Tuesday 6 May 2008

ക്രിസ്‌‌മസ്സ് ട്രീ



ന്താ ജോലി / എവിടെയാ ജോലി ? “

“ ഞാന്‍ ഓയല്‍ ഫീല്‍ഡിലാ. “

“ റിഗ്ഗിലാണോ ? “


80% പേരുടേയും രണ്ടാമത്തെ ചോദ്യം അതായിരിക്കും.

എന്താണ് റിഗ്ഗ് എന്നറിയില്ലെങ്കിലും, ഓയല്‍ ഫീല്‍ഡെന്നു പറഞ്ഞാല്‍ റിഗ്ഗാണെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളുടേയും വിചാരം. ബാക്കിയുള്ള 20% ജനങ്ങളുടെ ചോദ്യങ്ങള്‍ താഴെപ്പറയുന്ന പ്രകാരമായിരിക്കും.

1. ഡ്രില്ലിങ്ങിലാണോ ? (2%)
2. മാഷേ, ഈ എണ്ണക്കിണറിനൊക്കെ എത്ര ആഴം കാണും ? (5%)
3. നിങ്ങളീ എണ്ണക്കിണറിന്റെ അടിയിലേക്കൊക്കെ ഇറങ്ങി പോകാറുണ്ടോ ? (13%)

മുകളില്‍ കാണുന്ന ചിത്രത്തിലെ ചുവന്ന തൊപ്പിക്കാരന്‍ കയറി നില്‍ക്കുന്നത് ഒരു എണ്ണക്കിണറിന്റെ മുകളിലാണ്. അയാളുടെ ഇടത് ഭാഗത്ത് മുകളിലേക്ക് നീണ്ടുനില്‍ക്കുന്നതാണ് ഒരു എണ്ണക്കിണറിന്റെ മുകള്‍ഭാഗം. അഞ്ചോ ആറോ ഇഞ്ച് വ്യാസമുള്ള ആ കുഴലില്‍ക്കൂടെ എങ്ങിനെയാണ് ഈ എണ്ണക്കിണറിലേക്ക് ഇറങ്ങിപ്പോകാന്‍ പറ്റുക ?

കുഴല്‍ക്കിണറില്‍ വെള്ളം മുകളിലേക്ക് കയറി വരുന്ന പൈപ്പുപോലെ തന്നെ, എണ്ണ മുകളിലേക്ക് കയറി വരുന്ന ഒരു പൈപ്പാണ് ഈ എണ്ണക്കിണറും. എണ്ണ മുകളിലെത്തിയാല്‍ അതിന്റെ ഒഴുക്ക് (Flow) നിയന്തിക്കാനും, തിരിച്ചുവിടുവാനും മറ്റുമായി ആ പൈപ്പില്‍ ചില അനുബന്ധ വാല്‍‌വുകളും, പൈപ്പുകളും മറ്റും ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് മാത്രം. അതെല്ലാം കൂടെ ചേര്‍ന്നുള്ള സംവിധാനമാണ് ചിത്രത്തില്‍ കാണുന്നത്. ഈ സംവിധാനം ക്രിസ്‌‌‌മസ്സ് ട്രീ (Christmas Tree) എന്ന രസകരമായ പേരിലാണ് അറിയപ്പെടുന്നത്. അതുപോലൊരു ക്രിസ്‌‌മസ്സ് ട്രീയുടെ മുകളില്‍ കയറിനിന്നാണ് ക്രൂഡോയലില്‍ കുളിച്ച് ആ ചുവന്ന തൊപ്പിക്കാരന്‍, പച്ചരി വാങ്ങാനുള്ള കാശിനായി, കാര്യമായിട്ട് എന്തോ ജോലി ചെയ്യുന്നത്.

അടുത്ത പ്രാവശ്യം ഓയല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഒരാളെ കാണുമ്പോള്‍ ചോദിക്കേണ്ട ചോദ്യം ഇപ്പോള്‍ പിടികിട്ടിയില്ലേ ?
ഇല്ലെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞുതരാം.

“ മാഷേ, നിങ്ങളീ ക്രിസ്‌മസ്സ് ട്രീയുടെ മുകളിലൊക്കെ കയറിയിട്ടുണ്ടോ ? “

24 comments:

കണ്ണൂസ്‌ 6 May 2008 at 11:32  

ഇതൊരു കുഞ്ഞ് ക്രിസ്ത്‌മസ് ട്രീ ആണല്ലോ നിരക്ഷരാ :). ഞാന്‍ മുന്‍‌പ് വര്‍ക്ക് ചെയ്തിരുന്ന കമ്പനി നൂറ്റി നാല്പ്പത് ടണ്‍ ഭാരമുള്ള ഒരു ഭീമാകാര സാധനം ഉണ്ടാക്കിയിരുന്നു. സൗദിയിലെ ഒരു വെല്ലിനു വേണ്ടി.

ക്രിസ്‌ത്‌മസ് ട്രീ എന്ന പദത്തിന്റെ ഉപയോഗം കുറഞ്ഞു വരികയാണ്‌. പുതിയ വെല്‍‌ഹെഡ് അസ്സം‌ബ്ലിയുടെ ആകൃതി അങ്ങിനെയല്ല എന്നതു തന്നെ കാരണം. ഇപ്പോള്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള ഒരു ഒറ്റ കാസ്റ്റിംഗില്‍ ഉപകരണങ്ങള്‍ വരികയാണ്‌ ചെയ്യുന്നത്. ഒരു മാതിരി ചതുരാകൃതിയില്‍. സില്‍, ഇ.എസ്.ഡി നിബന്ധനകള്‍ ഒക്കെ കര്‍ശനമായതോടെ പഴയ രീതിയിലുള്ള ഡിസൈന്‍ തന്നെ മാറിപ്പോയി.

നിരക്ഷരൻ 6 May 2008 at 16:46  

കണ്ണൂസ്സ് ജീ - ആദ്യം ആദ്യം ചെറിയ ക്രിസ്മസ്സാകട്ടെ, പിന്നെ പിന്നെ വല്യ പെരുന്നാള് കാണിക്കാം ബൂലോകരെ എന്ന് കരുതി. :) :)

ഈ പോസ്റ്റ് അഗ്രഗേറ്റര്‍ ലിസ്റ്റ് ചെയ്തില്ല. അതോണ്ട് അവരൊന്നും കാണുമെന്നും തോന്നുന്നില്ല. അങ്ങിനെയാണെങ്കില്‍ ഞാന്‍ താങ്കളുടെ ഈ കമന്റടക്കം ഇത് വീണ്ടും പോസ്റ്റുമേ...

ശ്രീവല്ലഭന്‍. 6 May 2008 at 20:22  

എണ്ണക്കിണര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നതു തൊട്ടിയിട്ട് കോരി എണ്ണ എടുക്കാന്‍ പറ്റുന്ന കിണര്‍ ആണ്. ഏതായാലും കണ്ടത് നന്നായ്‌. :-)

Manikandan 6 May 2008 at 20:48  

മനോജ് ചേട്ടാ എന്റെ ഒരു സുഹൃത്ത്‌ ബോംബെ ഹൈയില്‍ കുറച്ചുനാള്‍‌ ഉണ്ടായിരുന്നു. അവന്റെ അടുത്തുനിന്നും ചില വിവരങ്ങള്‍‌ കിട്ടിയിട്ടുണ്ടു എണ്ണക്കിണറിനേപ്പറ്റി. ഈ ചിത്രങ്ങളും വിവരണവും കാര്യങ്ങള്‍‌ കൂടുതല്‍‌‌‌ മനസ്സിലാക്കന്‍‌ സഹായിച്ചു. നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ 6 May 2008 at 21:04  

നല്ല വിവരണം.

എനിക്കൊരു സംശയം ഉണ്ടാരുന്നു, ചോദിക്കുന്നില്ല... ഇച്ചിരി കടന്നതാ

കാപ്പിലാന്‍ 6 May 2008 at 21:24  

പ്രിയക്ക് വല്ല കടന്ന സംശയം വല്ലതും ഉണ്ടെങ്കില്‍ എന്നോട് ചോദിക്ക് . ഞാന്‍ അല്ലേ സര്‍വ്വ കലാ വല്ലഭന്‍ .നിരക്ഷരന്‍ വെറും അക്ഷര അഭ്യാസം ഇല്ലാത്ത ആള്‍.
നിരനെ .നന്നായി ..ഈ കിണര്‍.എനിക്കറിയില്ലായിരുന്നു ഈ കിണര്‍ എങ്ങനെ ഇരിക്കും എന്ന് .ദുഫായില്‍ കിടന്നു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.കാണേണ്ടത് കാണണ്ടേ ?
ഈ ട്രീയുടെ മുകളില്‍ നില്‍ക്കുന്നതാണോ ..ഈ നിരന്‍ :):)

പാമരന്‍ 6 May 2008 at 21:25  

ഇതെന്തായാലും അസ്സലായി നിരച്ചരാ. ഈ എണ്ണക്കിണറിനൊക്കെ എത്ര പടവുണ്ടാവും എന്നു വ്യാകുലപ്പെട്ടോണ്ടിരുന്ന പാമരന്മാരൊക്കെ പണ്ഡിതന്‍മാരായി :)

ഈ കെണറിന്‍റെ ഏതു വശത്തായിട്ടാ ഈ അച്ചരം അറിയാത്തോന്മാരു പണിയുന്നെ?

Unknown 6 May 2008 at 21:41  

ഒരുത്തന്‍ എന്നോടു പറഞ്ഞു എണ്ണകിണറ് എന്നു വച്ചാല് വല്ല്യ ഒരു കിണറാന്ന് ഇപ്പഴല്ലേ പിടുത്തം
കിട്ടിത്
ദേ ഈ കൊച്ചിക്കാരെ ഭയങ്കര പറ്റിപീസാ
നോക്കിക്കെ ക്രിസ്മസ് ട്രിന്നു പറഞ്ഞിട്ട്
മനുഷ്യനെ പറ്റിക്കാന്‍

yousufpa 6 May 2008 at 21:41  

തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന ഒന്നാണ് താങ്കള്‍ ചെയ്തത്.
നല്ല ചിത്രങ്ങളും നല്ല ചിന്തകളും നീണാള്‍ വഴട്ടെ..

Unknown 6 May 2008 at 21:42  

നീരു ഇയ്യ്യ്യാള് അവിടെങ്ങാന്‍ പോയി നിലക്കരുതട്ടോ നല്ല ഉണങ്ങിയാ മുടിയാ
പെട്ടെന്നു തീ പിടിക്കും

Gopan | ഗോപന്‍ 6 May 2008 at 22:03  

നല്ല പോസ്റ്റ്, മനോജ്.

അടുത്ത തവണ നാട്ട്യെ പോവുമ്പോ, അനൂപിനു കളിക്കാന്‍ ഒരു ക്രിസ്ത്മസ് ട്രീ കൊണ്ടു കൊടുക്കണം ട്ടാ, പുള്ളി ഉമ്മം വെക്കെ, കെട്ടി മറയെ എന്ത് വേണേല്‍ ചെയ്തോട്ടെ.

കാപ്പില്‍സേ, ഒരു ഹെല്‍പ്‌ ഡെസ്ക് തുടങ്ങ്‌..സംഗതി ഹോള്‍സെയിലാക്കാം :)

ജിജ സുബ്രഹ്മണ്യൻ 7 May 2008 at 03:32  

ശ്യോ എന്റെ എല്ലാ അഹങ്കാരവും പോയി.ഈ എണ്ണക്കിണര്‍ ,എണ്ണക്കിണര്‍ എന്നു പറയുന്നതു വീട്ടീല്‍ ബക്കറ്റിട്ട് വെള്ളം എടുക്കുന്ന പോലെ എന്തോ കുന്ത്രാണ്ടം ആണെന്നല്ലേ കരുതിയിരുന്നത്..എണ്ണ മുകളിലേക്ക് കയറി വരുന്ന ഒരു പൈപ്പാണ് ഈ എണ്ണക്കിണറ് എന്നു ഇപ്പോളല്ലെ കത്തിയേ..ഹോ വിവരം വര്‍ദ്ധിപ്പിക്കാനുതകുന്ന പോസ്റ്റുകള്‍ ഇനിയും പോരട്ടെ....

പൊറാടത്ത് 7 May 2008 at 04:01  

നീരൂ.. ഗള്‍ഫിലൊക്കെ, നെലത്ത് കയ്യോണ്ട് മാന്തി നോക്ക്യാ തന്നെ ‘എണ്ണ’ കാണാം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുള്ളോണ്ട്, എണ്ണക്കിണര്‍ എന്ന് പറയുമ്പോ മ്മിണി വെല്യ ഒരു കെണറാവുംന്നന്ന്യാ ഞാനും കര്ത്യേര്‍ന്നേ..

~nu~ 7 May 2008 at 06:08  

കൊള്ളാംട്ടാ... നടക്കട്ടെ...

“ആദ്യം ആദ്യം ചെറിയ ക്രിസ്മസ്സാകട്ടെ, പിന്നെ പിന്നെ വല്യ പെരുന്നാള് കാണിക്കാം ബൂലോകരെ എന്ന് കരുതി.“ വൈകിക്കണ്ട... ഇങ്ങട് പോന്നോട്ടെ...

ഹരിത് 7 May 2008 at 07:25  

informative post. thanks.

K M F 7 May 2008 at 07:44  

kollam nannayirikunnu

കണ്ണൂസ്‌ 7 May 2008 at 07:58  

ഇപ്പോ അങ്ങിനെ, തന്നെ എണ്ണ പൊന്തിവരുന്ന കിണറുകള്‍ പോലും ഇല്ല ഓണ്‍ ഷോറില്‍. കിണറിനു സമാന്തരമായി മറ്റൊരു പൈപ്‌ലൈന്‍ ഇട്ട്, 100 bar മര്‍ദ്ദത്തില്‍ വെള്ളമോ, ഗ്യാസോ കടത്തിവിട്ടാലേ (Water or Gas Injection Well) താഴെ റിസര്‍‌വോയറില്‍ നിന്ന് എണ്ണ മുകളിലേക്ക് കയറൂ എന്ന അവസ്ഥയായിരിക്കുന്നു. എണ്ണപ്പാടങ്ങള്‍ മിക്കതും വരണ്ടു തുടങ്ങിയിരിക്കുന്നു. അതു കൊണ്ടു തന്നെ ഇപ്പോള്‍ ഗള്‍ഫ് നാടുകള്‍ GTL (Gas to Liquid) എന്ന ടെക്നോളജിയിലേക്ക് തിരിയുകയാണ്‌.

Sharu (Ansha Muneer) 7 May 2008 at 08:10  

വളരെ നല്ല വിവരണം...

നിരക്ഷരൻ 7 May 2008 at 12:03  

വല്ലഭന്‍ ജീ - തൊട്ടിയിട്ട് എണ്ണ കോരി എടുക്കാന്‍ പറ്റില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ? :)

മണികണ്ഠാ - ഞാന്‍ ധന്യനായി :)

പ്രിയാ ഉണ്ണികൃഷ്ണന്‍ - കടന്നതായാലും, കടക്കാത്തതായാലും ചുമ്മാ ചോദീര്. ഇത്രേം ബല്യ തംശയം എന്താന്ന് ഞമ്മള് കൂടെ അറിയട്ടെ. ങ്ങള് ച്യാദിക്ക്.

കാപ്പിലാനേ - എനിക്കറിയാന്‍ പാടില്ലാത്ത കടന്ന വല്ല സംശയവും ആണ് പ്രിയയ്ക്ക് ഉള്ളതെങ്കില്‍ ഒന്ന് സപ്പോര്‍ട്ടണേ. ആ ട്രീയുടെ മുകളില്‍ നില്‍ക്കുന്നത് ഞാനൊന്നുമല്ല. ഞാന്‍ ഈ പടം പിടിച്ചോണ്ട് നില്‍ക്കുവല്ലേ ? പിന്നെ, ആ ട്രീയുടെ മുകളിലൊക്കെ കയറണമെങ്കില്‍ ബല്യ ജനറല്‍ മാനേജരൊക്കെ ആകണം. ബല്യ ബല്യ ആള്‍ക്കാര്‍ക്കേ അതിന്റെ മുകളില്‍ കയറാന്‍ പറ്റൂ. ബാക്കിയുള്ളോര് ആ പടത്തില്‍ കാണുന്ന മറ്റ് രണ്ട് കക്ഷികളെപ്പോലെ നോക്കി നിന്നോണം. (ഇപ്പറഞ്ഞതത്രയും തമാശാണേ. കമന്റ് വായിക്കുന്ന ഓയല്‍ ഫീല്‍ഡിനെപ്പറ്റി അറിയാത്തവര്‍ തെറ്റിദ്ധരിക്കരുത്. കാപ്പിലാന്‍ വേണമെങ്കില്‍ തെറ്റിദ്ധരിച്ചോ) :) :)

പാമരാ - വേണ്ടാ വേണ്ടാ...ങ്ങാ..... :)

അനൂപേ - കിണറ് കണ്ടല്ലോ ? സമാധാനമായില്ലേ ? അത് ശരിയാ ഞങ്ങള്‍ കുറച്ച് പറ്റിപ്പ് പാര്‍ട്ടികളാ... എന്തേ പറ്റീലേ ? :)

രണ്ടാമത്തെ കമന്റില്‍ എന്തോ പറഞ്ഞല്ലോ ? വേണ്ടാ വേണ്ടാ..മുടിയില്‍ കയറിക്കൊത്തണ്ടാ.. :)

ഗോപന്‍ - അനൂപിന്റെ കാര്യം പരിഗണിക്കാതെ വയ്യ. കാപ്പിലാന്‍ ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി. അവിടെ ഇരുന്ന് കവിത രൂപത്തിലാണ് ഹെല്‍പ്പുന്നതെന്ന് മാത്രം :)

കാന്താരിക്കുട്ടീ - അധികം അഹങ്കരിക്കരുത്. അങ്ങിനെ അഹങ്കാരമുള്ളവര്‍ക്ക് വേണ്ട് ഞാന്‍ ഇനീം ഇത്തരം പോസ്റ്റുകള്‍ മരുന്നാക്കി ഇടും :) നന്ദീട്ടോ.

പൊറാടത്ത് - മാന്തിനോക്കി എണ്ണ എടുക്കുന്ന കാര്യത്തെപ്പറ്റി ഞാന്‍ ഇപ്പഴാ അറിഞ്ഞത്. അത് കലക്കി. നന്ദീട്ടോ :)

ഏകാകീ - ബല്യ പെരുന്നാള് ആയിട്ടില്ല. ആകട്ടെ. ആകുമ്പോള്‍ അറിയിക്കാം. ബരണേ... :)

കണ്ണൂസ് ജീ - താങ്കളുടെ ഓയല്‍ ഫീല്‍ഡ് അനുഭവങ്ങള്‍ ബ്ലോഗില്‍ പങ്കുവെക്കരുതോ ? എനിക്കറിയുന്നതുപോലെ ലഘുവായി ഞാനും ആകാം. ചെറിയ ചെറിയ ഡോസുകളായിട്ട് കൊടുക്കണം ഈ ബൂലോകര്‍ക്ക്. ഒക്കെ, കവിതേന്റേം, ഭാവനേന്റേം, ഒക്കെ പിന്നാലെയാ :)

അത്ക്കന്‍, ഹരിത്, കെ.എം.എഫ്, ഷാരൂ...ക്രിസ്മസ്സ് ട്രീ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദീ.

കുറ്റ്യാടിക്കാരന്‍|Suhair 7 May 2008 at 12:57  

ഓ... എനിക്കിതൊക്കെ പണ്ടേ അറിയാമായിരുന്നു....

അല്ല, ഈ ക്രിസ്മസ് ട്രീയല്ലാതെ വേറേതാ ക്രിസ്മസ് ട്രീയുള്ളത്?
മറ്റേ ക്രിസ്മസ് ട്രീയെ പറ്റി അറിയാവുന്നവര്‍ ഒന്ന് പറഞ്ഞുതരണേ?...

....................
.ഞാന്‍ സ്ഥലം വിട്ടു.

Rare Rose 8 May 2008 at 08:51  

നീരുവേയ്..,ഇതു പറ്റിക്കലാട്ടോ..എണ്ണപ്പാടത്തില്‍ ഇപ്രാവശ്യം ക്രിസ്തുമസ് നേരത്തെ വന്നോന്നു വിചാരിച്ചു വന്നാപ്പം കണ്ടതോ..എന്തായാ‍ലും സംഗതി കലക്കീ ട്ടാ..ഇപ്പറഞ്ഞ മണ്ടന്‍ ചോദ്യങ്ങളൊക്കെ ഞാനും ചോദിച്ചേനേ..ഇനിയിപ്പോള്‍ എണ്ണപ്പാടത്തിലെ ആരെയെങ്കിലും കണ്ടാല്‍ അന്തസ്സോടെ സമ്പൂര്‍ണ്ണ സാക്ഷരയായി എനിക്കു ചോദിക്കാലോ ഈ ട്രീയുടെ മോളില്‍ എത്ര വട്ടം കേറീന്നു...:)

പ്രണയകാലം 9 May 2008 at 03:30  

ആദ്യമായാണ്‍ ഇതിനെകുറിച്ച് വായിക്കുന്നത്..എനിക്കും അറിയില്ലാരുനു എണ്ണകിണര്‍ എന്താണ്‍ എന്ന്..
പിന്നെ ബാക്കി ചിത്രങ്ങള്‍...
വിളക്കുമരം..മനോഹരമായ ചിത്രം..ഈ പടങ്ങളില്‍ ഏറ്റവും ഇഷ്ടമായത് ഇതാണ്ടൊ..
എറണാകുളം ഫെറി - 50 പൈസ..
നൊസ്റ്റാള്‍ജിക് ആയ പടം..

പതിനാറ് കെട്ട്
..എന്താ ആവെള്ളത്തിനൊരു പച്ചക്കളര്‍ ആരും കുളിക്കാറില്ലാന്നു തോന്നണല്ലൊ അതില്‍..

Sherlock 11 May 2008 at 11:13  

അപ്പോ ഇതാണ് എണ്ണക്കിണര്‍.. ഞാന്‍ വിചാരിച്ചത്ര വീതിയില്ലല്ലോ :)

ഉഗാണ്ട രണ്ടാമന്‍ 12 May 2008 at 05:53  

very informative post...thanks

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP