Tuesday, 30 December 2008

ഗോമടേശ്വരന്‍


ശ്രാവണബേലഗോളയിലെ ജൈനക്ഷേത്രത്തില്‍ നിന്നൊരു കാഴ്ച്ച. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനേക്കാള്‍ ഉയരത്തില്‍ പൊങ്ങിനില്‍ക്കുന്ന 50 അടിക്ക് മേലെ ഉയരമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ ഈ ബാഹുബലിയുടെ(ഗോമധേശ്വരന്‍) മൂര്‍ത്തിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമ. (ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കല്‍പ്രതിമയാണിതെന്നും പറയപ്പെടുന്നുണ്ട്)

തേക്കേ ഇന്ത്യയിലെ വലിയൊരു ജൈന തീര്‍ത്ഥാടനകേന്ദ്രമാണ് ശ്രാവണബേലഗോള. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇവിടത്തെ ഉത്സവാഘോഷങ്ങളെങ്കിലും 3 മാസം വരെ അത് നീണ്ടുനില്‍ക്കും. ഉത്സവകാലത്ത് ഈ മൂര്‍ത്തിയെ പാലിലും, തൈരിലും, നെയ്യിലും, കുങ്കുമത്തിലും സ്വര്‍ണ്ണനാണയത്തിലുമെല്ലാം അഭിഷേകം ചെയ്യുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.

Friday, 26 December 2008

ഗില്‍‍ഡ്‌ഫോ‍ഡ് കാസില്‍


ഇംഗ്ലണ്ടിലെ ഗില്‍‍ഡ്‌ഫോ‍ഡ് (Guildford) പട്ടണത്തില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ‘വില്യം ദ കോണ്‍കറര്‍’ ഉണ്ടാക്കിയ കോട്ട. ചുറ്റും ഉദ്യാനമൊക്കെ വെച്ചുപിടിപ്പിച്ച് ഇന്നും മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സ്വദേശികളും വിദേശികളുമായിട്ടുള്ള സഞ്ചാരികള്‍ ഉദ്യാനത്തിലെ പച്ചപ്പുല്‍‌പരവതാനിയില്‍ മണിക്കൂറുകളോളം വെയില്‍ കാഞ്ഞും പുസ്തകം വായിച്ചുമൊക്കെ ചിലവഴിക്കുന്നു.

കോട്ടയുടെ രൂപം കണ്ടപ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നത് നാട്ടില്‍ വീടിനടുത്തുള്ള ടിപ്പുസുല്‍ത്താന്റെ(പള്ളിപ്പുറം) കോട്ടയാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ നിന്നും കോട്ടയില്‍ കൊണ്ടുപോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. കാട് പിടിച്ച് കാലുകുത്താന്‍ പറ്റാത്തവിധമായിരുന്നു അന്ന് കോട്ടയുടെ അവസ്ഥ. ഇപ്പോള്‍ കോട്ടയിലേക്ക് പ്രവേശനം ഇല്ലെന്നാണ് കേട്ടിട്ടുള്ളത്. കോട്ടയുടെ താക്കോല്‍ തൊട്ടടുത്തുള്ള പള്ളിപ്പുറം പൊലീസ് സ്റ്റേഷനിലാണുള്ളത്.

ഇനിയെന്നെങ്കിലും ആ കോട്ടയുടെ അകത്ത് കയറി കാണാന്‍ സാധിക്കുമോ ? നമ്മുടെ ഭരണവര്‍ഗ്ഗം ആ കോട്ടയെ വേണ്ടവണ്ണം സംരക്ഷിക്കുമോ ? അതോ, നാട്ടിലുള്ള ചരിത്ര സ്മാരകങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ ഇതുപോലുള്ള വിദേശസ്മാരകങ്ങളില്‍ കയറി ഇറങ്ങി നടക്കേണ്ടി വരുമോ ?

Saturday, 13 December 2008

കാടിന്റെ മക്കള്‍


പേരെന്താ ? “
“വെളുത്ത“
“ചക്കി”
“എത്ര വയസ്സായി ?”
“നൂറ്റിരോത് ”
“എമ്പത് ”
“വീടെവിടാ ?”
“അമ്പുമലേല് , മഞ്ചേരി കോലം ജമ്മം“
“അമ്പുമലേല് എന്തൊക്കെയുണ്ട് ?”
“മലേല് ദൈവംണ്ട് “
“നിങ്ങള് കണ്ടിട്ടുണ്ടോ ദൈവത്തെ ?”
“ഓ കണ്ട്‌ട്ട്ണ്ട് “
“ശരിക്കും ദൈവത്തെ കണ്ടിട്ടുണ്ടോ ?”
“കല്ലുമ്മല് കണ്ടിരിക്ക്ണ് “
“നിങ്ങള് ചോലനായ്ക്കരാണോ ?”
“അല്ല, പണ്യര് “
“ആരാ നിങ്ങടെ എം.എല്‍.എ. ? “
“അര്യാടന്‍ മോമ്മദ് ഞാടെ മന്തിരി. ഓരുക്ക് ഞാള് ഇനീം ബോട്ട് ശെയ്യും “
“ഫോട്ടം എടുത്തോട്ടേ ?”
“ ചക്കീ ശിരിക്ക്, പോട്ടം പിടിക്കണ് “
“എന്നാ ശരി പോട്ടെ. പിന്നെ കാണാം”
“ശായപ്പൈശ ബേണം”
“ തോമസ്സുകുട്ടീ വിട്ടോടാ “

Tuesday, 2 December 2008

തമ്പുരാട്ടി വിളക്ക്


കേരളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള ഒരു വിളക്കാണിത്. തമ്പുരാട്ടി വിളക്ക് എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്.

പ്രശസ്തമായ അറയ്ക്കല്‍ കെട്ടിലെ ബീവിയുടെ ഓര്‍മ്മയ്ക്കായി ഈ തമ്പുരാട്ടിവിളക്ക് കെടാതെ സൂക്ഷിച്ചുപോന്നിരുന്നു ഒരു കാലത്ത്. ഈ വിളക്ക് കെട്ടാല്‍ ലോകാവസാനമായെന്ന് ഒരു വിശ്വാസവും ഉണ്ടായിരുന്നു അക്കാലത്ത്. എന്തൊക്കെയായാലും ഈ വിളക്കണഞ്ഞിട്ടിപ്പോള്‍ നാളൊരുപാടായിരിക്കുന്നു.

പഴയ ആ വിശ്വാസത്തിന്റെ ചുവട് പിടിച്ച് നോക്കിയാല്‍ ദജ്ജാലെന്ന ഒറ്റക്കണ്ണന്‍ രാക്ഷസന്റെ വരവടുത്തിരിക്കുന്നതിന്റെ ലക്ഷണങ്ങളല്ലേ നാമിന്ന് ചുറ്റിനും കാണുന്നത് ?

‘കിയാം കരീബ് ‘. ജാഗ്രതൈ.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP