Friday 29 August 2008

ജെല്ലി ഫിഷ്


കുട്ടിക്കാലത്ത്, ജെല്ലി ഫിഷിന്റെ ചില വകഭേദങ്ങളെ വീടിനരികിലുള്ള തോട്ടിലെല്ലാം കണ്ടിട്ടുണ്ട്. അന്നതിനെ ‘പോള‘ എന്നാണ് വിളിച്ചിരുന്നത്. ജീവനുള്ള ഒരു മത്സ്യമാണതെന്ന് തീരെ അറിയില്ലായിരുന്നു.

മുകളിലെ ചിത്രത്തില്‍ കാണുന്ന ജെല്ലി ഫിഷിനെ കണ്ടത് സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ അണ്ടര്‍‌വാട്ടര്‍ വേള്‍‌ഡിലെ അക്വേറിയത്തിലാണ്. ചിത്രത്തില്‍ കാണുന്ന പിങ്ക് നിറം അതിന്റെ ശരിയായ നിറമല്ല. അക്വേറിയത്തിലെ ലൈറ്റിന്റെ നിറം മാറുന്നതിനനുസരിച്ച് ജെല്ലി ഫിഷിന്റെ നിറവും മാറിക്കൊണ്ടിരുന്നു. മണിക്കൂറുകളോളം നോക്കി നിന്നാലും മടുക്കാത്ത ഒരു കാഴ്ച്ചയാണത്.

ജെല്ലി ഫിഷുകളുമായി ബന്ധപ്പെടുത്തി ഒരു പരിസ്ഥിതി ദുരന്തം നടക്കുന്നുണ്ട്. ജെല്ലി ഫിഷാണെന്ന് തെറ്റിദ്ധരിച്ച് വെള്ളത്തില്‍ ഒഴുകി നടക്കുന്ന പ്ലാസിക്ക് കൂടുകളെ തിന്ന് നൂറുകണക്കിന് പക്ഷികളും മറ്റ് മത്സ്യങ്ങളും വര്‍ഷാവര്‍ഷം ചത്തൊടുങ്ങുന്നുണ്ട്. നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കൂടുകള്‍ വരുത്തിവെക്കുന്ന വിന നാമുണ്ടോ അറിയുന്നു ?!

Friday 15 August 2008

സ്വതന്ത്രരാണോ ?


ന്ന് സ്വാതന്ത്ര്യദിനം.

61 കൊല്ലം കഴിഞ്ഞിരിക്കുന്നു സ്വാതന്ത്രം കിട്ടിയിട്ട്. പക്ഷെ, നാം ശരിക്കും സ്വതന്ത്രരാണോ ?

നിരാഹാരം കിടന്നും, ചോര ചിന്തി പോരാടിയും, ജീവന്‍ ബലികഴിച്ചും, വെള്ളക്കാരനില്‍ നിന്ന് നേടിയെടുത്ത സ്വാതന്ത്രം ഏതെല്ലാം മേഖലകളിലാണ് നാം അടിയറ വെച്ചിരിക്കുന്നത് ?!

എന്തായാലും, വീണ്ടുമൊരു സ്വാതന്ത്രസമരമുണ്ടാകുന്നതുവരെ ചാച്ചാ നെഹ്രുവായും ഇന്ദിരാഗാന്ധിയായും വേഷമണിഞ്ഞ് സ്കൂളിലേക്ക് പോകാന്‍ നില്‍ക്കുന്ന നിഷ്ക്കളങ്കരായ ഈ പുതുതലമുറയുടെ ഒപ്പം ഭേഷായിട്ട് നമുക്കും ഈ സ്വാതന്ത്രദിനം അഘോഷിച്ചുകളയാം, അല്ലേ ?

എല്ലാവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍.
--------------------------------------------------------------------------------
കഴിഞ്ഞ വര്‍ഷം ഇതേദിവസം ബ്ലാംഗ്ലൂരില്‍ റോഡരുകില്‍ കണ്ട ഒരു കാഴ്ച്ചയാണ് മുകളിലെ ചിത്രത്തില്‍.

Friday 1 August 2008

ബൂലോക വള്ളം കളി


ണം ഇങ്ങടുത്തു. വള്ളം കളികളൊക്കെ തുടങ്ങുകയായി.

ബൂലോകര്‍ എല്ലാവരും കൂടി ഒരു ചുണ്ടന്‍ വള്ളത്തില്‍ക്കയറി വള്ളംകളി മത്സരത്തില്‍ പങ്കെടുത്താല്‍ എങ്ങിനിരിക്കും?

ആലോചിട്ട് മനസ്സിന്റെ ഇടുങ്ങിയ ഫ്രെയിമില്‍ ആ കാഴ്ച്ച ഉള്‍ക്കൊള്ളാനായില്ല. എങ്കില്‍പ്പിന്നെ ശരിക്കും ഒരു ചുണ്ടന്‍ വള്ളം വാങ്ങി അതില്‍ നല്ല തടിമിടുക്കുള്ള ബൂലോകരെയെല്ലാം കയറ്റി ഒരു വള്ളംകളി സംഘടിപ്പിച്ചാലോ ? പക്ഷെ വള്ളം കളി സീസണായതുകൊണ്ട് ചുണ്ടന്‍ വള്ളം എങ്ങും കിട്ടാനില്ല. മട്ടാഞ്ചേരി ജ്യൂതത്തെരുവില്‍ ഒരു ചുണ്ടന്‍ വള്ളം കിട്ടാനുണ്ടെന്ന് ആരോ പറഞ്ഞുകേട്ടതനുസരിച്ച് അങ്ങോട്ട് വിട്ടു. സംഭവം ശരിയാണ്, ചുണ്ടന്‍ വള്ളം ഒരെണ്ണം കടയിലുണ്ട്. വില എത്രയാണെന്ന് തിരക്കിയപ്പോള്‍ വീണ്ടും നിരാശപ്പെടേണ്ടി വന്നു. അവരത് വില്‍ക്കുന്നില്ല പോലും!

എന്നെക്കണ്ടിട്ട് ഒരു ചുണ്ടന്‍ വള്ളം വാങ്ങാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നില്ലേ ? ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു വലിയ നിലക്കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി. ഹേയ്.......... ചുണ്ടന്‍ വള്ളം വില്‍ക്കാതിരിക്കാനുള്ള കാരണം അതൊന്നുമല്ല. ചുണ്ടന്‍ വള്ളങ്ങളുടെ നീളം എല്ലാവരും കണ്ടിരിക്കുമല്ലോ ? എറണാകുളത്തെ റോഡുകളിലൂടെ ഈ ചുണ്ടന്‍ വള്ളം ലക്ഷ്യസ്ഥാനത്തെത്തിക്കുക അസാദ്ധ്യമായ കാര്യമാണ്.

പിന്നെങ്ങനെ ഇവന്‍ ഈ കടയില്‍ എത്തി എന്ന് ഒരു മറുചോദ്യം വന്നേക്കാം. ഉത്തരം രസകരമാണ്. കടയുടെ കുറച്ച് പുറകിലായി കായലാണ്. കായലിലൂടെ ചുണ്ടന്‍ വള്ളം കടയുടെ പുറകിലെത്തി. അവിടന്ന് കരമാര്‍ഗ്ഗം ചുണ്ടനെ അകത്തേക്ക് കയറ്റാന്‍ വേണ്ടി കടയുടെ ഒന്നുരണ്ട് ചുമരുകള്‍ വെട്ടിപ്പൊളിച്ചു. ചുണ്ടന്‍ വള്ളം കടയ്ക്കകത്തേക്ക് നെഹ്രു ട്രോഫി ഒന്നാം സമ്മാനം നേടിയ ഗര്‍വ്വോടെ കയറിയിരുന്നു.

ഇനിയിപ്പോ ഇതാര്‍ക്കെങ്കിലും വില്‍ക്കണമെങ്കില്‍ കട വീണ്ടും വെട്ടിപ്പൊളിക്കണം. അതുകൊണ്ട് അവര് വള്ളം വില്‍ക്കണ്ടാന്ന് തീരുമാനിച്ചു. നല്ലൊരു കാഴ്ച്ചവസ്തുവായിട്ട് അത് അവിടത്തന്നുണ്ടാകും.

വില്‍ക്കുന്നുണ്ടായിരുന്നെങ്കില്‍ ഇപ്രാവശ്യത്തെ നെഹ്രുട്രോഫി ബൂലോകചുണ്ടനുതന്നെയായിരുന്നു.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP