Showing posts with label പൂക്കള്‍. Show all posts
Showing posts with label പൂക്കള്‍. Show all posts

Saturday, 3 October 2009

ഇന്നു ഞാന്‍ നാളെ നീ


തറവാട്ടു വീട്ടിലെ പൂന്തോട്ടത്തിലെ ആന്തൂറിയമൊന്നും പറിച്ച് വില്‍ക്കാറില്ല. അതുകൊണ്ട് ഇങ്ങനൊരു കാഴ്ച്ച കാണാനായി.

ഇന്നു ഞാന്‍ നാ‍ളെ നീ.

Monday, 23 March 2009

ഇംഗ്ലീഷ് കണിക്കൊന്ന

ഒരു ഇംഗ്ലീഷ് ഗ്രാമപ്രദേശത്തെ (കണ്ട്രി സൈഡ്) തെരുവില്‍ നിന്ന് വസന്തകാലത്തിന്റെ തുടക്കത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണിതൊക്കെ.

ശിശിരത്തില്‍ നിന്ന് രക്ഷപ്പെടാന്‍, ഇലപൊഴിച്ച് നിന്നിരുന്ന മരങ്ങളിലെല്ലാം തളിരിലകളും, പൂ‍ക്കളും‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വഴിയോരത്തും, വീട്ടുവളപ്പിലുമൊക്കെയുള്ള മരങ്ങളിലെല്ലാം പൂക്കള്‍ കുലകുലയായിക്കിടക്കുന്നു. ഇലയേക്കാളധികം പൂക്കളാണ് മിക്ക മരത്തിലും.

ഈ മഞ്ഞപ്പൂക്കള്‍ കണ്ടപ്പോള്‍ ‍നമ്മുടെ സ്വന്തം കണിക്കൊന്നയെയാണ് ഓര്‍മ്മവന്നത്. സായിപ്പ് വിഷു ആഘോഷിക്കുമായിരുന്നെങ്കില്‍ ഈ പൂക്കളായിരിക്കുമായിരുന്നു കണിക്കൊന്നയുടെ സ്ഥാനത്ത്. അങ്ങിനെയാണെങ്കില്‍ ഇതിനെ ഇംഗ്ലീഷ് കണിക്കൊന്ന എന്ന് വിളിക്കാമല്ലോ ?

വിളിക്കാം, അതില്‍ തെറ്റൊന്നുമില്ല. കാരണം നമ്മുടെ കണിക്കൊന്ന അധവാ Golden Shower Tree യുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണത്രേ ഈ മരം. ഇതിനെ Golden Chain Tree അഥവാ Laburnum എന്നാണ് വിളിക്കുന്നത്.

-------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക
http://en.wikipedia.org/wiki/Laburnum

Sunday, 20 July 2008

വെളുത്ത പൂക്കളും പൂവനും

വെളുത്ത പൂക്കള്‍ കുറെയധികം ഉണ്ട് തൊടിയില്‍. അതൊക്കെ ഒന്ന് പകര്‍ത്താമെന്ന് കരുതി ക്യാമറയുമായി വെളിയിലിറങ്ങി.


കുറ്റിമുല്ലയില്‍ നിന്നാകട്ടെ തുടക്കം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് ഏതവനാ പറഞ്ഞത്. ഈ മുല്ലയ്ക്ക് നല്ല മണമുണ്ട്.

ആന്തൂറിയം കാണുമ്പോള്‍ എന്നും ഓര്‍മ്മ വരുന്നത് സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ എന്ന സിനിമയില്‍ തോട്ടക്കാരനായി അഭിനയിക്കുന്ന ജഗതി ശ്രീകുമാര്‍ അടുക്കളക്കാരി കല്‍പ്പനയോട് പറയുന്ന ഡയലോഗാണ്. “ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, നീ അടുക്കളയില്‍ നിന്ന് ചില്ലി ചിക്കനുണ്ടാക്കി എനിക്ക് തരണം “

നന്ത്യാര്‍വട്ടം. പക്ഷെ എനിക്കത് കണ്ടപ്പോള്‍ നന്ത്യാര്‍ ചക്രമാണെന്നാണ് തോന്നിയത്.

