Thursday, 3 July 2008

പ്രതീക്ഷയോടെ....


ന്ന് മറ്റൊരു ഹര്‍ത്താല്‍.

കഴിഞ്ഞ 11 മാസം നാട്ടില്‍ നിന്ന് വിട്ടുനിന്നതുകൊണ്ട് ഈ ഹര്‍ത്താലിനെ ഒരു പുതുമയോടെയാണ് ഞാന്‍ കണ്ടത്. പക്ഷെ നാട്ടില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ ബന്ദ്, ഹര്‍ത്താല്‍ അല്ലെങ്കില്‍ പണിമുടക്ക് എന്നൊക്കെ പറഞ്ഞാല്‍ ഒരു പുതുമയല്ലാതായി മാറിയിരിക്കുന്നു. ഒരു മിന്നല്‍പ്പണിമുടക്ക് വന്നാല്‍പ്പോലും എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ജനങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു.

എറണാകുളം എം.ജി.റോഡിലെ ഒരു ദൃശ്യമാണ് മുകളില്‍. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് പോലും തന്റെ ലോട്ടറി ടിക്കറ്റുകളുമായി വില്‍പ്പനയ്ക്കിറങ്ങിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു പ്രജയെ കണ്ടില്ലേ ? പൂര്‍ണ്ണമായും ശൂന്യമല്ലാത്ത ആ റോഡിലൂടെ ഭാഗ്യാന്വേഷിയായ ആരെങ്കിലും ഒരാള്‍ വരുമെന്ന പതീക്ഷയോടെ കാത്തിരിക്കുന്നു അദ്ദേഹം.

പ്രതീക്ഷയുടെ പ്രതീകമായ ലോട്ടറി ടിക്കറ്റുമായിരിക്കുന്ന ആ ചേട്ടനെപ്പോലെ എനിക്കുമുണ്ട് ഒരു പ്രതീക്ഷ. ജാതിമത ഭേദമില്ലാതെ, കൊടികളുടെ നിറം നോക്കാതെ ഹര്‍ത്താലുകളേയും പണിമുടക്കുകളേയും ബന്ദുകളേയും നമ്മള്‍ മലയാളികള്‍ അല്ലെങ്കില്‍ ഇന്ത്യാക്കാര്‍ നിഷ്ക്കരുണം തള്ളിക്കളയുന്ന ഒരു കാലം വരും. വിപ്ലവാത്മകമായ ആ ദിവസത്തിന്റെ കാലടിയൊച്ചയ്ക്കായി കാത്തിരിക്കാം. ഹൈക്കോടതി പോലും തോറ്റുപോയ സ്ഥിതിക്ക് ഇനി ആ ഒരു പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ.

25 comments:

കുറ്റ്യാടിക്കാരന്‍|Suhair 3 July 2008 at 12:44  

നിരക്ഷരന്‍ ചേട്ടാ,,

ഇന്നും നാട്ടില്‍ ഹര്‍ത്താലായിരുന്നോ? (പത്രം വായിക്കാഞ്ഞത് കാരണം അറിഞ്ഞില്ല).

ഈ മോഹം പൂവണിയുമെന്ന് തോന്നുന്നുണ്ടോ?

കാപ്പിലാന്‍ 3 July 2008 at 14:27  

ആരാണ്ട് പറഞ്ഞത് പോലെ കണിയാര്‍ക്ക് പോലും അറിയില്ല എന്നാണു ബന്ദ് ഇല്ലാത്തതെന്ന് .

ദൈവത്തിന്റെയും ദൈവങ്ങളുടെയും സ്വന്തം നാടേ ..പ്രണാമം

Sharu (Ansha Muneer) 3 July 2008 at 14:54  

മുള്ളും മുനയുമുള്ള ചിത്രം. പക്ഷെ ഇതൊക്കെ കൊണ്ടാലും വേദനയില്ലാത്തവിധം തൊലിക്കട്ടിയുള്ളവരാ ഇതിന്റെയൊക്കെ പിന്നില്‍.

ജിജ സുബ്രഹ്മണ്യൻ 3 July 2008 at 16:01  

പ്രതീകഷയോടെ ഇരിക്കുന്ന ലോട്ടറി കച്ചവടക്കാരന്റെ പടം നന്നായി..പക്ഷേ ഒരു ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍ എന്നെ പോലെ ഉള്ള സര്‍ക്കാരുദ്യോഗസ്ഥര്‍ ആഹ്ലാദ പൂര്‍വം ഒരു അവധി ദിവസം പോലെ ആഘോഷിക്കുകയാണ്..കുറെ പ്രവൃത്തി ദിവസങ്ങള്‍ക്കു ശേഷം ഇടക്കു ഒരു ഹോളിഡേ കിട്ടിയ ഒരു മൂഡിലാ ഞാന്‍ ഇപ്പോള്‍....

എല്ലാ ദിവസവും ഹര്‍ത്താല്‍ ആകട്ടേ എന്നാ എന്റെ ഇപ്പോളത്തെ പ്രാര്‍ഥന..ഹ ഹ ഹ

യാരിദ്‌|~|Yarid 3 July 2008 at 16:09  

ഇനി ഒന്നു കൂടെയുണ്ട്,പത്തിനു, ഭാഗ്യം അന്നു ബസു തടയില്ല, വ്യാപാരി വ്യഭിചാരി സോറി വ്യാപാരി വ്യവസായികളുടെ ഹര്‍ത്താല്‍. അന്നു പക്ഷെ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ പ്രകടനം ഉണ്ടൊ ആവൊ, എന്നിട്ടു വേണം അതിന്റെ മുന്നില്‍ കൂടി പോകുന്ന വഴിയാത്രകാരനെ “വ്യാഫാരി” കള്‍ക്കൊന്നു തല്ലാന്‍..;)

ദിലീപ് വിശ്വനാഥ് 3 July 2008 at 16:32  

ഈ മാസത്തെ ഹര്‍ത്താല്‍ കഴിഞ്ഞോ? എനിക്ക് ഒരുമാസം നാട്ടില്‍ നിന്നപ്പോള്‍ രണ്ട് ഹര്‍ത്താലില്‍ പങ്കെടുക്കാന്‍ പറ്റി.

പാമരന്‍ 3 July 2008 at 17:22  

പ്രതീക്ഷിച്ചോ പ്രതീക്ഷിച്ചോ.. അതിനു ടാക്സൊന്നും കൊടുക്കണ്ടല്ലോ...

നല്ല ചിത്രം..!

siva // ശിവ 3 July 2008 at 17:39  

ഹര്‍ത്താല്‍ ആശംസകള്‍....ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ ഇതൊന്നും ഇവിടെ എഴുതില്ല....നന്നായി ആഘോഷിച്ചേനേ!!!!

സസ്നേഹം,

ശിവ

കണ്ണൂരാന്‍ - KANNURAN 3 July 2008 at 18:20  

ഇന്നു ഭാരത് ബന്ദാണെന്നാ പത്രത്തില്‍ കണ്ടത്, കേരളത്തില്‍ ബന്ദെന്ന പ്രയോഗം പാടില്ലാത്തതിനാല്‍ ഹര്‍ത്താലെന്ന ഓമനപ്പേരിട്ടു വിളിക്കുന്നു എന്നു മാത്രം. ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകത്തിലോ പ്രതിപക്ഷത്തിരിക്കുന്ന ദെല്‍ഹിയിലൊ ഇതൊരു ചലനവും ഉളവാക്കിയില്ലെന്ന് അവിടങ്ങളിലുള്ള സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ മനസ്സിലായി. ഇവിടെ ആര്‍ക്കും എപ്പൊ വേണമെങ്കിലും ഹര്‍ത്താലാഹ്വാനം ചെയ്യാം, കാരണം നാം ഇപ്പോഴും കഴുതകളാണല്ലൊ.. കഷ്ടമെന്നല്ലാതെ എന്തു പറയാനാ...

Manikandan 3 July 2008 at 18:37  

ചേട്ടാ നാട്ടില്‍ അടുപ്പിച്ച് ആഘോഷിക്കുന്ന എത്രാമത്തെ ഹര്‍‌ത്താല്‍‌ ആണിതു. ഞാനും ഇന്നു മുഴുവന്‍‌ സമയവും വീട്ടിലിരുന്നു ഹര്‍‌ത്താല്‍‌ ആഘോഷിച്ചു. എന്തെല്ലാം വാഗ്ദാനങ്ങള്‍ സര്‍ക്കര്‍‌ നല്‍കിയാലും ജനങ്ങള്‍ക്കു സര്‍ക്കാരിന്റെ സംരക്ഷണ വാഗ്ദാ‍നങ്ങളില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതാണ് ഹര്‍‌ത്താല്‍‌ ദിവസം എല്ലാവരും യാത്രചെയ്യാ‍ന്‍‌ മടിക്കുന്നത്‌. വെറുതെ എന്തിനാ കല്ലേറുകൊള്ളുന്നത്‌.

Manikandan 3 July 2008 at 18:41  

ഒന്നെഴുതാന്‍‌ മറന്നു. ഒരു രണ്ടു ദിവസം മുന്‍പായിരുന്നെങ്കില്‍ ഈ റോഡുകാണുമായിരുന്നില്ല. ഒന്നരയടി ഉയരത്തില്‍ വെള്ളം ആയിരുന്നു. ആകെ കിട്ടിയ ശക്തമായ ഒരു മഴ; റോഡിനെ തോടാക്കിമാറ്റി.

Gopan | ഗോപന്‍ 4 July 2008 at 00:23  

ഹര്‍ത്താല്‍ നിര്‍ത്തിയാല്‍ അത് കേരളമല്ലാതാവും, മനോജേ..മലയാളീസിന്‍റെ മര്‍മ്മത്തില്‍ തൊടരുത് ട്ടാ..
എന്തിനേറെ.... ബ്ലോഗില്‍വരെ ഹര്‍ത്താല്‍ വന്നില്ലേ. ? :)

മാന്മിഴി.... 4 July 2008 at 04:33  

എന്തിനാ ആവശ്യമില്ലാത്ത പ്രതീക്ഷകളൊക്കെ......വിട്ടുകള മാഷെ,...

Lathika subhash 4 July 2008 at 05:55  

അമ്പാടീ, പടവും കുറിപ്പും അത് പ്രസിദ്ധീകരിച്ച
സമയവും നന്നാ‍യി..
ഞാന്‍ ഈ നാട്ടുകാരി അല്ലേ......

ശ്രീ 4 July 2008 at 08:24  

അങ്ങനെ നമുക്കും പ്രതീക്ഷിയ്ക്കാം
:)

Jayasree Lakshmy Kumar 4 July 2008 at 12:02  

'പണിമുടക്കുകളേയും ബന്ദുകളേയും നമ്മള്‍ മലയാളികള്‍ അല്ലെങ്കില്‍ ഇന്ത്യാക്കാര്‍ നിഷ്ക്കരുണം തള്ളിക്കളയുന്ന ഒരു കാലം വരും.'

hope so

Unknown 4 July 2008 at 16:37  

ഹര്‍ത്താലുകള്‍ അരങ്ങ് തകര്‍കട്ടേ അങ്ങനെ നാടു
ഉണരട്ടേ
ജനങ്ങള്‍ പണിയില്ലാത്തവരും മഠിയമാരും ആയി തീരട്ടെ
അങ്ങനെ ഏല്ലാവരും ജയിക്കട്ടേ

Typist | എഴുത്തുകാരി 5 July 2008 at 06:38  

പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ആ പ്രതീക്ഷ പൂവണിയും എന്ന പ്രതീക്ഷ വേണ്ടെന്നാ എനിക്കു തോന്നുന്നതു്.

ഹരിശ്രീ 8 July 2008 at 13:37  

നാട്ടില്‍ ഹര്‍ത്താല്‍ ഇന്ന് ഒരു ഉത്സവം ആയാണ് ആഘോഷിക്കുന്നത്...അല്ലേ ??

കാന്താരിക്കുട്ടി ചേച്ചിയുടെ കമന്റ് കണ്ടില്ലേ???

നിരക്ഷരൻ 8 July 2008 at 13:54  

നാട്ടിലെത്തിയപ്പോള്‍ ആദ്യത്തെ ഹര്‍ത്താല്‍ എങ്ങിനെയുണ്ടെന്ന് അറിയാന്‍ റോട്ടിലിറങ്ങി ഷേണായീസ് കവല വരെ നടക്കുന്നതിനിടയില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഞാന്‍ എല്ലാ ബൂലോകരുടെ കൂടെയും പങ്കുവെച്ചത്.

ഒന്നെനിക്ക് മനസ്സിലായി ഹര്‍ത്താലും ബന്ദുമൊക്കെ ഹരിശീ പറഞ്ഞതുപോലെ ജനങ്ങള്‍ ആഘോഷിക്കുക തന്നെയാണ്. ശിവയുടേയും, കാന്താരിക്കുട്ടിയുടേയും കമന്റുകള്‍ അതിന് അടിവരയിടുന്നുണ്ട്.

ഷെറിക്കുട്ടിയും എഴുത്തുകാരിയുമൊക്കെ പറഞ്ഞ അഭിപ്രായങ്ങള്‍ ശരിയാണെന്ന് തോന്നുന്നു. എന്റെ പ്രതീക്ഷ അസ്ഥാനത്താണ്........ :( :(

എങ്കില്‍പ്പിന്നെ ഞാനും ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ തുടങ്ങാം. “If you cannot beat them, join them.“ എന്നാണല്ലോ ?!!

ഈ ബന്ദ് ആഘോഷത്തില്‍ എന്നോടൊപ്പം പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

സ്നേഹതീരം 12 July 2008 at 10:26  

ഹര്‍ത്താല്‍ ദിവസം ഞാനും ഓഫീസില്‍ പോയില്ല. പോയിരുന്നെങ്കില്‍, ക്യാമറയുമായി നല്ലൊരു ഫോട്ടോയ്ക്കുള്ള സ്കോപ് നോക്കി,എം.ജി.റോഡിലൂടെ നടക്കുന്ന നിരക്ഷരന്റെ ഫോട്ടോ ഞാനെടുത്തേനെ :)

പോസ്റ്റ് അവസരോചിതമായി,ട്ടോ. ഫോട്ടോയും അസ്സലായി :)

മാണിക്യം 15 July 2008 at 04:24  

മലയാളിയുടെ ദുരവസ്ഥ
എന്തിനു പ്രതിഷേധിക്കണം
എന്തിനു പ്രതികരിക്കണം
എന്നുള്ള തിരിച്ചറിവ് നഷ്ടപ്പെട്ടതാണ്.
കടമകള്‍ മറന്നു കടപ്പാടുകള്‍ മറന്നു
എന്താണവകാശം എന്നറിയാത്ത
99% സാക്ഷരനേടിയ കേരളം.
ചുമതലാ ബോധമില്ലായ്മയും
നിരുത്തരവാദിത്വവും ആണ് ഈ ബന്തും ഹര്‌ത്താലും, എത്ര മാത്രം “മാന്‍ പവ്വര്‍‌” ആണു
നശിപ്പിക്കുന്നത് നഷ്ടമാക്കുന്നത്
സ്വന്തം രാജ്യം നാശത്തിലേക്ക് കൂപ്പു കുത്താന്‍
അഹ്വാനം ചെയ്യുന്ന് രാഷ്ട്രീയ കോമാളികളെ വേണോ നാം നേതാവേ എന്നു വിളിക്കാന്‍ ?

ഒരു ദിവസം മൌനം ആചരിച്ചു കൊണ്ട്
പ്രതിഷേധിക്കരുതോ?

നിരക്ഷരൻ 15 July 2008 at 04:53  

ഒരു ദിവസം 3 മണിക്കൂര്‍ അധികം ജോലി ചെയ്ത് പ്രതിഷേധിക്കാന്‍ എത്രപേര്‍ തയ്യാറുണ്ട് ? വായ മൂടിക്കെട്ടി വേണമെങ്കില്‍ അങ്ങിനെ അല്ലാതെ വേണമെങ്കില്‍ അങ്ങനെ. ജോലി ചെയ്യാതെ പ്രതിഷേധിക്കാന്‍ വളരെ എളുപ്പമാണ്.

ഇന്നലെ പട്ടിമറ്റത്ത് ഹര്‍ത്താലായിരുന്നു.
ഇന്ന് കോതമംഗലത്ത് ഹര്‍ത്താലാണ്.
ഈ മാസം 20 ന് നല്ലപാതി മടങ്ങിപ്പോകുകയാണ്. പക്ഷെ എങ്ങിനെ എയര്‍‌പ്പോര്‍ട്ടില്‍ എത്തുമെന്ന് അറിയില്ല. കാരണം അന്ന് ഒരു ഹര്‍ത്താല്‍ ഉണ്ട്. ഒരു പരിചയക്കാരന്റെ വിവാഹം അതുകൊണ്ട് തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി.

ഹര്‍ത്താ‍ലിന് ആഹ്വാനം ചെയ്യാത്ത പാര്‍ട്ടിക്കാര്‍ക്കേ വോട്ട് ചെയ്യൂ എന്ന് പറഞ്ഞ് നോക്കിയാലോ ?

Sarija NS 17 July 2008 at 12:13  

അതെ നിരക്ഷരാ നമ്മുടെ നാട് വിവരമില്ലാത്ത രാഷ്ട്രീയക്കാരുടെ ചവിട്ടടിയിലാണ്. ഒരു എന്‍‌ട്രന്‍സ് എക്സാം എങ്കിലും പാസാകാന്‍ കഴിയുന്ന ഒരാളെങ്കിലും നമ്മുടെ രാ‍ഷ്ട്രീയത്തിലുണ്ടോ? ഉണ്ടാവില്ല. കാരണം അവര്‍ക്കൊന്നും പുസ്തകം വലിച്ചു കീറിയെറിയാന്‍ മാത്രമുള്ള മനസ്സുറപ്പൂണ്ടാകില്ല. കുത്തകമുതലാളിമാരെയും സ്വാശ്രയ കോളേജുകളെയും എതിര്‍ക്കാം , പക്ഷെ നേതാക്കന്‍‌മാരുടെ മക്കള്‍ പടിക്കാനും ജോലി ചെയ്യാനും തിരഞ്ഞെടുക്കുന്നത് ഇതൊക്കെ താന്നെയല്ലെ? ഇവരുടെ ആരുടെയെങ്കിലും മക്കള്‍ ചുവരെഴുതാനൊ പോസ്റ്റര്‍ ഒട്ടിക്കാനോ ഇറങ്ങാറുണ്ടൊ? പാവപ്പെട്ടവണ്ടെ നിഷ്ക്കളങ്കതയ്യും ആത്മാര്‍ത്ഥയും ചൂഷണം ചെയ്ത് വളരുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോട് എനിക്കു വെറുപ്പാണ്‌

നിരക്ഷരൻ 20 July 2008 at 15:12  

ഇന്ന് ജയിംസ് മാഷെ ചവിട്ടിക്കൊന്നതിന്റെ പേരില്‍ മലപ്പുറത്തും തൃശൂരുമൊക്കെ ഹര്‍ത്താലായിരുന്നു. നാളെ അതിന്റെ പേരില്‍ത്തന്നെ വിദ്യാഭ്യാസ ബന്ദാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ സ്ക്കൂള്‍ട്ടീച്ചറെ ഇന്നലെ കണ്ടിരുന്നു. കഴിഞ്ഞ ഏതോ ഒരു ഹര്‍ത്താലിന് ഒഴിവ് നികത്താന്‍ അടുത്ത ശനിയാഴ്ച്ച ക്ലാസ്സ് ഉണ്ടായിരിക്കും എന്ന് പറഞ്ഞു. നാളത്തെ വിദ്യാഭ്യാസ ബന്ദിന്റെ പകരത്തിന് അതിനടുത്ത ശനിയാഴ്ച്ച പഠിപ്പ് ഉണ്ടാകുമായിരിക്കും.
ഇങ്ങനെ പോയിപ്പോയി ശനിയാഴ്ച്ചകളിലും ക്ലാസ്സ് നടത്താന്‍ പറ്റാതെ കേരളത്തിലെ വിദ്യാഭ്യാസ രംഗം വഴിമുട്ടും. അപ്പോപ്പിന്നെ സൌകര്യമായല്ലോ. രാഷ്ടീയം കളിക്കാന്‍ എന്തിനാ ഇത്രയൊക്കെ വിദ്യാഭ്യാസം. കഷ്ടം, മഹാകഷ്ടം.

ജയിംസ് മാഷിനോടുള്ള എല്ലാ ആദരവും വെച്ചുകൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ രാവിലെ 10 മണിക്ക് ഒരു മിനിറ്റ് നേരം എല്ലാവരും എഴുന്നേറ്റ് നിന്ന് ജയിംസ് മാഷിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ജയിംസ് മാഷിന് ആദരാജ്ഞലികള്‍

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP