തലക്കെട്ട് വായിച്ചിട്ട് എന്തെങ്കിലും പുതുമ തോന്നുന്നുണ്ടോ?
നമ്മളില്‍ പലര്‍ക്കും ഈ ചിത്രത്തിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്നതുപോലെ(NEW TO YOU CHARITY SHOP) ഇത് പുതിയത് തന്നെയായിരിക്കും. ഇന്ത്യയിലോ, അറബിരാജ്യങ്ങളിലോ ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടില്ല. ആരെങ്കിലും കണ്ടിട്ടുണ്ട്, ഇതിനൊരു പുതുമയും ഇല്ല എന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. കാണാത്തവര്‍ക്ക് വേണ്ടി ഒന്ന് വിശദീകരിക്കാം.
ഞാനിത് കണ്ടത് ഇംഗ്ലണ്ടിലാണ്. മറ്റ് പല പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഷോപ്പുകള്‍ ഉണ്ടാകുമായിരിക്കാം.
ഇതൊരു ചാരിറ്റി ഷോപ്പാണ്. നമ്മുടെ വീട്ടിലെ ആവശ്യമില്ലാത്തതും, ഉപയോഗപ്രദമായിട്ടുള്ളതുമായ, കേടുപാടുകള്‍ ഒന്നും ഇല്ലാത്ത ഏത് തരം സാധനങ്ങള്‍ വേണമെങ്കിലും നമുക്ക് ഈ കടയില്‍ കൊണ്ടുപോയി നട തള്ളാം. അവരതിനെ കഴുകി തുടച്ച് മിനുക്കി വളരെ ചെറിയ ഒരു വിലയുമിട്ട് വില്‍പ്പനയ്ക്ക് വെയ്ക്കും. എന്നിട്ടതെല്ലാം വിറ്റ് കിട്ടുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. ഇത്തരം കടകളെ ചാരിറ്റി ഷോപ്പ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ ?
ആള്‍ക്കാര്‍ക്ക് ഉപയോഗപ്രദമായിട്ടുള്ളതും, യാതൊരു കേടുപാടുകളില്ലാത്തതുമായ പല സാധനങ്ങളും വളരെ തുച്ഛമായ വിലയ്ക്ക് ഇത്തരം ചാരിറ്റി ഷോപ്പുകളില്‍ നിന്ന് കിട്ടും. ചിലപ്പോള്‍ ബ്രാന്‍ഡ്-ന്യൂ സാധനങ്ങള്‍ വരെ അക്കൂട്ടത്തില്‍ നിന്ന് കിട്ടിയെന്ന് വരാം. പുത്തന്‍ പുതിയ സാധനങ്ങളും ആളുകള്‍ ചാരിറ്റി ഷോപ്പിലേക്ക് സംഭാവന ചെയ്യാറുണ്ട്. അതൊക്കെ ഓരോരുത്തരുടെ മനസ്സിന്റെ വലുപ്പം പോലെ.
വരൂ നമുക്കീ ഷോപ്പിനകത്തേക്കൊന്ന് കയറി നോക്കാം.
ബാഗുകള്‍, ചെരിപ്പുകള്‍, തൊപ്പികള്‍......
കുട്ടിയുടുപ്പുകള്‍, ക്രോക്കറി, വീഡിയോ ടേപ്പുകള്‍,
വസ്ത്രങ്ങള്‍...
നിത്യോപയോഗ സാധനങ്ങള്‍, അടുക്കളപ്പാത്രങ്ങള്‍, കരകൌശല വസ്തുക്കള്‍,
കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍....
സി.ഡി,....വി.സി.ഡി, ബാഗുകള്‍,....
ഫോട്ടൊ ഫ്രെയിമുകള്‍, റെക്കോഡ് പ്ലയറുകള്‍ കാര്‍പ്പറ്റുകള്‍ എന്നിങ്ങനെ എല്ലാമുണ്ടിവിടെ.
പുസ്തകങ്ങളാണ് എന്നെ ഇക്കൂട്ടത്തില്‍ ഏറ്റവും അധികം ആകര്‍ഷിച്ചത്. 25പി(ഏകദേശം 20 രൂപാ) യൊക്കെ കൊടുത്താല്‍ കിട്ടുന്ന പുസ്തകങ്ങളുടെ ശരിക്കുള്ള വില 15 മുതല്‍ 20 പൌണ്ട്(1000 രൂപയ്ക്ക് മുകളില്‍)വരെയാണ്.ഒരു പേജ് പോലും മുഷിയുകയോ, മടങ്ങി വൃത്തികേടാകുകയോ ചെയ്യാത്ത എല്ലാത്തരം പുസ്തകങ്ങളും എനിക്കവിടന്ന് കിട്ടാറുണ്ട്.
ഫര്‍ണീച്ചര്‍, ഷാളുകള്‍ ,.....
ടേബിള്‍ ലാമ്പുകള്‍, ലാമ്പ് ഷേഡുകള്‍ തുടങ്ങി എല്ലാത്തരം സാധനങ്ങളും കിട്ടുന്ന ഈ ചാരിറ്റി ഷോപ്പ് പീറ്റര്‍ബറോ എന്ന സ്ഥലത്ത് ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും 300 മീറ്റര്‍ അപ്പുറത്തുള്ള റോഡിലാണ്. ഇനി നമുക്കാ കൌണ്ടറിലേക്ക് ഒന്ന് എത്തി നോക്കാം.
കൌണ്ടറില്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്ന സ്ത്രീയോട് അനുവാദം വാങ്ങിയിട്ടാണ് ഞാന്‍ ഈ പടങ്ങളൊക്കെ എടുത്തത്. ഞങ്ങളുടെ രാജ്യത്ത് ഇത്തരം ചാരിറ്റി ഷോപ്പുകള്‍ ഒന്നും ഇല്ല. അതുകൊണ്ട് കുറച്ചുപേരെ കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് പടങ്ങള്‍ എടുക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് എന്റെ രാജ്യമേതെന്ന് അറിയണം. എന്നെ കണ്ടാല്‍ പറയില്ലേ ‘മേരാ ഭാരത് മഹാന്‍” ആണെന്ന് ?
ഇന്ത്യാക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യയില്‍ അവര്‍ നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രശ്നങ്ങള്‍ അവര്‍ അക്കമിട്ട് പറഞ്ഞു. സുനാമി ദുരിതത്തില്‍പ്പെട്ടവര്‍ക്ക് അക്കാലത്തും ഇപ്പോഴും അവര്‍ സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അവരുടെ നോട്ടീസ് ബോര്‍ഡില്‍ കിടക്കുന്നതും ഇന്ത്യാക്കാര്‍ക്ക് ഈയടുത്ത് ചെയ്ത സഹായങ്ങളുടെ പടങ്ങളാണ്.
ചാരിറ്റി ഷോപ്പിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍, എന്നും എന്റെ മനസ്സിലുദിക്കുന്ന ചില ചിന്തകളും, ചോദ്യങ്ങളുമുണ്ട്.
നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ ഒരു ചാരിറ്റി ഷോപ്പ് തുടങ്ങിയാല്‍ എങ്ങിനെയുണ്ടാകും ?
അത്തരം ഒരു ഷോപ്പ് വലിയ തട്ടുകേടില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ പറ്റുമോ ?
പറ്റുമെങ്കില്‍, അത് എങ്ങിനെ സാദ്ധ്യമാക്കാന്‍ പറ്റും ?
എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും?
നാട്ടുകാരതിനെ തള്ളുമോ, കൊള്ളുമോ ?
എന്തൊക്കെ സാധനങ്ങളായിരിക്കും നാട്ടുകാര്‍ കൊണ്ടുവന്ന് തരുക?
അതിന്റെ വരുമാനം എന്തെല്ലാം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും ?
മലയാളികള്‍ക്കിടയില്‍ ഒരു ചാരിറ്റി സംസ്കാരം വളര്‍ത്തിയെടുക്കാനെങ്കിലും ഇതുകൊണ്ട് പറ്റിയാല്‍ അതൊരു നല്ല കാര്യമല്ലേ ?
എന്ത് തോന്നുന്നു ?