ഇത് നമ്മുടെ സ്വന്തം ഓര്‍ക്കിഡ്. നമ്മള്‍ മലയാളികള്‍ മുല്ലയേക്കാളും, തെച്ചിയേക്കാളുമൊക്കെ അധികം പോറ്റി വളര്‍ത്തുന്നത് ഇവനെയല്ലേ ?!

ഇത് ഒരിനം ലില്ലിപ്പൂവാണെന്ന് തോന്നുന്നു. പേര് കൃത്യമായി അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. അവന്റെ പരാഗരേണുക്കളൊക്കെ മഴയില്‍ കുതിര്‍ന്ന് ദളങ്ങളില്‍ത്തന്നെ പടര്‍ന്നിരിക്കുന്നു.

ഇതിന്റേയും പേര് അറിയില്ല. അറിയുന്നവര്‍ പറഞ്ഞ് തരൂ. പേരില്ലാത്തതുകൊണ്ടായിരിക്കണം കിണറ്റുകരയില്‍ നിലത്താണ് അവന്‍ വളരുന്നത്. പേരും നാളും ഇല്ലാത്ത പൂവിന് വേണ്ടി ചെടിച്ചട്ടി മിനക്കെടുത്താനോ ? അതിന് വേറെ ആളെ നോക്കണം.

പൂക്കളുടെ പടമൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു കക്ഷി ആ വഴി കറങ്ങിത്തിരിഞ്ഞ് വന്നത്. “നീയാരാ ഊവേ ഒരു പുതുമുഖം ഈ തൊടീല് “ എന്ന ഒരു ഭാവമുണ്ട് മുഖത്ത്. അടുത്ത വീട്ടിലെ പൂവനാണ്. അവന്റെ ഒരു ഗതികേട് നോക്കണേ ! ഓടിച്ചിട്ട് പിടിക്കാനുള്ള സൌകര്യത്തിന് വേണ്ടിയായിരിക്കണം, 3 മീറ്റര്‍ നീളമുള്ള കയറ് ഒരെണ്ണം അവന്റെ ഇടത്തേക്കാലില്‍ കുരുക്കിയിട്ടിരിക്കുന്നു.

ഭൂലോകത്തുള്ളതില്‍ വെച്ചേറ്റവും ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ.

Thursday, 15 May 2008

മഞ്ഞപ്പാടം പൂത്തു


വസന്തം വന്നിട്ട് ദിവസം കുറേയായി. ചില യാത്രകളൊക്കെ നടത്തിയപ്പോള്‍ റോഡിനിരുവശത്തും കണ്ട കാഴ്ച്ചകള്‍, കണ്ണ് മഞ്ഞളിപ്പിച്ചു.

നോക്കെത്താ ദൂരത്ത് മഞ്ഞപ്പാടം പൂത്തുനില്‍ക്കുന്നു. വാഹനം ഒതുക്കി നിറുത്തി പടമെടുക്കാന്‍ പറ്റിയ സൌകര്യം ഇല്ലാത്ത റോഡുകളായിരുന്നു പലയിടത്തും. വാഹനം നിര്‍ത്താമെന്നായപ്പോള്‍ മഞ്ഞപ്പാടത്തിന്റെ പരിസരമല്ല. കുറച്ച് മിനക്കെട്ടിട്ടായാലും അവസാനം വണ്ടി ഒതുക്കി നിറുത്തി കുറച്ച് പടങ്ങള്‍ എടുത്തു.


പൂക്കളുടെ / ചെടിയുടെ പേരാണ് ‘കനോല‘. ഇതില്‍ നിന്ന് കനോല ഓയല്‍ ഉണ്ടാക്കുന്നുണ്ട്. കനോല എന്ന പേര് വന്ന വഴി രസകരമാണ്.

കാനഡയിലാണ് 1970കളില്‍ കനോല ചെടി ബ്രീഡ് ചെയ്തെടുത്തത്. "Canadian oil, low acid" എന്നതിന്റെ ചുരുക്കപ്പേരാണ് കനോല.

പക്ഷെ സായിപ്പ് ഇതിനെ വിളിക്കുന്ന നാടന്‍ പേര് വേറൊന്നാണ്. അതിത്തിരി മോശമാ. എന്നാലും പറയാതെ വയ്യല്ലോ ? പടം എടുത്ത് ഇവിടെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചുപോയില്ലേ ?

ആ പേരാണ് റേപ്പ് സീഡ് (Rape Seed).

ഈ സായിപ്പിനെക്കൊണ്ട് തോറ്റു. ഇത്രേം നല്ല പൂവിനും ചെടിയ്ക്കും ഇടാന്‍ വേറൊരു മാനം മര്യാദേം ഉള്ള പേര് കിട്ടീലേ അതിയാന് ?
-------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://en.wikipedia.org/wiki/Canola

Sunday, 30 March 2008

കണിക്കൊന്ന

വടക്കേത്തൊടിയിലെ കൊന്നമരത്തില്‍ നിറയെ കണിക്കൊന്ന പിടിച്ചുകിടക്കാറുണ്ടായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇപ്പോള്‍ പേരിന് നാലോ അഞ്ചോ കുലയില്‍ മാത്രമായി ഒതുങ്ങുന്നു പൂക്കള്‍. കാലാവസ്ഥയിലും, പ്രകൃതിയിലും, മനുഷ്യരാശിയിലും ഉണ്ടായ മാറ്റം തന്നെയാകാം കാരണം , അല്ലേ ?

കൊന്ന പൂത്തുലഞ്ഞു നിന്നിരുന്ന കാലത്ത് ഒരു ക്യാമറ കയ്യിലുണ്ടായിരുന്നില്ല. ക്യാമറ കയ്യില്‍ വന്നപ്പോഴേക്കും കൊന്നപ്പൂക്കള്‍ പേരിനുമാത്രമായി. എന്തായാലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇപ്പോഴും കൊന്ന പൂക്കുന്നുണ്ടെന്നതു തന്നെ സന്തോഷത്തിന് വക തരുന്നു.

തീരെ സമൃദ്ധിയില്ലെങ്കിലും എനിക്കെന്റെ വീട്ടുവളപ്പിലെ കണിക്കൊന്ന ഒന്നൊന്നര കണി തന്നെ. എട്ടുമാസത്തിനുശേഷം രണ്ടാഴ്ച്ചമുന്‍പ് നാട്ടിലൊന്ന് പോയപ്പോള്‍, വടക്കേപ്പറമ്പിലെ ആ പൂക്കളുടെ കുറച്ച് പടങ്ങളെടുക്കാന്‍ സാധിച്ചു. മഞ്ഞനിറം കുറവാണെങ്കിലും,അതിലൊരു കുല പൂക്കളിതാ......

മേടപ്പുലരിയില്‍ പൂത്തുനില്‍ക്കുന്ന
കണിക്കൊന്ന പോലെ മനോഹരവും,
സന്തോഷപ്രദവും,നന്മ നിറഞ്ഞതും,
ഐശ്വര്യം നിറഞ്ഞതുമായ വിഷുദിനാശംസകള്‍,
എല്ലാവര്‍ക്കും മുന്‍‌കൂറായിട്ടുതന്നെ നേരുന്നു.

Thursday, 14 February 2008

പ്രണയദിനപ്പൂക്കളിതാ...

പ്രണയദിനപ്പൂക്കള്‍ കിട്ടാത്തവര്‍ക്ക് വേണ്ടി,
പൂക്കോട് ലെയ്‌ക്കില്‍ നിന്നും, കരയില്‍ നിന്നും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറിച്ചെടുത്ത ഒരു പറ്റം പൂക്കളിതാ.
വാടാതെ, ഉണങ്ങാതെ കാത്തുസൂക്ഷിക്കുകയായിരുന്നു ഇതുവരെ.
ഈ ദിവസമല്ലെങ്കില്‍ മറ്റൊരുദിവസം
എന്റെ കൂട്ടുകാര്‍ക്ക് നല്‍കാന്‍.

വാരിയെടുത്തോളൂ, പകുത്തെടുത്തോളൂ,
പ്രാണപ്രിയനും, പ്രേയസിക്കും കൊടുത്തോളൂ.






കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP