Monday, 9 June 2008

ലക്ഷ്മിയും, സരസ്വതിയും


ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാജസ്ഥാനില്‍ പോകുക പതിവായിരുന്നു 2005-2007 കാലങ്ങളില്‍.

ഒഴിവ് സമയം കിട്ടുമ്പോള്‍ വണ്ടിയുമെടുത്ത് നാടുകാണാനിറങ്ങുന്ന കൂട്ടത്തില്‍, ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയ പൊക്രാന് സമീപമുള്ള ഓസിയാനിലേക്ക് ഒരിക്കല്‍ പോയി. സാന്‍ഡ് ഡ്യൂണ്‍‌സില്‍ വണ്ടി ഓടിക്കാനാണ് അധികവും സഞ്ചാരികള്‍ അവിടെ പോകുന്നത്. കൂട്ടത്തില്‍ ഒരു വലിയ ക്ഷേത്രമുണ്ട്. അതിലും കുറേപ്പേര്‍ സന്ദര്‍ശിക്കും.

ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച വിഷമിപ്പിച്ചു. ക്ഷേത്രമതിലിലും ചുമരിലുമെല്ലാം സാന്‍ഡ് സ്റ്റോണില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളിലെ ദേവന്മാരുടെയും ദേവിമാരുടെയുമെല്ലാം കയ്യും കാലും മൂക്കും മുലയും എല്ലാം തച്ചുടച്ചിരിക്കുന്നു. ഉടഞ്ഞുപോയതാണെങ്കിലും അതിലൊരു ബിംബം കിട്ടിയാല്‍ പൊന്നുപോലെ സ്വീകരണമുറിയില്‍ വെക്കാമായിരുന്നു എന്ന് ആഗ്രഹിച്ചുപോയി.

പിന്നീട് തോന്നി അതുപോലൊരു നല്ല വിഗ്രഹം ഉണ്ടാക്കിക്കണം. അവിടെ ഇത് ഉണ്ടാക്കുന്ന ശില്‍പ്പികള്‍ ധാരാളം കാണും. അതുകൊണ്ടുതന്നെ അധികം പണച്ചിലവില്ലാതെ കാര്യം നടക്കുമായിരിക്കും. അതിന്റെ അന്വേഷണത്തിലായിരുന്നു പിന്നെ കുറേനാള്‍.

ഒരിക്കല്‍ ജോധ്‌പൂര്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയപ്പോള്‍ അതിനകത്ത് ഒരു കടയില്‍ നിറയെ ഇത്തരം ദേവ പ്രതിമകള്‍. വിലയും വലിയ കുഴപ്പമില്ല. പക്ഷെ ഒന്നും മനസ്സിന് അത്ര പിടിച്ചില്ല. സരസ്വതിയുടെ ഒരു വിഗ്രഹമാണ് കൂടുതല്‍ നന്നായിത്തോന്നിയത്. പക്ഷെ സരസ്വതിയുടെ വീണ കാണാന്‍ ഭംഗിയില്ല. ലക്ഷ്മിയുടെ വിഗ്രഹം ഇല്ലേ എന്ന് ചോദിച്ചപ്പോള്‍, കടക്കാരന്റെ കമന്റ് ഇങ്ങനെ.

”സരസ്വതിയെ കൂട്ടുപിടിച്ചോ ലക്ഷ്മി പുറകെ വന്നോളും.“

ഒറ്റയടിക്ക് അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. മനസ്സിലായപ്പോള്‍ വളരെ നന്നായിത്തോന്നുകയും ചെയ്തു. അയാളുടെ ഗോഡൌണില്‍ ഒരു ലക്ഷ്മിയുടെ ബിംബം ഉണ്ടെന്ന് പറഞ്ഞു. എങ്കില്‍പ്പിന്നെ അത് കണ്ടിട്ടാ‍കാം ബാക്കിയെന്ന് കരുതി നേരേ ഗോഡൌണിലേക്ക് വിട്ടു.

അവിടെച്ചെന്നപ്പൊള്‍ കണ്ട കാഴ്ച്ച അതിമനോഹരം. അഞ്ചരയടി പൊക്കത്തില്‍ മുകളിലെ ചിത്രത്തില്‍ കാണുന്ന മാതൃകയില്‍ ഒരു ലക്ഷീബിംബം മുറി നിറഞ്ഞുനില്‍ക്കുന്നു. വസ്ത്രത്തിന്റേയും, ആഭരണങ്ങളുടേയും വളരെ ചെറിയ സംഗതികള്‍ വരെ മനോഹരമായി ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്നു. വില അരലക്ഷം രൂപാ മാത്രം !

അത്രയും വലിയ വിഗ്രഹം എനിക്ക് ആവശ്യമില്ല. അത്രയും പണവും എന്റെ കയ്യിലില്ല. എന്തായാലും അത് നോക്കി കുറേ നേരം നിന്നു. അതിന്റെ ചെറിയ ഒരു മാതൃക ഉണ്ടാക്കിത്തരാന്‍ പറ്റുമോന്ന് ചോദിക്കേണ്ട താമസം കടക്കാരന്‍ റെഡി.

3 മാസത്തിനകം അതുണ്ടാക്കി അയാളെന്റെ വീട്ടിലേക്ക് അയച്ചുതന്നു,...ഓസിയാനിലെ ക്ഷേത്രത്തിലെ നശിപ്പിക്കപ്പെട്ട ദേവന്മാരുടേയും ദേവിമാരുടേയും വിഗ്രഹങ്ങളുടെ ഓര്‍മ്മയ്ക്കായി.

15 comments:

ശ്രീ 9 June 2008 at 12:32  

നല്ല കാര്യം തന്നെ, നിരക്ഷരന്‍ ചേട്ടാ.

ബൈജു (Baiju) 9 June 2008 at 13:32  

നമ്മുടെ പൂര്‍വ്വീകസ്വത്തുക്കളൊക്കേയും ഭഗ്നാവശിഷ്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.അതില്‍ അതിശയമില്ലാ..

"ഉടഞ്ഞുപോയതാണെങ്കിലും അതിലൊരു ബിംബം കിട്ടിയാല്‍ പൊന്നുപോലെ സ്വീകരണമുറിയില്‍ വെക്കാമായിരുന്നു"- ഒരു കലാസ്നേഹിയുടെ ചിന്ത ഈ വാക്കുകളിലൂടെ വെളിപ്പെടുന്നു.

സരസ്വതിയുണ്ടെന്‍കില്‍ ലക്ഷ്മി പിന്നാലെ വന്നോളും-വില്പനക്കാരന്‍ കൊള്ളാം.

ഈ നല്ല പോസ്റ്റിനു നന്ദി.........വീണ്ടും വരാം :)

-ബൈജു

ഹരിത് 9 June 2008 at 16:17  

ഭാഗ്യവാന്‍ ചുളുവില്‍ ഒരു നല്ല പ്രതിമ കിട്ടിയില്ലേ....!!! എനിയ്ക്കു അസൂയയേ ഇല്ല കേട്ടോ.
:)

Manikandan 9 June 2008 at 17:57  

പല പുരാതന ക്ഷേത്രങ്ങളില്‍‌ പോവുമ്പോഴും അവിടത്തെ ശില്പങ്ങളും ചുവര്‍‌ചിത്രങ്ങളും നശിപ്പിക്കപ്പെട്ടതുകാണുന്നത്‌ ശരിക്കും സങ്കടകരം തന്നെയാണ്‌. എത്രയോആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാവും ഓരോ ശില്പവും. മാത്രമല്ല അവ‌ഓരോന്നും ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നവയാവും. അതുകൊണ്ട്‌ അതില്‍ ഒന്നെങ്കിലും സംരക്ഷിക്കാന്‍‌ സാധിക്കുക എന്നതുതന്നെ തീര്‍‌ച്ചയായും വലിയകാര്യം തന്നെയാണ്.

sindu 10 June 2008 at 06:05  

really beautiful.i have taken a print out of this idol.superb!u r lucky to get it.

ശ്രീവല്ലഭന്‍. 10 June 2008 at 19:44  

വളരെ നല്ല ഒരു ശില്‍പം :-)

krish | കൃഷ് 11 June 2008 at 05:15  

സന്തോഷാ‍യി.

ശ്രീരാജ്‌ കെ. മേലൂര്‍ 11 June 2008 at 11:42  

bhamgiyaayi
nashta soubhaagyangaleyum samskruthiyeyum kurichchulla aasanka varikalil ninnu vaayikkaam

confused 11 June 2008 at 19:16  

ലക്ഷ്മിക്കുട്ട്യേമ നന്നായിരിക്കുന്നു!

Anonymous 12 June 2008 at 10:22  

നല്ല പോസ്റ്റ്, നിരക്ഷരന്‍...
കലയെ സ്നേഹിക്കുന്ന ഒരു ഹൃദയമുന്ടെന്നു മനസ്സിലാക്കുന്നു.

മുസാഫിര്‍ 12 June 2008 at 13:00  

നല്ല പ്രതിമ , എന്റെ ഒരു നടക്കാത്ത സ്വപ്നം.

ഗീത 13 June 2008 at 16:15  

ശരിയാണ് നീരു പറഞ്ഞപോലെ, ആഭരണത്തിലേയും, വസ്ത്രത്തിലേയും ഫൈനര്‍ ആസ്പെക്റ്റ്സ് ഒക്കെ നന്നായി കൊത്തിയെടുത്തിട്ടുണ്ട്. A fine piece of art.

Typist | എഴുത്തുകാരി 14 June 2008 at 18:09  

മൂന്നു മാസത്തില്‍ തീര്‍ത്തുതന്ന ആ വിഗ്രഹത്തിന്റെ ചിത്രമാണോ പോസ്റ്റില്‍ കൊടുത്തിരിക്കുന്നതു്?

നിരക്ഷരൻ 17 June 2008 at 15:31  

ശ്രീ, ബൈജു, ഹരിത്, മണികണ്ഠന്‍, സിന്ധു, ശ്രീവല്ലഭന്‍, കൃഷേട്ടന്‍, ശ്രീരാജ് കെ.മേലൂര്‍, കണ്‍ഫ്യൂസ്ഡ്, തസ്ക്കരവീരന്‍, മുസാഫിര്‍, ഗീതേച്ചീ, എഴുത്തുകാരി...ലക്ഷ്മീ ദേവിയുടെ വിഗ്രഹം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

എഴുത്തുകാരീ - അതെ ആ വിഗ്രഹത്തിന്റെ ചിത്രമാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്.

Sharu (Ansha Muneer) 18 June 2008 at 10:34  

ഇത് ഇപ്പോഴാണ് കണ്ടത്. നല്ല പോസ്റ്റ്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP