സ്പാനിഷ് സ്റ്റെപ്സ്
സ്പാനിഷ് സ്റ്റെപ്സ് എന്ന് കേള്‍ക്കുമ്പോള്‍ സംഭവം സ്പെയിനില്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. റോമിലാണ് 1725 ല്‍ നിര്‍മ്മിതമായ ഈ 138 പടികള്‍ നിലകൊള്ളുന്നത്.
Piazza di Spagna അല്ലെങ്കില്‍ സ്പാനിഷ് സ്ക്വയര്‍ എന്നത് റോമിലെ അതിപ്രശസ്തമായ ഒരു മീറ്റിങ്ങ് പ്ലേസ് ആണ്. ഈ സ്ക്വയറില്‍ നിന്ന് Trinita dei Monti എന്ന ഒരു ഫ്രഞ്ച് പള്ളിയിലേക്കാണ് യൂറോപ്പിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള ഈ സ്പാനിഷ് പടികള്‍ നീളുന്നത്.
ഫ്രാന്‍സിലെ രാജാവ് ലൂയി പതിനാലാമന്റെ ഒരു പ്രതിമ മുകളില്‍ സ്ഥാപിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഇന്നസെന്റ് 13 -)മന്‍ മാര്‍പ്പാപ്പ അതിനുപകരമായി Francisco de Sanctis എന്ന ഇറ്റാലിയന്‍ ആര്‍ക്കിടെക്‍റ്റിനെ നിയമിക്കുകയും അദ്ദേഹം പേപസിക്കും* ഫ്രഞ്ച് സര്‍ക്കാരിനും ഇഷ്ടപ്പെട്ട രീതിയില്‍ ഈ പടികള്‍ ഡിസൈന്‍ ചെയ്യുകയുമുണ്ടായി.
18- )0 നൂറ്റാണ്ടില്‍ , റോമിലെ ഏറ്റവും സുന്ദരിമാരും സുന്ദരന്മാരും തടിച്ചുകൂടിയിരുന്നത് ഈ പടികളിലും സ്പാനിഷ് സ്ക്വയര്‍ (Piazza di Spagna) പരിസരത്തുമാണ്. അതിന് കാരണമുണ്ട്. ചിത്രകാരന്മാരും മറ്റ് കലാകാരന്മാരുമൊക്കെയടക്കമുള്ള പ്രമുഖര്‍ അക്കാലത്ത് സമ്മേളിച്ചിരുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കാവശ്യമായ മോഡലുകളെ പല ചിത്രകാരന്മാരും തിരഞ്ഞെടുത്തിരുന്നത് ഈ പരിസരത്തു നിന്നാണ്.
ഇക്കാലത്ത് പോയാലും സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ഒരു കുറവുമില്ല സ്പാനിഷ് സ്റ്റെപ്സിലും സ്പാനിഷ് സ്ക്വയറിലും. ആ സൌന്ദര്യാധാമങ്ങളൊന്നും ക്യാമറയില്‍പ്പെടാതെ സ്പാനിഷ് പടികളുടെ നല്ലൊരു പടമെടുക്കാന്‍ എനിക്കായതുമില്ല.
* പേപസി(Papacy) - റോമന്‍ കാത്തലിക്‍ ചര്‍ച്ച് സര്‍ക്കാര്‍