് ട്രീ



ന്താ ജോലി / എവിടെയാ ജോലി ? “

“ ഞാന്‍ ഓയല്‍ ഫീല്‍ഡിലാ. “

“ റിഗ്ഗിലാണോ ? “


80% പേരുടേയും രണ്ടാമത്തെ ചോദ്യം അതായിരിക്കും.

എന്താണ് റിഗ്ഗ് എന്നറിയില്ലെങ്കിലും, ഓയല്‍ ഫീല്‍ഡെന്നു പറഞ്ഞാല്‍ റിഗ്ഗാണെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളുടേയും വിചാരം. ബാക്കിയുള്ള 20% ജനങ്ങളുടെ ചോദ്യങ്ങള്‍ താഴെപ്പറയുന്ന പ്രകാരമായിരിക്കും.

1. ഡ്രില്ലിങ്ങിലാണോ ? (2%)
2. മാഷേ, ഈ എണ്ണക്കിണറിനൊക്കെ എത്ര ആഴം കാണും ? (5%)
3. നിങ്ങളീ എണ്ണക്കിണറിന്റെ അടിയിലേക്കൊക്കെ ഇറങ്ങി പോകാറുണ്ടോ ? (13%)

മുകളില്‍ കാണുന്ന ചിത്രത്തിലെ ചുവന്ന തൊപ്പിക്കാരന്‍ കയറി നില്‍ക്കുന്നത് ഒരു എണ്ണക്കിണറിന്റെ മുകളിലാണ്. അയാളുടെ ഇടത് ഭാഗത്ത് മുകളിലേക്ക് നീണ്ടുനില്‍ക്കുന്നതാണ് ഒരു എണ്ണക്കിണറിന്റെ മുകള്‍ഭാഗം. അഞ്ചോ ആറോ ഇഞ്ച് വ്യാസമുള്ള ആ കുഴലില്‍ക്കൂടെ എങ്ങിനെയാണ് ഈ എണ്ണക്കിണറിലേക്ക് ഇറങ്ങിപ്പോകാന്‍ പറ്റുക ?

കുഴല്‍ക്കിണറില്‍ വെള്ളം മുകളിലേക്ക് കയറി വരുന്ന പൈപ്പുപോലെ തന്നെ, എണ്ണ മുകളിലേക്ക് കയറി വരുന്ന ഒരു പൈപ്പാണ് ഈ എണ്ണക്കിണറും. എണ്ണ മുകളിലെത്തിയാല്‍ അതിന്റെ ഒഴുക്ക് (Flow) നിയന്തിക്കാനും, തിരിച്ചുവിടുവാനും മറ്റുമായി ആ പൈപ്പില്‍ ചില അനുബന്ധ വാല്‍‌വുകളും, പൈപ്പുകളും മറ്റും ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് മാത്രം. അതെല്ലാം കൂടെ ചേര്‍ന്നുള്ള സംവിധാനമാണ് ചിത്രത്തില്‍ കാണുന്നത്. ഈ സംവിധാനം ക്രിസ്‌‌‌മസ്സ് ട്രീ (Christmas Tree) എന്ന രസകരമായ പേരിലാണ് അറിയപ്പെടുന്നത്. അതുപോലൊരു ക്രിസ്‌‌മസ്സ് ട്രീയുടെ മുകളില്‍ കയറിനിന്നാണ് ക്രൂഡോയലില്‍ കുളിച്ച് ആ ചുവന്ന തൊപ്പിക്കാരന്‍, പച്ചരി വാങ്ങാനുള്ള കാശിനായി, കാര്യമായിട്ട് എന്തോ ജോലി ചെയ്യുന്നത്.

അടുത്ത പ്രാവശ്യം ഓയല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഒരാളെ കാണുമ്പോള്‍ ചോദിക്കേണ്ട ചോദ്യം ഇപ്പോള്‍ പിടികിട്ടിയില്ലേ ?
ഇല്ലെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞുതരാം.

“ മാഷേ, നിങ്ങളീ ക്രിസ്‌മസ്സ് ട്രീയുടെ മുകളിലൊക്കെ കയറിയിട്ടുണ്ടോ ? “

Saturday 3 May 2008

വിളക്കുമരം


തൊരു വിളക്കുമരത്തിന്റെ ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മുസരീസ് എന്ന പേരില്‍ പ്രസിദ്ധമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ കവാടത്തില്‍, കടലിലേക്ക് കല്ലിട്ട് ഉണ്ടാക്കിയിട്ടുള്ള പുലിമുട്ടിലാണ് (Break water wall) ഇത് നിന്നിരുന്നത്.

കടലില്‍ നിന്ന് കരയിലേക്ക് കയറി വരുന്ന മത്സ്യബന്ധനബോട്ടുകള്‍‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറി അപകടം ഉണ്ടാകുന്നത് ഒരു നിത്യസംഭവമായിരുന്നു, 70 കളില്‍. അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ലക്ഷക്കണക്കിന് രൂപാ ചിലവിട്ട് സര്‍ക്കാര്‍ പുലിമുട്ടുണ്ടാക്കി. പുലിമുട്ടിന്റെ അറ്റത്ത് ഈ വിളക്കുമരവും സ്ഥാപിക്കപ്പെട്ടു.

മണ്ണെണ്ണയൊഴിച്ചുവേണം വിളക്കുമരം തെളിയിക്കാന്‍. കുറേ നാള്‍ ആ കര്‍മ്മം നാട്ടുകാരും, പൌരസമിതിയുമൊക്കെ നടത്തിപ്പോന്നു. നാട്ടുകാരുടെ പണവും ആവേശവും തീര്‍ന്നപ്പോള്‍ വിളക്കുമരം തെളിയാതായി.

വീണ്ടും കുറെ നാള്‍ കഴിഞ്ഞപ്പോള്‍, ഇതുപോലെ ചില ചിത്രങ്ങള്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട്, പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ട ഒരു തുറമുഖത്തിന്റെ അവസാനത്തെ ചിഹ്നങ്ങളിലൊന്നായിരുന്ന വിളക്കുമരവും ആ പുലിമുട്ടില്‍ നിന്ന് അപ്രത്യക്ഷമായി.
-------------------------------------------------------------

മുസരീസ് തുറമുഖത്തിന്റെ ഇപ്പോഴത്തെ ഒരു ഗൂഗില്‍ ചിത്രം പുതുതായി ഈ പോസ്റ്റില്‍ ചേര്‍ക്കുന്നു. രണ്ടുവശത്തേക്കും കടലിലേക്ക് നീണ്ടുനില്‍ക്കുന്ന സംഭവമാണ് പുലിമുട്ടുകള്‍. രണ്ട് കരയിലും ഓരോ പുലിമുട്ടികള്‍ വീതം ഉണ്ട്. മുകളില്‍ കാണുന്നത് അഴീക്കോട് കര, താഴെ കാണുന്നത് മുനമ്പം കര. മുനമ്പം കരയിലെ വിളക്കുമരമാണ് ആദ്യത്തെ ചിത്രത്തിലുള്ളത്. അഴീക്കോട് കരയിലെ വിളക്കുമരവും അപ്രത്യക്ഷമാ‍യി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പുലിമുട്ടുകള്‍ക്ക് വശങ്ങളിലായി വെളുത്ത നിറത്തില്‍ കാണുന്നത്, പുലിമുട്ട് സ്ഥാപിച്ചതിനുശേഷം മണ്ണടിഞ്ഞുണ്ടായ മണല്‍ത്തിട്ടകള്‍ അധവാ ബീച്ചുകളാണ്. പുലിമുട്ടുകളില്‍ നിന്ന് കടലിലേക്ക് കാണപ്പെടുന്ന ചില ചെറു വരകള്‍ ശ്രദ്ധിച്ചോ ? അതെല്ലാം ചീനവലകളാണ്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP