Sunday, 27 January 2008

ഗരുഡന്‍ തൂക്കം

ണ്ണപ്പാടത്തെ ഒരു സ്ഥിരം കാഴ്ച്ചയുടെ ചില ചിത്രങ്ങളാണിത്. പക്ഷെ ഈ ചിത്രങ്ങള്‍ പുറം ലോകത്ത് കാണാന്‍ ബുദ്ധിമുട്ടാണ്. എണ്ണപ്പാടത്ത് എല്ലായിടത്തും ക്യാമറ അനുവദനീയമല്ല എന്നതുതന്നെയാണ് അതിന്റെ കാരണം.

ഒരു കപ്പലില്‍ നിന്നാണ് ഈ പടം എടുത്തിരിക്കുന്നത്. താഴെ വെള്ളത്തിലുള്ള ബോട്ടിലേക്ക് ഒരു ചരടിന്റെ അറ്റത്ത് തൂങ്ങിപ്പോകുന്ന ഒരു ബാസ്ക്കറ്റും അതിലേക്ക് നോക്കി നില്‍ക്കുന്ന കുറെ ആളുകളേയും കണ്ടുവോ ?

ആ ബാസ്ക്കറ്റ് ബോട്ടില്‍ എത്തുന്നതും അവരെല്ലാം അതില്‍ ചാടിക്കയറിയിരിക്കും.


എല്ലാം വളരെപ്പെട്ടെന്നായിരുന്നു. അവരാ ബാസ്ക്കറ്റില്‍ കയറിയതും, ബാസ്ക്കറ്റ് മുകളിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.

ബാസ്ക്കറ്റ് ഒരു ക്രെയിനിലാണ് തൂക്കിയിട്ടിരിക്കുന്നത്. ആ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക്, സിഗ്നല്‍ കൊടുക്കുന്ന സഹായിയെ മുകളിലെ ചിത്രത്തില്‍ കാണാം.

ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ആളെയും കണ്ടില്ലേ ?

ബാസ്ക്കറ്റ് യാത്രക്കാരതാ കപ്പലിന്റെ മെയിന്‍ ഡക്കില്‍ എത്തിക്കഴിഞ്ഞു.

ബാസ്ക്കറ്റ് നിലം തൊട്ടു. എല്ലാവരും താഴെയിറങ്ങുകയായി.

ഇനി, ഇതേ ബാസ്ക്കറ്റ് യാത്രയുടെ, താഴെ ബോട്ടില്‍ നിന്നുള്ള ചില ചിത്രങ്ങള്‍.

കുറച്ചുപേര്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

അവരതാ ബോട്ടില്‍ എത്താനായിക്കഴിഞ്ഞു.

ബാസ്ക്കറ്റിന്റെ അടിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു വള്ളിയില്‍പ്പിടിച്ച്, ബാസ്ക്കറ്റിനെ ഉദ്ദേശിച്ച സ്ഥാനത്ത് ഇറക്കാന്‍ സഹായിക്കുന്ന ഒരാളെക്കാണാമല്ലോ ? എപ്പോളും അങ്ങിനൊരാള്‍ ബാസ്ക്കറ്റ് നിയന്ത്രിക്കാന്‍ ഉണ്ടാകണമെന്നൊന്നുമില്ല.

ഇനിയതാ കുറെ വിദ്വാന്മാര്‍ വീണ്ടും മുകളിലേക്ക് പോകുന്നു.അവരുടെ നെഞ്ചോട് ചേര്‍ത്ത് ഓറഞ്ച് നിറത്തില്‍ പാള പോലെ ഒന്ന് കെട്ടിവച്ചിരിക്കുന്നത് കണ്ടില്ലേ ? അതൊരു ലൈഫ് വെസ്റ്റാണ്. ഈ ഗരുഡന്‍ തൂക്കത്തിനിടയില്‍ എപ്പോഴെങ്കിലും കൈവിട്ട് വെള്ളത്തില്‍ വീണാല്‍, നീന്തലറിയാത്തവരാണെങ്കില്‍പ്പോലും മുങ്ങിപ്പോകാതെ ഫ്ലോട്ട് ചെയ്യാന്‍ ഈ ലൈഫ് വെസ്റ്റ് സഹായിക്കും.

ഇനി ഏതെങ്കിലും യാത്രക്കാരന് ഇടയ്ക്കെപ്പോഴെങ്കിലും തലകറങ്ങി വെള്ളത്തില്‍ വീണുപോകുമെന്ന് തോന്നിയാല്‍, ഈ ബാസ്ക്കറ്റിന്റെ നടുക്ക് കാ‍ണുന്ന വൃത്തത്തിലേക്ക് കയറി ഇരിക്കുന്നതിന് അനുവാദമുണ്ട്.

ചിരിച്ചുല്ലസിച്ച്, ഒരു കൈ വിട്ട് റ്റാറ്റായൊക്കെ കൊടുത്ത് മുകളിലേക്ക് പോകുന്ന ഈ വിദ്വാന്മാരിലൊരാള്‍ ഒരു ബ്ലോഗറാണ്.
അതാലോചിച്ച് ഇനിയാരും തല പുണ്ണാക്കുകയൊന്നും വേണ്ട. ആ ബ്ലോഗര്‍ ഈയുള്ളവന്‍ തന്നെ.

എണ്ണപ്പാടത്ത്, പ്രത്യേകിച്ച് ഓഫ്ഷോറില്‍ മിക്കവാറും ആളുകളെ ബോട്ടില്‍ നിന്ന് കപ്പലിലേക്കും, അല്ലെങ്കില്‍ പ്ലാറ്റ്ഫോമുകളിലേക്കും, റിഗ്ഗുകളിലേക്കും, ബാര്‍ജുകളിലേക്കുമൊക്കെ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നത് ഈ ബാസ്ക്കറ്റ്കളിലൂടെയാണ്. ഈ ചിത്രങ്ങളില്‍ കാണുന്നതിന്റെ ഒരുപാട് മടങ്ങ് ഉയരത്തിലേക്കായിരിക്കും പലപ്പോഴും ഈ അപകടം പിടിച്ച യാത്ര.

ഒരിക്കല്‍ ഈ ബാസ്ക്കറ്റ് മുകളിലെത്തിയപ്പോള്‍, ക്രെയിന്‍ തകരാറിലായതുകാരണം, മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ കുറെനേരം തൃശങ്കുസ്വര്‍ഗ്ഗത്തില്‍ നില്‍ക്കേണ്ട അനുഭവം വരെ എനിക്കുണ്ടായിട്ടുണ്ട്.

‘പച്ചരി വാങ്ങാന്‍‘ അങ്ങിനെ എന്തെല്ലാം കഷ്ടപ്പാടുകള്‍!!

Tuesday, 22 January 2008

ഉറക്കമത്സരം



ചിത്രത്തിന് നല്ലൊരു അടിക്കുറിപ്പ് പ്രതീക്ഷിക്കുന്നു.


(ജെയ്‌ദീപ് എന്ന ഒരു സുഹൃത്ത് ഈയടുത്ത ദിവസം അയച്ചുതന്ന ഒരു കുടുംബചിത്രമാണിത്. ഉച്ച ഭക്ഷണവും കഴിഞ്ഞ് ടി.വി.യുടെ മുന്നിലിരുന്ന് ഉറങ്ങുന്ന ഈ സംഘത്തിന്റെ പടം ഏടുത്തത് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ.)

Friday, 18 January 2008

സൂര്യനെ രക്ഷപ്പെടുത്തി !!!



ചീന വലയില്‍ കുടുങ്ങിയതുകാരണം അസ്തമിക്കാന്‍ വൈകിയ സൂര്യനെ, ക്രെയിനിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയതുകാരണം കൃത്യസമയത്തു തന്നെ സൂര്യോദയം നടന്നു.

(അബുദാബിയിലെ ന്യൂ മുസ്സഫ - ഷാബിയായില്‍ നിന്നൊരു സൂര്യോദയം)

Wednesday, 16 January 2008

സൂര്യന്‍ വലയില്‍ കുടുങ്ങിയേ !!!




ചില ദിവസങ്ങളില്‍ സൂര്യന്‍ വൈകി അസ്തമിക്കുന്നത് ഈ ചീനവല കാരണമാണോ ?!!!!

(വൈപ്പിന്‍ കരയുടെ വടക്കേ അറ്റമായ മുനമ്പത്ത്, 300 മീറ്ററിലധികം കടലിലേക്ക് നീണ്ടുകിടക്കുന്ന “പുലിമുട്ടില്‍“ നിന്ന് കണ്ട ഒരു സൂര്യാസ്തമനം.)

Monday, 14 January 2008

വക്കീലൊക്കെ കോടതീല്



ക്കീലൊക്കെ അങ്ങ് കോടതീല്.
ഞങ്ങളിപ്പോ ഈ കാറിന്റെ പുറത്തിരുന്നെന്ന് വെച്ച് എന്താകാനാ ?
സാറ് പോയി കേസ് കൊടുക്കുമോ ?
എങ്കി കൊട്.

Wednesday, 9 January 2008

ഇവള്‍‌ മുബാറക്ക‍‌

വള്‍‌ മുബാറക്ക.
ഇവളൊരു ഓയല്‍ ടാങ്കര്‍ കപ്പലാണ്. പക്ഷെ, 1972 മുതല്‍ ഇവള്‍‌ തടവിലാണ്.
എന്നുവച്ചാല്‍ നീണ്ട 36 വര്‍ഷം‍.
ദുബായിയില്‍ നിന്നും 50 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് ഇവളുടെ തടവറ.
C.P.C. എന്ന എണ്ണക്കമ്പനിയും, ഇവളുടെ ഇറാക്കി മുതലാളിയും ചേര്‍ന്ന് ഇവളെയിങ്ങനെ തടവിലിട്ടിരിക്കുന്നതിന് കാരണമുണ്ട്.

ദിനംപ്രതി 15,00 ബാരല്‍ ക്രൂഡ് ഓയില്‍ ഇവളുടെ പള്ളയ്ക്കകത്ത് കയറും. അതിന് കൂലിയായി, ഇവളുടെ മുതലാളി അമീര്‍ ജാഫര്‍ 10,000 ഡോളര്‍ എല്ലാ ദിവസവും കൈപ്പറ്റും. ശരിക്കും “അമീറായ” മുതലാളി തന്നെ. അല്ലേ ?
കൂടുതല്‍ പണത്തിനുവേണ്ടി അയാളിപ്പോള്‍ ഇവളെ പൂര്‍ണ്ണമായും C.P.C. യ്ക്ക് വിറ്റെന്നും എണ്ണപ്പാടത്തുള്ളവര്‍ പറയുന്നുണ്ട്. സത്യാവസ്ഥ അറിയില്ല.
അവളുടെ പിന്‍‌വശത്ത് കാണുന്ന മഞ്ഞ നിറത്തിലുള്ള സംവിധാനം കണ്ടില്ലേ? അക്കാണുന്ന ചങ്ങലകളിലാണ് അവളെ കൂച്ചു വിലങ്ങിട്ടിരിക്കുന്നത് . ചങ്ങലകള്‍‌ക്ക് നടുവിലായി രണ്ട് കുഴലുകള്‍‌ കാണുന്നില്ലേ ? അതിലൂടെയാണ് ക്രൂഡ് ഓയില്‍ ഇവളുടെ പള്ളയിലേക്ക് കയറിപ്പോകുന്നത് . ഈ സംവിധാനത്തിനുചുറ്റും കിടന്ന് അടിയൊഴുക്കുകള്‍‌ക്കനുസരിച്ച് 360 ഡിഗ്രി കറങ്ങിക്കൊണ്ടിരിക്കാനാണ് ഇവളുടെ വിധി.
“ഡ്രൈ ഡോക്ക് “ (ഇവളെപ്പോലുള്ളവരുടെ ബ്യൂട്ടി പാര്‍ലര്‍) പോലും കാണാതെ വര്‍ഷങ്ങളായുള്ള ഒരേ കിടപ്പ് ഇവളുടെ സൌന്ദര്യത്തെ ശരിക്കും ബാധിച്ചിരിക്കുന്നു.

എന്നിരുന്നാലും, ഇടയ്ക്കിടയ്ക്ക് ദുബായിലെ ഏതെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ബ്യൂട്ടിഷന്മാരെത്തും, അല്ലറ ചില്ലറ ഫേഷ്യലും, വാക്സിങ്ങുമൊക്കെ നടത്താന്‍.
ഇതാരാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായോ ?
ഇതിവളുടെ കാമുകന്‍ ‘ഓ.എസ്സ്. അര്‍ക്കാഡിയ‘ .
ഇടയ്ക്കിടയ്ക്ക് ദുബായിയില്‍ നിന്നും വരും.
ഈ തടവറയില്‍ അവളെ കാണാന്‍ വരുന്ന ഇവനെപ്പോലുള്ള ചുരുക്കം ചില സുന്ദരന്മാരാണ് മുബാറക്കയുടെ ഏക ആശ്വാസം.
മഞ്ഞനിറത്തില്‍ അവളുടെ മേല്‍ച്ചുണ്ടായി കാണപ്പെടുന്ന “ഹെലിഡെക്കില്‍“ ഒരു മുത്തം കൊടുക്കാനാണ് അവന്റെ വരവെന്ന് തോന്നുന്നെങ്കില്‍ തെറ്റി.
അവന്റെ നോട്ടം വേറെ എവിടെയോ ആണ്.
അവളുടെ വടിവൊത്ത അടിവയറിലൂടെ താഴേക്ക് പോകുന്ന ഒരു തടിയന്‍ ഹോസ് കണ്ടില്ലേ ? അതിലാണവന്റെ നോട്ടം.
ഒരു “കാര്‍ഗോ ലിഫ്റ്റി “ ലൂടെ അവളുടെ പള്ളയിലുള്ള എണ്ണ മുഴുവന്‍ സ്വന്തമാക്കുക എന്നതാണ് അവന്റെ ലക്ഷ്യം.
അതാ അവളെ പറഞ്ഞു മയക്കി ആ ഹോസിന്റെ മറുതല അവന്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഇനി ഇതുവരെയുള്ള അവളുടെ സകല സമ്പാദ്യങ്ങളും കുറഞ്ഞ നേരം കൊണ്ട് അവന്‍ അടിച്ചുമാറ്റും.
പിന്നെ അവന്റെ ആ പുതിയ “ചെറുപ്പക്കാരി “കാമുകിയെ കണ്ടില്ലെ ?
അവളുടെ കൂടെ ദുബായിപ്പട്ടണത്തിലേക്ക് യാത്രയാകും.

പാവം മുബാറക്ക, അവള്‍‌ വീണ്ടും ഈ തടവറയില്‍ തനിച്ചാകും.

Thursday, 3 January 2008

അസ്തമയം 07, ഉദയം 08


രയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ, ഷാര്‍ജ ഓഫ്‌ഷോറില്‍ കാണാന്‍ കഴിഞ്ഞ 2007 ലെ അവസാനത്തെ സൂര്യാസ്തമനം. എണ്ണക്കിണറുകളും താങ്ങി നില്‍ക്കുന്ന ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് എടുത്തത്.



ഇക്കൊല്ലത്തെ ആദ്യത്തെ സൂര്യോദയവും കരകാണാക്കടലില്‍ നിന്ന് പകര്‍ത്താനുള്ള ഭാഗ്യമുണ്ടായി. ആദ്യകിരണങ്ങളേറ്റുവാങ്ങി നില്‍ക്കുന്ന കറുത്ത നാല് തൂണുകള്‍‌ കണ്ടില്ലേ? എണ്ണക്കിണറും താങ്ങി നില്‍ക്കുന്ന ചില പ്ലാറ്റ്ഫോമുകളാണത്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP