Saturday, 1 March 2008

ചാരിറ്റി ഷോപ്പ്

ലക്കെട്ട് വായിച്ചിട്ട് എന്തെങ്കിലും പുതുമ തോന്നുന്നുണ്ടോ?

നമ്മളില്‍ പലര്‍ക്കും ഈ ചിത്രത്തിലെ ബോര്‍ഡില്‍ എഴുതിയിരിക്കുന്നതുപോലെ(NEW TO YOU CHARITY SHOP) ഇത് പുതിയത് തന്നെയായിരിക്കും. ഇന്ത്യയിലോ, അറബിരാജ്യങ്ങളിലോ ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടില്ല. ആരെങ്കിലും കണ്ടിട്ടുണ്ട്, ഇതിനൊരു പുതുമയും ഇല്ല എന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. കാണാത്തവര്‍ക്ക് വേണ്ടി ഒന്ന് വിശദീകരിക്കാം.

ഞാനിത് കണ്ടത് ഇംഗ്ലണ്ടിലാണ്. മറ്റ് പല പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഷോപ്പുകള്‍ ഉണ്ടാകുമായിരിക്കാം.

ഇതൊരു ചാരിറ്റി ഷോപ്പാണ്. നമ്മുടെ വീട്ടിലെ ആവശ്യമില്ലാത്തതും, ഉപയോഗപ്രദമായിട്ടുള്ളതുമായ, കേടുപാടുകള്‍ ഒന്നും ഇല്ലാത്ത ഏത് തരം സാധനങ്ങള്‍ വേണമെങ്കിലും നമുക്ക് ഈ കടയില്‍ കൊണ്ടുപോയി നട തള്ളാം. അവരതിനെ കഴുകി തുടച്ച് മിനുക്കി വളരെ ചെറിയ ഒരു വിലയുമിട്ട് വില്‍പ്പനയ്ക്ക് വെയ്ക്കും. എന്നിട്ടതെല്ലാം വിറ്റ് കിട്ടുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. ഇത്തരം കടകളെ ചാരിറ്റി ഷോപ്പ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടല്ലോ ?

ആള്‍ക്കാര്‍ക്ക് ഉപയോഗപ്രദമായിട്ടുള്ളതും, യാതൊരു കേടുപാടുകളില്ലാത്തതുമായ പല സാധനങ്ങളും വളരെ തുച്ഛമായ വിലയ്ക്ക് ഇത്തരം ചാരിറ്റി ഷോപ്പുകളില്‍ നിന്ന് കിട്ടും. ചിലപ്പോള്‍ ബ്രാന്‍‌ഡ്-ന്യൂ സാധനങ്ങള്‍ വരെ അക്കൂട്ടത്തില്‍ നിന്ന് കിട്ടിയെന്ന് വരാം. പുത്തന്‍ പുതിയ സാധനങ്ങളും ആളുകള്‍ ചാരിറ്റി ഷോപ്പിലേക്ക് സംഭാവന ചെയ്യാറുണ്ട്. അതൊക്കെ ഓരോരുത്തരുടെ മനസ്സിന്റെ വലുപ്പം പോലെ.

വരൂ നമുക്കീ ഷോപ്പിനകത്തേക്കൊന്ന് കയറി നോക്കാം.

ബാഗുകള്‍, ചെരിപ്പുകള്‍, തൊപ്പികള്‍......

കുട്ടിയുടുപ്പുകള്‍, ക്രോക്കറി‍, വീഡിയോ ടേപ്പുകള്‍,

വസ്ത്രങ്ങള്‍...

നിത്യോപയോഗ സാധനങ്ങള്‍, അടുക്കളപ്പാത്രങ്ങള്‍, കരകൌശല വസ്തുക്കള്‍,

കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍....

സി.ഡി‍,....വി.സി.ഡി‍, ബാഗുകള്‍,....

ഫോട്ടൊ ഫ്രെയിമുകള്‍, റെക്കോഡ് പ്ലയറുകള്‍ കാര്‍പ്പറ്റുകള്‍ എന്നിങ്ങനെ എല്ലാമുണ്ടിവിടെ.

പുസ്തകങ്ങളാണ് എന്നെ ഇക്കൂട്ടത്തില്‍ ഏറ്റവും അധികം ആകര്‍ഷിച്ചത്. 25പി(ഏകദേശം 20 രൂപാ) യൊക്കെ കൊടുത്താല്‍ കിട്ടുന്ന പുസ്തകങ്ങളുടെ ശരിക്കുള്ള വില 15 മുതല്‍ 20 പൌണ്ട്(1000 രൂപയ്ക്ക് മുകളില്‍)വരെയാണ്.ഒരു പേജ് പോലും മുഷിയുകയോ, മടങ്ങി വൃത്തികേടാകുകയോ ചെയ്യാത്ത എല്ലാത്തരം പുസ്തകങ്ങളും എനിക്കവിടന്ന് കിട്ടാറുണ്ട്.

ഫര്‍ണീച്ചര്‍, ഷാളുകള്‍ ,.....

ടേബിള്‍ ലാമ്പുകള്‍, ലാമ്പ് ഷേഡുകള്‍ തുടങ്ങി എല്ലാത്തരം സാധനങ്ങളും കിട്ടുന്ന ഈ ചാരിറ്റി ഷോപ്പ് പീറ്റര്‍ബറോ എന്ന സ്ഥലത്ത് ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നും 300 മീറ്റര്‍ അപ്പുറത്തുള്ള റോഡിലാണ്. ഇനി നമുക്കാ കൌണ്ടറിലേക്ക് ഒന്ന് എത്തി നോക്കാം.

കൌണ്ടറില്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്ന സ്ത്രീയോട് അനുവാദം വാങ്ങിയിട്ടാണ് ഞാന്‍ ഈ പടങ്ങളൊക്കെ എടുത്തത്. ഞങ്ങളുടെ രാജ്യത്ത് ഇത്തരം ചാരിറ്റി ഷോപ്പുകള്‍ ഒന്നും ഇല്ല. അതുകൊണ്ട് കുറച്ചുപേരെ കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് പടങ്ങള്‍ എടുക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് എന്റെ രാജ്യമേതെന്ന് അറിയണം. എന്നെ കണ്ടാല്‍ പറയില്ലേ ‘മേരാ ഭാരത് മഹാന്‍” ആണെന്ന് ?

ഇന്ത്യാക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യയില്‍ അവര്‍ നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രശ്നങ്ങള്‍ അവര്‍ അക്കമിട്ട് പറഞ്ഞു. സുനാമി ദുരിതത്തില്‍പ്പെട്ടവര്‍ക്ക് അക്കാലത്തും ഇപ്പോഴും അവര്‍ സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അവരുടെ നോട്ടീസ് ബോര്‍ഡില്‍ കിടക്കുന്നതും ഇന്ത്യാക്കാര്‍ക്ക് ഈയടുത്ത് ചെയ്ത സഹായങ്ങളുടെ പടങ്ങളാണ്.

ചാരിറ്റി ഷോപ്പിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍, എന്നും എന്റെ മനസ്സിലുദിക്കുന്ന ചില ചിന്തകളും, ചോദ്യങ്ങളുമുണ്ട്.

നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ ഒരു ചാരിറ്റി ഷോപ്പ് തുടങ്ങിയാല്‍ എങ്ങിനെയുണ്ടാകും ?
അത്തരം ഒരു ഷോപ്പ് വലിയ തട്ടുകേടില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ പറ്റുമോ ?
പറ്റുമെങ്കില്‍, അത് എങ്ങിനെ സാദ്ധ്യമാക്കാന്‍ പറ്റും ?
എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും?
നാട്ടുകാരതിനെ തള്ളുമോ, കൊള്ളുമോ ?
എന്തൊക്കെ സാധനങ്ങളായിരിക്കും നാട്ടുകാര്‍ കൊണ്ടുവന്ന് തരുക?
അതിന്റെ വരുമാനം എന്തെല്ലാം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും ?

മലയാളികള്‍ക്കിടയില്‍ ഒരു ചാരിറ്റി സംസ്കാരം വളര്‍ത്തിയെടുക്കാനെങ്കിലും ഇതുകൊണ്ട് പറ്റിയാല്‍ അതൊരു നല്ല കാര്യമല്ലേ ?
എന്ത് തോന്നുന്നു ?

37 comments:

Anonymous 1 March 2008 at 11:57  

കാപ്പിലാന്‍ said...

നമ്മുടെ നാട്ടില്‍ എത്രത്തോളം വിലപ്പോകും എന്ന് അറിയില്ല മാഷേ.ഇവിടെ salvation army ഇങ്ങനെ
കട നടത്തുന്നുണ്ട്.ഒരിക്കല്‍ ഞാന്‍ അവിടെ അബദ്ധത്തില്‍ അവിടെ ചെന്നു .മൊത്തം കാപ്പിരികള്‍ ആയിരുന്നു അവിടെ സാധനം വാങ്ങാന്‍ വന്നത്,പൂപ്പിന്റെ നാറ്റം കൊണ്ട് ചെന്നപ്പഴെ ഇറങ്ങി പോരേണ്ടി വന്നു.
അതിരിക്കട്ടെ ...ഇന്ന് നാടകം എഴുതാതെ ഇതായിരുന്നോ പണി .കല്യാണി കടവില്‍ കാത്തു നില്‍ക്കുന്നു.നിരെട്ടനെയും കാത്ത് :):)

29 February 2008 18:42

Anonymous 1 March 2008 at 11:57  

ആഷ | Asha said...
ഇത് കൊള്ളാമല്ലോ സംഗതി.
നമുക്ക് വേണ്ടാത്ത സാധനങ്ങള്‍ മറ്റുള്ളോര്‍ക്ക് പ്രയോജനം ചെയ്യും. നമുക്ക് വേണ്ടതുണ്ടെങ്കില്‍ വിലകുറച്ച് കിട്ടുകയും ചെയ്യും.

ചാരിറ്റി ഷോപ്പ് സിന്ദാബാദ്!

29 February 2008 23:12

Anonymous 1 March 2008 at 11:58  

ഡോക്ടര്‍ said...

നല്ല ഒരു ആശയമാണ് ....നമ്മുടെ നാട്ടില്‍ എത്ര മാത്രം പ്രാവര്‍ത്തികമാണ് എന്നതാണ് സംശയം ...മെട്രോ പോളിട്ടന്‍ സിറ്റികളില്‍ പരീക്ഷിക്കാവുന്ന ഒന്ന്‍ ...ഗ്രാമങ്ങളില്‍ പണ്ടേ ഉള്ളതല്ലേ ഇതല്ലാം ...ഇപ്പൊ ഒരു മോടിഫികേഷന്‍ ആയി എന്ന് മാത്രം ...

01 March 2008 00:2

Anonymous 1 March 2008 at 11:58  

Gopan (ഗോപന്‍) said...

ഇതു വളരെ നല്ല ആശയമാണ് മാഷേ.
ലണ്ടനില്‍ അല്ലാതെ ദുബായില്‍
കരാമയിലെവിടെയോ കണ്ടതോര്‍മ വരുന്നു.
പക്ഷെ അതൊരു ഷോപ്പ് ആയിരുന്നില്ല.
ഇന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ
ഭൂകമ്പത്തിനു സഹായമായി തുണികളും
മറ്റു അവശ്യ സാധനങ്ങളും ഇവര്‍ ശേഖരിച്ചിരുന്നു.
യു കേയിലെത് വളരെ നന്നായി നടത്തുന്ന ഒന്നാണ്.
നല്ല പോസ്റ്റ്..
ഓ ടോ : ഈ പോസ്റ്റ് ആഗ്രഗേട്സില്‍ കണ്ടില്ല.

01 March 2008 02:02

Anonymous 1 March 2008 at 11:59  

ഹരിശ്രീ said...

മനോജ് ഭായ്,
ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി...
:)

01 March 2008 02:18

നിരക്ഷരന്‍ 1 March 2008 at 12:07  

ചിന്തയും, തനിമലയാളവും, ഗൂഗിലും ചതിച്ചു. ഒരിടത്തും ഇത് വന്നില്ല. അതുകൊണ്ട് രണ്ടാമത് പോസ്റ്റേണ്ടി വന്നു. കമന്റുകള്‍ കട്ടി & പേസ്റ്റി.
------------------------------
കാപ്പിലാന്‍ - യു.കെ.യില്‍ ഇതൊക്കെ നല്ല രീതിയിലാണ് നടക്കുന്നത്. ഇവിടെ ഒരു നാറ്റവുമില്ല. എന്തായാലും ഒരോ രാജ്യത്തും ഇത് എങ്ങിനെയാണ് നടക്കുന്നതെന്നെങ്കിലും മനസ്സിലാക്കാന്‍ ഈ പോസ്റ്റുകാരണം പറ്റുമല്ലോ ? നന്ദി.

ആഷ - സിന്ദാബാദ്, സിന്ദാബാദ്..അരമണിക്കൂര്‍ സിന്ദാബാദ്.

ഡോക്ടര്‍ - നമ്മുടെ ഗ്രാമങ്ങളില്‍ പണ്ടേ ഇതൊക്കെ ഉണ്ടോ ? അതിനെപ്പറ്റി എനിക്കറിയില്ല. വിശദീകരിക്കാമോ ?

ഗോപന്‍ - അഗ്രഗേറ്ററുകള്‍ എല്ലാം ചതിച്ചു. ഇപ്പോ രണ്ടാമത് പോസ്റ്റി.

ഹരിശ്രീ - നന്ദി.

കൃഷ്‌ | krish 1 March 2008 at 12:34  

സംഗതി കൊള്ളാം.

pts 1 March 2008 at 12:42  

വളരെ അഭിനന്ദനാര്‍ ഹമായ ഒരു പോസ്റ്റാണിത്.എനിക്ക് തോന്നുന്നു നമ്മുടെ നാട്ടീലും ഇത്തരം സ്ഥാപനങള്ക്ക് സ്കോപ്പുണ്ട് എന്നാണ്.ഈ രീതിയിലല്ലെങിലും ധാരാളം ജീവകാരുണ്യ സ്ഥാപനങള്‍ ഇവിടെ പ്രവറ്ത്തിക്കുന്നുണ്ട്.അവര്‍ ക്ക് തന്നെ ഇത്തരം പുതിയ രീതിയിലുള്ള ആശയങള്‍ പ്രാവറ്ത്തികമാക്കാവുന്നതേയുള്ളു.

ഗീതാഗീതികള്‍ 1 March 2008 at 13:23  

നിരക്ഷരന്‍ നമ്മുടെ നാട്ടില്‍ ഇങ്ങനൊരു സംരഭം തുടങ്ങിയാല്‍, കൂടെ കൂടാന്‍ ഞാനുമുണ്ട്. നല്ലൊരു സംരംഭം തന്നെയാണ്.
പിന്നെ വിജയിക്കുമോ എന്നുള്ളത് കണ്ടു തന്നെ അറിയണം. കാരണം നമ്മുടെ നാട്ടുകാര്‍ക്ക് ദുരഭിമാനം എന്ന സാധനം കുറച്ചുകൂടുതലാണല്ലോ? മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ നമ്മളത്ര മോശക്കാരാണോ ച്ഛേ!

അതുല്യ 1 March 2008 at 13:55  

ശരിയാണു ഏത് പ്രദേശത്തും ഇത് പോലെ ഒന്ന് ഉണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നാറുണ്ട്. പണ്ട് മിലിട്ടറി ബേസുകളില്‍ ഒക്കെ താമസിച്ചിരുന്നത് കൊണ്ട്, കൊല്ലം തോറുമുള്ള നാടുകടത്തലിന്റെ ഭാഗമായിട്ട്, മിക്ക ക്ണ്ടോണ്മെന്റുകളിലും പ്ഴയ ഹെലി. ഹാങറുകളൊക്കെ ഇത് പോലെ നാട് മാറി പോകുന്നവര്‍ക്ക് ഡംബ് യാര്‍ഡാക്കി കൊടുക്കാറുണ്ട്. വേണ്ടാത്തത് ഇല്ലാം തന്നെ ഇത് പോലെ അവിടെ കൊണ്ട് പോയി വയ്ക്കാറുണ്ട് ഞങ്ങള്‍. പിന്നെ അത് അവിടെ യുള്ള ഉദ്യോഗസ്ഥന്മാര്‍ പോയി സോര്‍ട്ട് ചെയ്ത് മാറ്റി, പിന്നീട് അത് മൂന്ന് മാസത്തില്‍ ഒരിയ്ക്കല്‍ ഒരു ലിസ്റ്റായിട്ട് നോട്ടീസ് ഒട്ടിയ്ക്കും. മിക്കവയും വളരെ കുറഞ വിലയ്ക്ക് സേനാംങ്ങള്‍ തന്നെ വാങുകയും, ഇടയ്ക്ക് എന്തെങ്കിലും കപ്പലുകള്‍ പീസ് പാട്റോളിങിനായി വെള്ളപോക്ക സ്ഥലമോ മറ്റോ സന്ദര്‍ശിക്കാന്‍ ഇട വന്നാല്‍, ഇത് മുഴോനും അവിടെ കൊണ്ട് പോയി കൊടുക്കുമായിരുന്നു. സുനാമി വന്നപ്പോഴ് ഇത് പോലെ ദുബായുടെ മിക്ക ഭാഗങ്ങളിലും റേഡ്ക്രോസ്സിന്റെ ഭാഗമായിട്ട് ഇത് പോലെ റ്റെന്റുകള്‍ തുറക്കുകയും, ഒരുപാട് ആളുകള്‍ ഇത് പോലെയുള്ള എല്ലാ തരത്തിലുള്ള സാധനങ്ങള്‍ എത്തിയ്കുകയും ചെയ്തിരുന്നു. ഇത് പോലെയൊക്കെയുള്ള സെറ്റ് അപ്പ് എല്ലാ സ്ഥലത്തും ഒക്കെ ഉണ്ടായിരുന്നെങ്കില്‍! ഇതിനു പിന്നില്‍ പ്രവര്‍ത്തിയ്ക്കാനായിട്ട് നമ്മുടേ നാട്ടില്‍ ആളെ കിട്ടുക എന്നതും, സ്ഥല പരിമിതിയമൊക്കെയാണു. കാരണം, ജോലിക്കാര്‍ മിക്കവരും സന്നദ്ധ സേനാംഗന്ന്ഗളാവണം. അല്ലെങ്കില്‍ ശംബളം കാരണം, വലിയ ലാഭം ഇവര്‍ ഇതില്‍ നിന്ന് പ്രതീക്ഷിച്ചാല്‍, ഇന്ത്യ എന്ന ഒരു രാജ്യത്ത് ഇതിനു നിലനില്പുണ്ടാവില്ല.

ഇതിനു നേര്‍ വിപിരീതമായിട്ട്, പണ്ടൊരു സായിപ്പസ് മാത്രമുള്ള കമ്പനിയിലെ പണിക്കിടയില്‍, ഈയാശ്ച ഗ്യാരേജ് സേല്‍സുണ്ടാവുമെന്ന് ഇമെയില്‍ കണ്ട് കമ്പനിയില്‍ ചെന്നപ്പോഴ്, മിക്ക സായിപ്പന്മാരുടെം വീട്ടിലുള്ള പഴ ബാത്റൂം മഗും കുട്ടികള്‍ടേ പഴയ വാട്ട്ര് ബോട്ടിലുമൊക്കെ കണിശമായ സെക്കന്റ് ഹാന്ദ് വില പറഞ് വാങിക്കുട്ടുന്നത് കണ്ട് ഞാന്‍ അന്ധാളിച്ചു. റ്റോയ്സ് ഒക്കെ ഇന്ന വിലക്ക് വാങി, ഇത്ര ദിവസമായി, ബാക്കി അപ്പോ ഇത്രേം കിട്ടണമെന്ന് ഒക്കെ പറഞ് സ്ത്രീകള്‍ പറയുന്നുണ്ടായിരുന്നു. ഇത് ചാരിറ്റീടെ ഭാഗമാണെന്നാണു ഞാനാദ്യം ധരിച്ചത്, പിന്നീടാണു അറിഞത്, ഇത് കഴിഞ്, ഈ പെഇസ കൊണ്ട് രാത്രി ഗോള്‍ഫ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുകയാണു പതിവെന്ന്. ശരിയാണോ തെറ്റാണോ ആവോ ആര്‍ക്കറിയാം.

കുമാറിന്റെ ഡബ്ബാവാല കഴിഞാല്‍ പിന്നെ ഈ ലേഖനവും ഈയാഴ്ച്ച ബ്ലോഗുകള്‍ക്ക് മുതല്‍ക്കൂട്ടായി. BRAVO ZULU for both the posts.

വേണു venu 1 March 2008 at 14:10  

ഈ ഷാപ്പും കൊള്ളാമല്ലോ . പുതിയ അറിവു തന്നെ.:)

മിന്നാമിനുങ്ങുകള്‍ //സജി.!! 1 March 2008 at 14:12  

സിന്ദാബാദ്!സിന്ദാബാദ്!സിന്ദാബാദ്!
ചാരിറ്റി ഷോപ്പ് സിന്ദാബാദ്.....

പ്രിയ ഉണ്ണികൃഷ്ണന്‍ 1 March 2008 at 15:35  

ദൊക്കെ ബ്ടേമ്ം ണ്ട് ട്ടാ നിരൂ‍ൂ‍ൂ‍ൂ‍ൂ

ശ്രീവല്ലഭന്‍ 1 March 2008 at 17:07  

നല്ല പോസ്റ്റ് നിരക്ഷരന്‍.

പല സന്നദ്ധ സംഘടനകളും ഇങ്ങനെ ചാരിറ്റി ഷോപ്പ് നടത്താറുണ്ട്. Oxfam (www.oxfam.org.uk (See their 'Shop'), Save the Children Fund www.savethechildren.org.uk, എന്നിങ്ങനെ പല അന്താരാഷ്ട്ര സംഘടനകള്‍ക്കും ചാരിറ്റി വിന്ഗ് ഉണ്ട്. അതിന് കൃത്യമായ ഫണ്ടിംഗ്‌ ഇല്ലാതെ തുടങ്ങുകയും മുന്നോട്ടു കൊണ്ട് പോവുകയും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒരു പക്ഷെ അതുപോലുള്ള സംഘടനകള്‍ക്കോ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ചാരിറ്റികള്‍ക്കോ, അതുമല്ലെങ്കില്‍ കുറെ പണം സംഘടിപ്പിക്കാന്‍ പറ്റുന്നവര്‍ക്കോ മാത്രമെ ചെയ്യാന്‍ സാധിക്കു‌ എന്നാണ്.

ഇതിലെ ഐറ്റംസ് പലതും ഫ്രീ ആയി കിട്ടുന്നതാണ് (അല്ലെങ്കില്‍ സന്നദ്ധ സംഘടനകളുടെ കയ്യില്‍ നിന്നും കുറഞ്ഞ വിലക്ക്‌ വാങ്ങി വില്‍ക്കുന്നവ) . അല്ലെങ്കില്‍ സ്വന്തം കയ്യില്‍ നിന്നും കുറെ പണം മുടക്കി തുടങ്ങണം. തുടക്കത്തില്‍ വളരെ അധികം investment വേണ്ടതാണ്. ഒരു കെട്ടിടം നല്ല സ്ഥലത്തു കിട്ടണമെങ്കില്‍ തന്നെ ലക്ഷക്കണക്കിന്‌ രൂപാ മുടക്കുണ്ട്.

നമ്മള്‍ സാധനങ്ങള്‍ വളരെ മോശമാകുമ്പോള്‍ മാത്രം കളയുന്ന സ്വഭാവം ഉള്ളവര്‍ ആണ് (maximum utilisation). വികസിത രാജ്യങ്ങളില്‍ ഉള്ളവര്‍ പലതും കുറച്ചൊക്കെ ഉപയോഗിച്ചു കഴിയുമ്പോള്‍ ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് ഫ്രീ ആയി കൊടുക്കാറുണ്ട്.

ശ്രീവല്ലഭന്‍ 1 March 2008 at 17:08  
This comment has been removed by the author.
ഹരിത് 1 March 2008 at 19:44  

ഗ്രേറ്റ് പോസ്റ്റ് മൈ ഫ്രണ്ട്

കുറ്റ്യാടിക്കാരന്‍ 1 March 2008 at 19:51  

മനോജേട്ടാ, പോസ്റ്റ് കണ്ടു. ഇഷ്ടപ്പെട്ടു.
നന്ദി.

പിന്നെ, ചാരിറ്റി ഷോപ്പല്ലെങ്കിലും ഇതുപോലെ പ്രവര്‍ത്തിക്കുന്ന പലരും ഉണ്ട്. അതിലൊന്ന് ദുബായിലും ഉണ്ട്. ദാര്‍ അല്‍ ബിറ്ര് എന്ന സംഘടനയാണവര്‍. ഇതൊരു മത സംഘടനയാണ്. പക്ഷേ സംഭാവനകള്‍ (ഇത്തരം വസ്ത്രങ്ങള്‍ തുടങ്ങിയവ) സ്വീകരിക്കുന്നതില്‍ അവര്‍ക്ക് ജാതി മതഭേദമൊന്നുമില്ല. ഇത് വിതരണം ചെയ്യുന്നതില്‍ ഉണ്ടോ എന്നറിയില്ല.

എന്റെ പല സുഹ്ര്‌ത്തുക്കളും ഇതിലേക്ക് ഡൊണേറ്റ് ചെയ്യാറുണ്ട്. ആര്‍ക്ക് വേണമെങ്കിലും സംഭാവനകള്‍ കൊടുക്കുകയുമാവാം.

വഴി പോക്കന്‍.. 2 March 2008 at 05:39  

നന്നായിരിക്കുന്നു നിരക്ഷരാ..
അതൊക്കെ പോട്ടെ നിരക്ഷരനെന്തിനാ അവിടെ കയറിയത്.. ചുളു വിലക്കു സാധനങ്ങളു മേടിക്കാന്‍ തന്നെയല്ലെ??

Sharu.... 2 March 2008 at 06:02  

വളരെ നല്ല പോസ്റ്റ്, നന്നായി :)

രാജേഷ് മേനോന്‍ | Rajesh Menon 2 March 2008 at 07:12  

ഇങ്ങനൊന്നിനെക്കുറിച്ചു കേട്ടിട്ടില്ലായിരുന്നു. നന്ദി, നിരക്ഷരന്‍.

നമ്മുടെ നാട്ടില്‍ കച്ചവടക്കണ്ണില്ലാതെ ഇത്തരമൊന്നു സങ്കല്‍പ്പിക്കുക അസാദ്ധ്യം.

Priya 2 March 2008 at 09:02  

ശ്രീ വല്ലഭന് പറഞ്ഞതിനോടാ ഞാനും യോജിക്കുന്നെ. നമ്മള് ആരും ഇങ്ങനെ കുറച്ചുപയോഗിച്ചു കളയുന്ന സ്വഭാവം ഉള്ളവര് അല്ല. ഇനി ഇങ്ങനെ എന്തേലും വന്നാല് അങ്ങനെ ചെയ്യുമോന്നു ചോദിച്ചാല് ഉണ്ടായേക്കാം . പിന്നെ കുട്ടികളുടെ ടോയ്സ് പോലുള്ളവ മിക്കവാറും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കുഞ്ഞുങ്ങള് എടുത്തോണ്ട് പോവും. ( ഒരിക്കല് എന്റെ കസിന്റെ മോള് പറഞ്ഞ പോലെ " ഇതു പന്ന സേയ്ക്കള് അല്ലെ, ഞാന് കൊണ്ടോവാ " ) പിന്നെ ഡ്രസ്സ് പഴയതു വാങ്ങുന്നവര് ഉണ്ട്, വിപുലമായി അല്ലെങ്കിലും. അത് അത്ര ഇഷ്ടം കൊണ്ടൊന്നും അല്ല എങ്കിലും. ഇങ്ങനെ എന്തെങ്കിലും വന്നാല് അതിന് ഒരു വില കിട്ടും. പുസ്തകങ്ങള് എന്നും നല്ലതാണു. ഇപ്പോളും അങ്ങനത്തെ കടകള് ഉണ്ടല്ലോ (ഇവിടെ ദുബായിലും ) ചാരിറ്റി അല്ലെങ്കിലും.

ഇതിനെല്ലാം ഒരു ചാരിറ്റി ഓര്ഗനൈസേഷന് മുന്നിട്ടിറങ്ങിയാല് നന്ന്. പക്ഷെ അങ്ങനെ ഉണ്ടോ , ഉണ്ടാവോ? സുനാമി ദുരിതാശ്വാസത്തിന്റെ അവസ്ഥ കണ്ടതാ .

നല്ലൊരു ടോപ്പിക് . നന്ദി നിരക്ഷര് ജി

വാല്‍മീകി 2 March 2008 at 16:16  

കൊള്ളാം മാഷേ, നന്നായി ഇങ്ങനെയൊരു പരിചയപ്പെടുത്തല്‍. ഇതുപോലെയുള്ള സംരംഭങ്ങള്‍ എല്ലാ സ്ഥലത്തും തുടങ്ങണം.

ചിതല്‍ 2 March 2008 at 16:17  

വേറെ എവിടെന്നും സാധനം വാങ്ങാറില്ല. അല്ലേ..
എന്തായാലും ഉഗ്രന്‍ കളക്ഷന്‍..

നല്ല പോസ്റ്റ്.. അഭിനന്ദനം
:)

സ്നേഹതീരം 2 March 2008 at 19:03  

വളരെ നല്ല ആശയം തന്നെ. കേരളത്തില്‍ ഇതൊക്കെ എത്ര നടപ്പിലാവുമെന്നറിയില്ല. കാരണം, കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന സ്വഭാവം ഇവിടെയൊക്കെ വന്നുതുടങ്ങുന്നതേയുള്ളൂ ( എന്റെ മാത്രം തോന്നലാവാം, ട്ടോ) പിന്നെ വാങ്ങുന്നതെന്തു തന്നെയായാലും, പരമാവധി ഉപയോഗിക്കുക എന്നൊരു (ദു ?)ശീലവും ഇവിടെയുണ്ടല്ലോ. പഴയതാണേലും,ഉള്ള കോട്ടണ്‍സാരികള്‍ കഴുകി വൃത്തിയാക്കി അല്പം സ്റ്റാര്‍ച്ചൊക്കെ മുക്കി, തേച്ച്, നേരാംവണ്ണം ഉടുത്താല്‍ അതിനും ഒരു ഭംഗിയുണ്ട്, എന്നു വിശ്വസിക്കുന്ന എന്നേപ്പോലുള്ള പഴഞ്ചന്മാര്‍ ഇനിയും ഇവിടെ കുറേപ്പേര്‍ കൂടി ബാക്കിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. :)
എന്നാലും, കുറച്ചു നാള്‍ കഴിയുമ്പോള്‍ ഇതുപോലെയുള്ള ഷോപ്പുകള്‍ ഇവിടെ കൊച്ചിയിലെങ്കിലും വരാതിരിക്കില്ല എന്നു തോന്നുന്നു. കാരണം, ഇതൊരു സ്മാര്‍ട് സിറ്റിയാവുകയല്ലേ :)

Akhilesh 2 March 2008 at 23:08  

സംഗതി കൊള്ളം!... But when we do it in our country people might misuse it to dumb the useless(In all the means no one can use it) things over there...
Varshangalcku munpu nadanna sambhavam, Tsunami bhaditharcku sahayam ethickkan corporate companies employeesnodu paranjaappol...kure aallkkar valare ulsahathode...veettilulla keeri parinja thunikal ellam thanne kondu vannu...
Sahayickaanulla oru manasthidhy manushyande second nature aakanam...allathe aarcko vendi cheyyunna oru vazhipaadakaruthu...
Njan oru anubhavam paranjenne ollo...aarengilum cheythaa nalla reethiyilulla sahayathe vimarshikkan muthirnittilla....

പരിത്രാണം 3 March 2008 at 03:29  

കൊള്ളാം നല്ല ആശയം :)

നമ്മുക്കിടയില്‍ അഭിപ്രായത്തിനും ചര്‍ച്ചക്കും ഒരു ക്ഷാമവും ഇല്ല ഏറ്റെടുത്ത് നടത്തി വിജയിപ്പിക്കാന്‍ പറ്റിയ ആളുകളെ കിട്ടുകയാണെങ്കില്‍ നടപ്പിലാക്കാവുന്നതാണ്. ഒരേ പദ്ധതി കൊണ്ട് ഒരുപാടു പേര്‍ക്ക് ഉപകാരമാകുന്ന കാര്യം അല്ലേ. തുടക്കത്തിലെ ആവേശവും ലക്ഷ്യവും അവസാനം വരെ വേണമെന്നു മാത്രം. മറ്റുള്ളവര്‍ എന്തു ചെയ്തു എന്തു ചെയ്തില്ല എന്നു ചര്‍ച്ച ചെയ്യാതെ നമ്മള്‍ എന്തു ചെയ്തു എന്നതിനെ കുറിച്ചാലോചിക്കുന്നതല്ലേ നല്ലത്. ലോകത്തിലെ ഏറ്റവും അമൂല്യമായതാണ് സമയം അത് ഇങ്ങിനെ ചര്‍ച്ചയില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ. പിന്നെ നാട്ടിലായതു കൊണ്ട് നാടിന്റെ വികസനത്തിന് എപ്പോഴും ഒരു വിലങ്ങു തടിയാകുന്ന നമ്മുടെ രാഷ്ട്റീയക്കാരെ പറ്റിയാണ് ഉല്‍കണ്ഠ!

ചാരിറ്റി ഷോപ്പ് സിന്ദാബാദ്!

കാവലാന്‍ 3 March 2008 at 07:14  

"ഒരു പേജ് പോലും മുഷിയുകയോ, മടങ്ങി വൃത്തികേടാകുകയോ ചെയ്യാത്ത എല്ലാത്തരം പുസ്തകങ്ങളും എനിക്കവിടന്ന് കിട്ടാറുണ്ട്."


ദുഷ്ടാ......ഞമ്മള് കര്തി,ജ്ജെന്തെങ്കിലും ഓര്ക്ക് ശംഫാവന ചെയ്തേരിക്കും.....ന്ന്.

വെറുതെയല്ല കേരളത്തിലിതു വരാത്തത് വാങ്ങല്, മാത്രമല്ലേ അറിയൂ കൊടുക്കാന്‍ അറിയില്ലല്ലോ.

ശ്രീ 3 March 2008 at 07:41  

വളരെ മികച്ച ഒരു ആശയം തന്നെ.
നമ്മുടെ നാട്ടിലും ഇതു പോലെ ഉള്ള സംഭവങ്ങള്‍ തുടങ്ങേണ്ടിയിരിയ്ക്കുന്നു.
:)

ഈ അറിവ് പങ്കു വച്ചതിനു നന്ദി, നിരക്ഷരന്‍ ചേട്ടാ...

അപ്പു 3 March 2008 at 12:49  

നിരക്ഷരാ, ഇതിവിടെ പങ്കുവച്ചതിനു നന്ദി. നമ്മുടെ നാട്ടില്‍ ഇതു നടക്കുമോ എന്നു കണ്ടുതന്നെ അറിയണം. ഒന്നാമത് ഭൂരിപക്ഷം പേരും വാങ്ങിയ സാധനങ്ങളൊന്നും കളയില്ല. രണ്ടാമത് ഉപയോഗിച്ചസാധനങ്ങള്‍ വാങ്ങിഉപയോഗിക്കാന്‍ ആരും ഒരൂങ്ങുമെന്നും തോന്നുന്നില്ല. സൌദി അറേബ്യയിലായിരീക്കുമ്പോള്‍ ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ ഇതുമായി സമാനസ്വഭാവമുള്ള ഒരു കാര്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്. നമുക്ക് വേണ്ടാത്ത പഴയ തുണീയും മറ്റും അവരെ ഏല്പിച്ചാല്പാവങ്ങള്‍ക്ക്ക് അത് കോടുക്കും.

സതീശ് മാക്കോത്ത് | sathees makkoth 3 March 2008 at 16:48  

എനിക്കിതൊരു പുതിയ അറിവാണ്.പഴയതും പാഴായതുമായി നമ്മുക്ക് തോന്നുന്നത് മറ്റുള്ളവര്‍ക്ക് ഉപയോഗയോഗ്യമാണങ്കില്‍ അതൊരു നല്ല കാര്യം തന്നെ.
മനോജ്‌ജീയ്ക്ക് നന്ദി

മന്ദാരം 4 March 2008 at 08:58  

ആശയം വളരെ നല്ലതു തന്നെ..

പക്ഷേ ഇതു ഇവിടെ വേണ്ട്. ഇതു നാടു വേറെയാണ്. നാട്ടുകാരെ നന്നാ‍ക്കുവാനുള്ള എന്തേലും ആശയവും കൊണ്ടൂ ഇനി ഇതുവഴിയെ വന്നാല്‍....

ഹരിശ്രീ 6 March 2008 at 08:34  

മാഷേ,

കൊള്ളാട്ടോ,

ചിത്രങ്ങളും വിവരണവും പതിവുപോലെ നന്നായിട്ടുണ്ട്.....

david santos 7 March 2008 at 13:31  

Excellent posting.
I loved this blog.
Have a good weekend.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ 8 March 2008 at 19:56  

വളരെ മനോഹരം

sindu 9 March 2008 at 13:44  

i don't think in India, people will b interested in buying used dresses.But in case of the crockery,furniture,toys.etc.etc.ur idea will succeed.

നിരക്ഷരന്‍ 12 March 2008 at 09:18  

കൃഷേട്ടാ,പീ.ട്ടി.എസ്സ്. ഗീതാഗീതികള്‍,വേണുജീ, സജീ, ഹരിത്, ഷാരൂ, രാജേഷ് മേനോന്‍, പ്രിയാ, വാല്‍മീകി, ശ്രീ, അപ്പു, സതീഷ് മാക്കോത്ത്,ഹരിശ്രീ, അനൂപ്, സിന്ധു ...എല്ലാവര്‍ക്കും നന്ദി.

അതുല്യേച്ചീ - വിലയേറിയ ആ കമന്റിന് ഒരുപാട് നന്ദി. ചേച്ചിയുടെ കമന്റ് വായിച്ചതിന് ശേഷമാണ് കുമാറിന്റെ ‘ഡബ്ബാവാലകള്‍‘ എന്ന പോസ്റ്റ് വായിച്ചത്. കുമാറിന്റെ ആ മഹത്തായ പോസ്റ്റിനൊപ്പം എന്റെ ഈ ചിന്ന പോസ്റ്റിനേയും വിലയിരുത്തിയത് ഒരു വലിയ അംഗീകാരമായി കാണുന്നു. നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ - അമേരിക്കയില്‍ ഉണ്ടെന്ന് എനിക്കറിയാം. നാട്ടില്‍ തുടങ്ങിയാല്‍ എന്താകും ഗതി എന്നതാണല്ലോ നമ്മുടെ വിഷയം :)

ശ്രീവല്ലഭന്‍ - അത്രയും വിശദമായും ആധികാരികമായും ഒരു മറുപടി നല്‍കാന്‍, ഒരു വേള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഈ ബൂലോകത്ത് പറ്റുക ? വളരെ വളരെ നന്ദി.

കുറ്റ്‌യാടിക്കാരാ - താങ്കള്‍ പറഞ്ഞ സംഘടനയുമായി സഹകരിക്കാന്‍ ഒരവസരം എനിക്കുമുണ്ടായിട്ടുണ്ട്.

വഴിപോക്കാ - എന്റെ രഹസ്യം പൊളിച്ചല്ലോ :)

ചിതലേ - ഇതൊന്നും വിളിച്ച് എന്റെ മാനം കളയല്ലേ മാഷേ :)

സ്നേഹതീരം - അതെ. കൊച്ചി സ്മാര്‍ട്ടാകുന്ന കൂട്ടത്തില്‍ ഇങ്ങനെ ചിലതുകൂടെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ ?

അഖിലേഷേ - അഖിലേഷ് പറഞ്ഞതിനോട് പൂണ്ണമായും യോജിക്കുന്നു.

പരിത്രാണം - രാഷ്ടീയക്കാരെപ്പറ്റിയുള്ള ആ തിരിച്ചറിവ് എനിക്കിഷ്ടമായി :)

കാവലാനേ - എന്നെപറ്റി എല്ലാം മനസ്സിലായി അല്ലേ :)

മന്ദാരം - അയ്യോ ഞാനില്ല മാഷേ.... :)

ഡേവിഡ് സാണ്ടോസ് - സായിപ്പേ, എന്നാണ് മലയാളം വായിക്കാന്‍ പഠിച്ചത്. ഞാനാകെ സന്തോഷിച്ചു, ഒരു സായിപ്പിന്റെ കമന്റൊക്കെ കണ്ടപ്പോള്‍. പിന്നെ നോക്കുമ്പോള്‍ ഇതേ കമന്റ് മറ്റു പല ബ്ലോഗിലും ഇട്ടിരിക്കുന്നത് കണ്ടു. മറ്റേ നമ്പറായിരുന്നു... അല്ലേ കൊച്ചു കള്ളാ...

ചാരിറ്റി ഷോപ്പ് സന്ദര്‍ശിക്കുകയും, സാധനങ്ങള്‍ വാങ്ങുകയും, സംഭാവന നല്‍കുകയും, കൂടാതെ നല്ല നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

ഉഗാണ്ട രണ്ടാമന്‍ 15 April 2008 at 15:36  

നല്ല പോസ്റ്റ്... നിരക്ഷരന്‍ജി

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP