കരുവാര വെള്ളച്ചാട്ടം.
മുക്കാളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് സൈലന്റ് വാലി കാട്ടിലേക്ക് കടന്ന്, മൂന്നര കിലോമീറ്ററോളം നടന്നാൽ കരുവാറ ആദിവാസി കോളനി കാണാം. അവിടന്ന് ഒന്നരകിലോമീറ്റർ കാട്ടുപാതയിലൂടെ, നല്ല ഒന്നാന്തരം അട്ടകടിയും കൊണ്ട് നടന്നുകയറിയാൽ കരുവാര വെള്ളച്ചാട്ടത്തിനടുത്തെത്താം. ചെന്ന് കയറുന്നത് വെള്ളച്ചാട്ടത്തിന്റെ ഉയരത്തിലുള്ള പ്രതലത്തിൽ തന്നെയാണ്. മുളങ്കാടുകൾക്കിടയിലൂടെ തെന്നിവീഴാതെ ശ്രദ്ധിച്ച് താഴോട്ട് ഇറങ്ങിയാൽ മുന്നിൽ ഗംഭീരശബ്ദത്തോടെ കരുവാര വെള്ളച്ചാട്ടം. പിന്നീടത് മെല്ലെ ഒഴുകി ഭവാനിപ്പുഴയായി മാറുന്നു.
അധികമാരും പോയി പ്ലാസ്റ്റിക്ക് ഇട്ടും പരസ്യങ്ങൾ പതിച്ചും വൃത്തികേടാക്കാത്ത ഒരു മനോഹരമായ ഇടം. മലീമസമാകാതെ അതങ്ങനെ തന്നെ കാലാകാലം നിലനിൽക്കുമാറാകട്ടെ. സന്ദർശകരെ നിയന്ത്രിക്കുന്നത് പലപ്പോഴും ആശ്വാസകരമായ ഒരു നടപടി തന്നെയാണ്.